ഫുട്‌ബോൾ മത്സരത്തിനിടെ മിന്നലേറ്റ് തായ് ഫുട്‌ബോളർക്ക് ദാരുണാന്ത്യം, ഞെട്ടിക്കുന്ന വീഡിയോ

ബാങ്കോക്ക്: തായ്‌ലൻഡിൽ നടന്ന പ്രാദേശിക ഫുട്‌ബോൾ മത്സരത്തിനിടെ മിന്നലാക്രമണത്തിൽ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം. 24 വയസ്സുള്ള സൊഫ്‌വാൻ അവെയ്‌യാണ് മരിച്ചത്. ഗ്രൗണ്ടിലുണ്ടായിരുന്ന 12 കളിക്കാര്ക്കും പരിക്കേറ്റു. ഗൊലോക് എഫ്എ കപ്പ് എന്ന പ്രാദേശിക ടൂർണമെന്റിനിടെയാണ് സംഭവം. സൊഫ്‌വാന്റെ ടീമായ സംകോൽറ്റ്‌സും അബു നോങ് സിറിൻ ടീമും തമ്മിലായിരുന്നു മത്സരം.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. മഴയത്ത് ഫുട്‌ബോൾ കളിക്കുന്നതും പെട്ടെന്ന് മൈതാനത്തേക്ക് മിന്നൽ വരുന്നതും വീഡിയോയിൽ കാണം. തുടർന്ന് ഒരു ചെറിയ സ്‌ഫോടനം പോലെയുണ്ടാകുകയും നിലത്ത് വീണുകിടന്ന സൊഫ്‌വാന് അടുത്തേക്ക് കളിക്കാർ ഓടിയെത്തുന്നതും വീഡിയോയിലുണ്ട്. വിങ്ങർ പൊസിഷനിൽ കളിക്കുന്ന സൊഫ്‌വാനെ മെഡിക്കൽ ടീം രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ഇത് വേദനാജനകമാണെന്നും ഇത്തരം കാലാവസ്ഥയിൽ ഫുട്‌ബോൾ സംഘടിപ്പിച്ചതിൽ അധികൃതർ മറുപടി നൽകണമെന്നും ചിലർ കുറിച്ചു. ഇത്തരം മത്സരങ്ങളിൽ കൂടുതൽ മുൻകരുതലുകളെടുക്കണമെന്നും കമന്റുകളുണ്ട്. തായ്ലൻഡ് ഫുട്‌ബോൾ അസോസിയേഷനും അനുശോചനം അറിയിച്ചു. 'ഈ ദുഃഖം മറികടക്കാൻ കുടുംബത്തിനും ബന്ധുക്കൾക്കും സാധിക്കട്ടെ' എന്ന് അസോസിയേഷൻ വ്യക്തമാക്കി.
തായ്‌ലൻഡിൽ മിന്നലേറ്റ് മരിക്കുന്ന സംഭവങ്ങൾ സാധാരണമാണ്. ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ കണക്ക് അനുസരിച്ച് 2020നും 2024നും ഇടയിൽ രാജ്യത്താകെ 283 പേരാണ് ഇത്തരത്തിൽ മിന്നലേറ്റ് മരിച്ചത്. പലരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Content Highlights: 24-year-old winger Sofwan Awae died after a lightning strike during the Golok FA Cup., The incident occurred during a match between SAMCOLTS and Abu x Nong Sirin in southern Thailand., Twelve other players sustained injuries during the freak weather event., The incident has sparked public debate regarding safety protocols for matches played in stormy weather., Thailand's Department of Disease Control reports over 283 lightning strike victims between 2020-2024.