‘മകനേ, വളർത്തിയ നാടിനോട് കടമവീട്ടുക’; ഗോളടിച്ചിട്ടും യാസിൻ എന്തുകൊണ്ട് ആഘോഷിച്ചില്ല? ആ കഥ ഇങ്ങനെ...

മെക്സിക്കോ സിറ്റി: സ്വീഡിഷ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ എഴുതിവയ്‌ക്കേണ്ട നിമിഷത്തിനായിരുന്നു മെക്‌സിക്കോയിലെ മോണ്ടെറേ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ സ്വീഡൻ 5-1നാണ് ടുണീഷ്യയെ തകർത്തത്. ഈ ലോകകപ്പിൽ ജർമനി കുറാസോയോട് 7-1ന് ജയിച്ചതു കഴിഞ്ഞാൽ ഏറ്റവും വലിയ ജയം. ഇതോടെ നെതർലൻഡ്സ്, ജപ്പാൻ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ സ്വീഡൻ ഒന്നാമതെത്തി.
22-കാരനായ സ്വീഡിഷ് മിഡ്ഫീൽഡർ യാസിൻ അയാരിയുടെ ഇരട്ട ഗോൾ ബലത്തിലാണ് സ്വീഡന്റെ ജയം. കരിയറിലെ ആദ്യ ലോകകപ്പിനെത്തിയ അയാരി, ബോക്‌സിന് പുറത്തുനിന്ന് രണ്ട് ലോങ് റേഞ്ച് ഗോളുകൾ നേടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ലോകകപ്പിലെ തന്റെ കന്നി ഗോൾ നേടിയിട്ടും യാസിൻ അയാരി അത് ആഘോഷിച്ചതേയില്ല. ഹൃദയത്തെ സ്പർശിക്കുന്ന ഒരു കുടുംബകഥയുടേയും നന്ദിയുടേയും അടയാളപ്പെടുത്തലുണ്ട് ആ ആഘോഷരാഹിത്യത്തിനു പിന്നിൽ.
യാസിന്റെ പിതാവ് അസൂസ് അയാരി ജനിച്ചതും വളർന്നതും ടുണീഷ്യയിലായിരുന്നു. അതുകൊണ്ടുതന്നെ ടുണീഷ്യൻ ദേശീയ ടീമിനായി കളിക്കാനുള്ള എല്ലാ യോഗ്യതയും യാസിനുണ്ടായിരുന്നു. 2021-ൽ ടുണീഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി ക്ഷണിച്ചപ്പോൾ ആഫ്രിക്കൻ രാജ്യത്തിനായി ബൂട്ടുകെട്ടാൻ യാസിൻ മാനസികമായി തയ്യാറെടുത്തിരുന്നതുമാണ്. എന്നാൽ അവിടെയാണ് ആ പിതാവിന്റെ ദീർഘവീക്ഷണവും നന്ദിയും വഴിത്തിരിവായത്. തങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും മകന്റെ കരിയർ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്ത സ്വീഡൻ എന്ന രാജ്യത്തോട് തിരികെ കടമ വീട്ടേണ്ടത് മകന്റെ ഉത്തരവാദിത്വമാണെന്ന് അസൂസ് വിശ്വസിച്ചു. പിതാവിന്റെ വാക്കുകൾ ഉൾക്കൊണ്ട്, തന്നെ വളർത്തിയ നാടിനായി കളിക്കാൻ യാസിൻ തീരുമാനിക്കുകയായിരുന്നു.
ടുണീഷ്യയുമായുള്ള ആ ബന്ധമാണ് യാസിനെ ഗോളാഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത്. സഹതാരങ്ങൾ ഓടിയെത്തി കെട്ടിപ്പിടിച്ചപ്പോഴും, പിതാവിന്റെ ജന്മനാടിനോടുള്ള ആദരസൂചകമായി കൈകൾ ഉയർത്തിപ്പിടിച്ച് അയാൾ ശാന്തനായി നിന്നു. ഒരു മുൻ ക്ലബിനെതിരേ ഗോൾ നേടുമ്പോൾ കളിക്കാർ കാണിക്കുന്ന അതേ ബഹുമാനം യാസിൻ അന്താരാഷ്ട്ര വേദിയിൽ കാത്തുസൂക്ഷിച്ചു. എങ്കിലും രണ്ടാം പകുതിയിൽ സമാനമായ മറ്റൊരു തകർപ്പൻ ഗോളിലൂടെ സ്വീഡന്റെ വിജയം ഉറപ്പിച്ചശേഷം അവൻ തന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
സ്വീഡനിലെ സ്റ്റോക്ക്ഹോം പ്രവിശ്യയിലുള്ള സോൽനയിലാണ് യാസിൻ ജനിച്ചതും വളർന്നതും. പിതാവ് അസൂസ് അയാരി ടുണീഷ്യൻ സ്വദേശിയും അമ്മ മൊറോക്കോക്കാരിയുമാണ്. അതുകൊണ്ടുതന്നെ സ്വീഡൻ, ടുണീഷ്യ, മൊറോക്കോ എന്നീ മൂന്ന് രാജ്യങ്ങളെ പ്രതിനിധീകരിക്കാനും അന്താരാഷ്ട്ര തലത്തിൽ യാസിന് യോഗ്യതയുണ്ടായിരുന്നു. ഒടുവിൽ മാതാപിതാക്കൾക്ക് അഭയം നൽകിയ സ്വീഡൻ എന്ന രാജ്യം തിരഞ്ഞെടുത്തു. ഫുട്‌ബോൾ പാരമ്പര്യമുള്ള കുടുംബത്തിൽനിന്ന് വരുന്ന യാസിന്റെ സഹോദരൻ താഹാ അയാരിയും പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനാണ്.
സ്വീഡന്റെ അണ്ടർ-19, അണ്ടർ-21 തുടങ്ങിയ ജൂനിയർ ദേശീയ ടീമുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു യാസിന്. പ്രായത്തിനപ്പുറമുള്ള കളി പക്വത കാണിച്ച അദ്ദേഹം 2023-ലാണ് സ്വീഡന്റെ സീനിയർ ദേശീയ ടീമിനായി തന്റെ ആദ്യ മത്സരം കളിക്കുന്നത്. 2026-ൽ പ്രശസ്ത പരിശീലകൻ ഗ്രഹാം പോട്ടർ സ്വീഡിഷ് ടീമിന്റെ ചുമതലയേറ്റെടുത്തതോടെ, ഇസാക്ക്, ഗ്യോക്കറെസ് തുടങ്ങിയ ലോകോത്തര ഫോർവേഡുകൾക്ക് പന്തെത്തിച്ചു നൽകാനുള്ള പ്രധാന ചുമതല അയാരിയുടെ മധ്യനിരയിലെ സാന്നിധ്യത്തിന് കോച്ച് നൽകി.
Content Highlights: Sweden defeated Tunisia 5-1 in their 2026 World Cup Group F opening match., Yasin Ayari scored two goals but refused to celebrate out of respect for his Tunisian heritage.