അർജന്റീന വിറച്ചുപോയ ഗോൾ; ലോകകപ്പിലെ മികച്ച ഗോളുകളിലൊന്നുമായി സിഡ്‌നി ലോപ്പസ് കബ്രാൾ | Video

#ലോകകപ്പ് ഡെസ്‌ക്
Photo: Getty Images
Photo: Getty Images

മയാമി: അങ്ങനെ വെറുതെ പോകാൻ വന്നവരല്ലെന്ന് തെളിയിച്ച ശേഷമാണ് ഫുട്‌ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി കേപ് വെർദെയുടെ പന്തുകളിക്കാർ ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനിനെ അവർ വിറപ്പിച്ചപ്പോൾ പലരും സ്പാനിഷ് ടീമിന്റെ കളിയെ കുറ്റപ്പെടുത്തുകയായിരുന്നു. എന്നാൽ പിന്നീട് വന്ന മത്സരങ്ങളിൽ കേപ് വെർദെ തങ്ങളുടെ കരുത്ത് എന്താണെന്ന് ഫുട്‌ബോൾ ലോകത്തിന് കാട്ടിക്കൊടുത്തു. മയാമി ഗാർഡൻസിൽ 120 മിനിറ്റും നിലവിലെ ചാമ്പ്യൻമാരായ മെസ്സിപ്പടയെ വിറപ്പിക്കുകയായിരുന്നു കേപ് വെർദെ. വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ ദ്വീപ് രാഷ്ട്രം ഫുട്‌ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി കഴിഞ്ഞു.

മത്സരത്തിൽ 29-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ലീഡെടുത്ത അർജന്റീനയ്‌ക്കെതിരേ 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയുടെ ഗോളിൽ കേപ് വെർദെ സമനില പിടിച്ചിരുന്നു. എന്നാൽ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 92-ാം മിനിറ്റിൽ ലിസാൺഡ്രോ മാർട്ടിനെസ് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ഈ ഗോളിനുള്ള കേപ് വെർദെയുടെ മറുപടി ഒരു ലോകോത്തര ഗോളോടുകൂടിയായിരുന്നു.

103-ാം മിനിറ്റിലെ സിഡ്‌നി ലോപ്പസ് കബ്രാളിന്റെ ഗോൾ കണ്ടവരെല്ലാം തലയിൽ കൈവെച്ചുപോകുകയായിരുന്നു. ഇടതുവിങ്ങിലൂടെ മുന്നേറിയ കബ്രാൾ ബോക്‌സിന്റെ മൂലയിൽ നിന്ന് തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ വലതുളച്ചു. കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനെസിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ കയറി. ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഗോൾ നേടിയ ശേഷം കബ്രാൾ നേരേ ഓടിയത് ഗാലറിക്കടുത്തേക്കായിരുന്നു. അവിടെ തന്റെ കുടുംബത്തെ കെട്ടിപ്പിടിച്ചാണ് താരം ഗോൾ നേട്ടം ആഘോഷിച്ചത്.

കൃത്യമായി പൊസിഷനിങ് ചെയ്ത് അളന്നുമുറിച്ച് കബ്രാൾ തൊടുത്ത ഷോട്ട് അർജന്റീനിയൻ വലയിലേക്ക് അങ്ങ് കയറിപ്പോയി. അർജന്റീനയുടെ വിജയത്തിനിടയിലും കബ്രാളിന്റെ ഈ പ്രകടനം ആഗോള ഫുട്‌ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മത്സരം തോറ്റെങ്കിലും കബ്രാളിന്റെ മാന്ത്രിക ഗോൾ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഈ പ്രകടനത്തോടെ ലോകകപ്പിന് ശേഷം കബ്രാളിനെ സ്വന്തമാക്കാൻ നിരവധി വൻകിട ക്ലബ്ബുകൾ രംഗത്തെത്തുമെന്ന് ഉറപ്പാണ്.

2002-ൽ നെതർലൻഡ്‌സിലെ റോട്ടർഡാമിൽ ജനിച്ച സിഡ്‌നി ലോപ്പസ് കബ്രാളിന്റെ ഫുട്‌ബോൾ ജീവിതമാരംഭിക്കുന്നത് നെതർലാൻഡിലെ എഫ്സി ട്വന്റെ അക്കാദമിയിലൂടെയാണ്. തുടർന്ന് സ്വീഡിഷ് ക്ലബ്ബായ ഹെൽസിങ്‌ബോർഗിലും ജർമനിയിലെ റോട്ട്-വെയ്സ് എർഫർട്ടിലും താരം കളിച്ചു. ജർമൻ ക്ലബ്ബായ വിക്ടോറിയ കോൾണിനായി 46 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്. താരത്തിന്റെ മികച്ച പ്രകടനം കണ്ട് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക കബ്രാളിനെ ടീമിലെടുത്തു. ഈ ലോകകപ്പിന് തൊട്ടുമുമ്പാണ് 10 മില്യൺ യൂറോയ്ക്ക് തുർക്കി ക്ലബ്ബായ ട്രാബ്‌സൺസ്‌പോർ താരത്തെ സ്വന്തമാക്കുന്നത്.

Content Highlights: Cape Verde pushed defending champions Argentina to the limit in a 120-minute thriller., Sidney Lopes Cabral scored a world-class long-range goal in the 103rd minute., The goal bypassed goalkeeper Emiliano Martinez, marking it as one of the tournament's best., Cape Verde demonstrated elite footballing capability despite being a small island nation.