റയലിൽനിന്ന് ഒരാൾ പോലുമില്ല, 8 ബാഴ്‌സ താരങ്ങൾ; സ്‌പെയിന്റെ ലോകകപ്പ് ടീം റെഡി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/SpainIsFootball/
Photo: x.com/SpainIsFootball/

മാഡ്രിഡ്: 2026 ഫിഫ ലോകകപ്പിനുള്ള സ്പെയിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ താരങ്ങളെ പൂർണമായും ഒഴിവാക്കിയാണ് പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യുവന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ബാഴ്‌സലോണയുടെ എട്ട് താരങ്ങൾ ടീമിൽ ഇടംനേടിയിട്ടുണ്ട്. ആഴ്‌സണൽ, അത്ലറ്റിക് ക്ലബ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവയിൽനിന്ന് മൂന്നു വീതം താരങ്ങളും ടീമിലുണ്ട്. ടീമിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റയൽ മാഡ്രിഡിൽനിന്നുള്ള ഒരു താരം പോലും ലോകകപ്പ് ടീമിൽ ഇടംനേടാതിരിക്കുന്നത്.

ടീമിലുണ്ടാകുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ഡീൻ ഹൂയിസെൻ, അൽവാരോ കരേരസ്, ഫ്രാൻ ഗാർഷ്യ എന്നിവരെ ഒഴിവാക്കിയത് വലിയ ചർച്ചയായിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡാനി കർവാഹലിന് കഴിഞ്ഞ കുറച്ച് സീസണുകളിലായി നേരിട്ട പരിക്കുകൾ തിരിച്ചടിയായി. പ്രതിരോധ നിരയിലെ വിടവ് നികത്താൻ ഇവർക്ക് കഴിയുമെന്ന് കരുതിയിരുന്നെങ്കിലും പരിശീലകൻ മാറി ചിന്തിക്കുകയായിരുന്നു.

പതിവുപോലെ സ്പാനിഷ് ടീമിൽ ഇത്തവണയും ബാഴ്‌സലോണ താരങ്ങൾക്കാണ് വലിയ പ്രാധാന്യം നൽകിയിരിക്കുന്നത്. ലമിൻ യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, ജോവാൻ ഗാർഷ്യ എന്നീ ഏഴ് ബാഴ്‌സ താരങ്ങൾ ടീമിൽ ഇടംപിടിച്ചു.

2024-ൽ യൂറോ കപ്പ് നേടിയ ടീമിനെ നയിച്ച മുൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്ക് ഇത്തവണ ടീമിൽ ഇടംലഭിച്ചില്ല. കാൽവിരലിന് പൊട്ടലേറ്റ ബാഴ്‌സ മിഡ്ഫീൽഡർ ഫെർമിൻ ലോപ്പസിന് പരിക്ക് തിരിച്ചടിയാകുകയായിരുന്നു. യമാലും പരിക്കിന്റെ പിടിയിലാണ്. അതിനാൽ കേപ് വെർദെയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ താരം കളിച്ചേക്കില്ല.

ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സൗദി അറേബ്യ, യുറഗ്വായ് എന്നിവർക്കൊപ്പമാണ് സ്‌പെയിനിന്റെ സ്ഥാനം. ജൂൺ 14-ന് കേപ് വെർദെയ്ക്കെതിരെയാണ് സ്‌പെയിന്റെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ഇറാഖ്, പെറു എന്നീ ടീമുകളുമായി സ്‌പെയിൻ സന്നാഹ മത്സരങ്ങൾ കളിക്കും.

സ്‌പെയിൻ ടീം:

ഗോൾകീപ്പർമാർ: ഉനായ് സിമോൺ, ഡേവിഡ് റായ, യൊവാൻ ഗാർസ്യ.

പ്രതിരോധം: മാർക്ക് കുക്കുറെയ്യ, അലക്‌സാൻഡ്രോ ഗ്രിമാൾഡോ, പാവു കുബാർസി, ഐമെറിക് ലാപോർട്ടെ, മാർക്ക് പുബിൽ, എറിക് ഗാർസ്യ, മാർക്കോസ് ലോറെന്റെ, പെഡ്രോ പോറോ.

മധ്യനിര: പെഡ്രി, ഫാബിയാൻ റൂയിസ്, മാർട്ടിൻ സുബിമെൻഡി, ഗാവി, റോഡ്രിഗോ, അലക്‌സ് ബയേന, മിക്കെൽ മെറീനോ.

മുന്നേറ്റനിര: മൈക്കൽ ഒയാർസബാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാൻ ടോറസ്, ബോർഹ ഇഗ്ലേഷ്യസ്, വിക്ടർ മുനോസ്, ലമിൻ യമാൽ.

Content Highlights: Spain's 26-man squad announced for the 2026 World Cup., Historic exclusion: Zero Real Madrid players selected for the first time in 92 years., Barcelona dominates with 8 players in the squad., Spain grouped with Cape Verde, Saudi Arabia, and Uruguay., First match against Cape Verde scheduled for June 14.