ക്ലോക്കിലെ സമയം നോക്കി ജീവിച്ചുമടുത്തു, ഇനി ഞാന്‍ വിശ്രമിക്കട്ടേ...

• സുനിൽ ഛേത്രി പത്രസമ്മേളനത്തിനിടെ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ
• സുനിൽ ഛേത്രി പത്രസമ്മേളനത്തിനിടെ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ

കുവൈത്തിന്റെ പത്രസമ്മേളനം അവസാനിക്കാറായ സമയം. പാതിതുറന്നിട്ട വാതിലിലൂടെ മിന്നായംപോലെ ഒരു മുഖം മുന്നോട്ടുവന്നു. പക്ഷേ, രംഗപ്രവേശത്തിന് സമയമായില്ലെന്ന് ബോധ്യമായതോടെ അകത്തേക്ക് വലിഞ്ഞു. കുവൈത്ത് പരിശീലകന്‍ റൂയി ബെന്റോയും ടീമംഗം ബന്‍ഡര്‍ ബോഴ്സ്ലിയും വേദിയില്‍നിന്ന് പുറത്തേക്ക്. നേരത്തേ, മിന്നായംപോലെകണ്ട സുനില്‍ ഛേത്രി പ്രത്യക്ഷപ്പെട്ടു. വേദിയിലേക്ക് നടക്കുമ്പോള്‍ പതിവിലും വേഗം കുറവായിരുന്നു. സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ, നന്ദിയുടെ, ദുഃഖത്തിന്റെ... പലഭാവങ്ങള്‍ ആ മുഖത്ത് മിന്നിമറിഞ്ഞു. ദേശീയ ജേഴ്സിയില്‍ ഇനി ഇങ്ങനെയൊരു പത്രസമ്മേളനമുണ്ടാകില്ലെന്ന് ആലോചിച്ചുകാണും. ചോദ്യങ്ങള്‍ക്ക് അദ്ദേഹംവിശദമായി മറുപടി നല്‍കി.

*കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുകയാണ്. ഇതൊരു വൈകാരികമായ നിമിഷമാണോ?

അല്ല (ചിരിക്കുന്നു). വൈകാരികമായി ചിന്തിക്കാതിരിക്കാണ് ശ്രമം. ഇത് പ്രധാനപ്പെട്ട മത്സരമാണ്. ഇതില്‍ ജയിച്ചാല്‍ മൂന്നാംറൗണ്ട് എന്ന സാധ്യത തുറക്കും. ഇപ്പോള്‍ ആലോചന അതുമാത്രമാണ്.

*മൂന്നാം റൗണ്ടിലെത്തിയാല്‍ ഏഷ്യയിലെ വമ്പന്‍ ടീമുകള്‍ക്കെതിരേയാവും മത്സരങ്ങള്‍. നിങ്ങളുടെ അഭാവം ടീമിനെ ബാധിക്കില്ലേ?

മൂന്നാം റൗണ്ടിലേക്ക് കടക്കുക എന്നതാണ് ആദ്യലക്ഷ്യം. കടന്നാല്‍, ഏഷ്യയിലെ അഞ്ച് പ്രധാനപ്പെട്ട ടീമുകള്‍ക്കെതിരേ മത്സരമുണ്ടാകും. അതു കാണാന്‍ ആരാധകനായി ഞാനും സ്റ്റേഡിയങ്ങളിലുണ്ടാകും.

*ടീം അടുത്ത റൗണ്ടിലെത്തിയാല്‍ വിരമിക്കുന്നതിനെപ്പറ്റി പുനരാലോചനയുണ്ടാകുമോ?

ഇല്ല, തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. തോന്നുന്നകാര്യം വിളിച്ചുപറയുന്ന ആളല്ല ഞാന്‍. നന്നായി ചിന്തിച്ചാണ് ഓരോ കാര്യവും സംസാരിക്കുക. ഒരുപാട് ആലോചിച്ചശേഷമാണ് വിരമിക്കാന്‍ തീരുമാനിച്ചത്. 19 വര്‍ഷംനീണ്ട മനോഹരമായ കരിയറായിരുന്നു. ഇനി ആരാധകനായി കളി കാണും.

*നിങ്ങളെ പരിശീലകറോളില്‍ കാണാനാകുമോ?

അഞ്ചുവര്‍ഷംമുമ്പാണ് ഇഗോര്‍ സ്റ്റിമാച്ചിനെ ഞാന്‍ കാണുന്നത്. അന്ന് അദ്ദേഹം യുവസുന്ദരനായിരുന്നു. ഇപ്പോഴത്തെ അവസ്ഥ നോക്കൂ. ആകെ മാറി. അഞ്ചുകൊല്ലത്തിനിടെ 15 വയസ്സ് കൂടി. കോച്ചാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. മറ്റൊരു കാര്യം, ഞാന്‍ എന്നെക്കുറിച്ചുമാത്രം ചിന്തിക്കുന്നയാളാണ്. അങ്ങനെയൊരാള്‍ പരിശീലകനായാല്‍ എളുപ്പമായിരിക്കില്ല. ക്ലോക്കിലെ സമയംനോക്കി ജീവിച്ചുമടുത്തു, ഇനി വിശ്രമിക്കാനാണിഷ്ടം.

Content Highlights: tired of living by looking at the time on the clock now let me rest says Sunil Chhetri