പന്തിന് ‘കാവൽ’ പഴങ്കഥ; യൂറോ പരിവേഷത്തിൽ റയലില്ലാതെ സ്‌പെയിൻ എത്തുന്നു

ശാന്തമായി ഒഴുകുന്ന നദിപോലെയായിരുന്നു ഒന്നരപ്പതിറ്റാണ്ട് മുമ്പുവരെ സ്പാനിഷ് ഫുട്‌ബോൾ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പുൽമൈതാനത്തെ പുൽകി താൻ ഒഴുകി നീങ്ങുന്നത് പലപ്പോഴും ആ പന്ത് പോലും അറിയാറില്ല. സിംഫണി സംഗീതം പോലെ അത് മൈതാനത്തങ്ങനെ ഒഴുകി നടക്കും. മൈതാനത്ത് സൃഷ്ടിക്കപ്പെടുന്ന ഒരു മാജിക്കാണത്. എതിരാളികളുടെ കാലിൽ പന്തുകൊടുക്കാത്ത പൊസഷൻ ഫുട്‌ബോളും കുറിയ പാസുകളുമുള്ള ടിക്കി ടാക്കയെന്ന ഫുട്‌ബോൾ രസതന്ത്രമാണ് എക്കാലവും അവരെ നയിച്ചിരുന്നത്. 2008-ലെ യൂറോ കപ്പും 2010-ലെ ലോകകപ്പും 2012-ലെ യൂറോ കപ്പുമെല്ലാം സ്പാനിഷ് സംഘം തങ്ങളുടെ ഷെൽഫിലെത്തിച്ചത് ഇങ്ങനെയായിരുന്നു. ബാഴ്‌സലോണയും റയൽ മാഡ്രിഡുമായിരുന്നു അന്നെല്ലാം സ്‌പെയിൻ ടീമിന്റെ എഞ്ചിനായി പ്രവർത്തിച്ചിരുന്നത്. കാർലോസ് പ്യുയോൾ, സാവി ഹെർണാണ്ടസ്, ആന്ദ്രേസ് ഇനിയെസ്റ്റ, ജെറാർഡ് പിക്വെ, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ഡേവിഡ് വിയ്യ, പെഡ്രോ, ജോർഡി ആൽബ, ഐകർ കസിയസ്, സെർജിയോ റാമോസ്, റൗൾ ആൽബിയോൾ, സാബി അലോൺസോ എന്നിങ്ങനെ പോകുന്നു സ്‌പെയിനിന്റെ ഹൃദയമായിരുന്ന ബാഴ്‌സലോണ, റയൽ താരങ്ങളുടെ പട്ടിക. എന്നാൽ എതിരാളികൾ ടിക്കി ടാക്കയ്ക്കുള്ള മറുമരുന്ന് കണ്ടു പിടിച്ചതോടെ അവർക്ക് അടിതെറ്റി. 2014-ൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായ ടീം 2018-ലും 2022-ലും ക്വാർട്ടറിൽ വീണു. കാലം മാറിയിട്ടും ടിക്കി ടാക്കയെന്ന ഫുട്‌ബോൾ ഫിലോസഫി മുറുകെ പിടിച്ചതിന് അവർക്ക് കിട്ടിയ തിരിച്ചടി.

പാസിങ് ഗെയിമിന്റെ പേരിൽ പഴിയേറെ കേട്ട ടീമാണ് സ്‌പെയിൻ. എതിരാളികൾക്ക് പന്തുനൽകാതെ കുറിയ പാസുകളിലൂടെ മുന്നേറുന്ന അവരുടെ ടിക്കി ടാക്ക ശൈലിക്കെതിരേ ആരാധകരടക്കം രംഗത്തെത്തി. എന്നാൽ വിൻസെന്റ് ഡെൽബോസ്‌കും ജുലെൻ ലോപ്‌റ്റെഗുയിയും ലൂയിസ് എന്റിക്വെയുമെല്ലാം കളിപഠിപ്പിച്ച സ്പെയിനിന്റെ കടിഞ്ഞാൺ ലൂയിസ് ഡെലാ ഫുഎൻഡെയിലേക്കെത്തിയപ്പോൾ ടീം അടിമുടി മാറി. 2024-ലെ യൂറോ കപ്പ് നേടിയാണ് ഡെലാ ഫുഎൻഡെയുടെ ടീം തങ്ങളുടെ കരുത്തുകാട്ടിയത്. യൂറോ കപ്പ് ജയിച്ച സ്പാനിഷ് സംഘത്തിലെ മിക്ക താരങ്ങളും ഡെലാ ഫുഎൻഡെയുടെ ഇത്തവണത്തെ ലോകകപ്പ് ടീമിലുണ്ട്. ഗോൾകീപ്പർ ഉനായ് സിമോൺ, ഐമെറിക് ലപോർട്ടെ, മാർക്ക് കുക്കുറെയ്യ, റോഡ്രി, ഫാബിയാൻ റൂയിസ്, ലമിൻ യമാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ്, ഡേവിഡ് റായ, അലെഹാൻഡ്രോ ഗ്രിമാൾഡോ, മാർട്ടിൻ സുബിമെൻഡി, അലക്സ് ബയേന, മിക്കെൽ മെറീനോ, മൈക്കൽ ഒയാർസബാൽ, ഫെറാൻ ടോറസ് എന്നിവരെല്ലാം ആ പട്ടികയിലുണ്ട്. ഇതിൽ പലരും സ്‌പെയിനിന്റെ യൂത്ത് ടീം കോച്ചായിരുന്ന കാലത്തു തന്നെ ഡെലാ ഫുഎൻഡെയുടെ കീഴിൽ കളിച്ചവരാണ്.

Content Highlights: Shift from possession-only Tiki-Taka to a more direct, goal-oriented tactical approach., Luis de la Fuente's squad selection emphasizes speed and efficiency over pure ball retention., First time in 92 years that no Real Madrid players are included in the World Cup squad., Strong reliance on young talents like Lamine Yamal and Nico Williams for offensive breakthroughs., Spain enters the 2026 World Cup as favorites following their successful Euro 2024 campaign.

Continue reading