യുവന്റസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്ത വ്യാജം, ടോട്ടനത്തില്‍ തന്നെ തുടരും: കോണ്ടെ

ലണ്ടന്‍: ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്ത നിഷേധിച്ച് ടോട്ടനത്തിന്റെ പരിശീലകന്‍ ആന്റോണിയോ കോണ്ടെ. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന്റെ പരിശീലകന്‍ മാസ്സിമിലിയാനോ അല്ലെഗ്രിയെ ഉടന്‍ പുറത്താക്കുമെന്നും പകരക്കാരനായി കോണ്ടെയെ പരിഗണിക്കുമെന്നുമുള്ള വാര്‍ത്തകള്‍ ഈയിടെ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിശദീകരണവുമായി കോണ്ടെ രംഗത്തെത്തിയത്. ' തെറ്റായ വാര്‍ത്തയാണത്. ടോട്ടനത്തിന്റെ പരിശീലകനായ എനിക്കും യുവന്റസ് പരിശീലകനായ അല്ലെഗ്രിയ്ക്കും ഈ വാര്‍ത്ത വേദനയുണ്ടാക്കുന്നു. ഞാന്‍ ടോട്ടനത്തില്‍ തന്നെ തുടരും. ഇവിടെ ഞാന്‍ സന്തോഷവാനാണ്' - കോണ്ടെ വ്യക്തമാക്കി.
യുവന്റസിന്റെ മുന്‍ പരിശീലകനാണ് കോണ്ടെ. 2011 മുതല്‍ 2014 വരെ കോണ്ടെ യുവന്റസിന്റെ മാനേജരായി. കഴിഞ്ഞ നവംബറിലാണ് കോണ്ടെ ടോട്ടനത്തിന്റെ പരിശീലകനായി സ്ഥാനമേറ്റത്. പുതിയ സീസണില്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ പരിശീലകന് സാധിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തില്‍ കരുത്തരായ ആഴ്‌സനലാണ് ടോട്ടനത്തിന്റെ എതിരാളി. ശനിയാഴ്ചയാണ് മത്സരം. ആഴ്‌സനലിനെ കീഴടക്കിയാല്‍ ടോട്ടനത്തിന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താം. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടോട്ടനം ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല.
Content Highlights: antonio conte, conte tottenham, epl, tottenham, juventus, spurs, sports news, sports, football