ഇനി ഒരിക്കലും അങ്ങനെ ലോകകപ്പ് മൈതാനത്ത് കാലുകുത്തില്ല; വിവാദ സംഭവത്തില്‍ പ്രതികരണവുമായി സാള്‍ട്ട് ബേ

Photo: twitter.com
Photo: twitter.com

ലണ്ടന്‍: ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ക്ക് സുപരിചിതനാണ് തുര്‍ക്കി ഷെഫ് സാള്‍ട്ട് ബേ എന്നറിയപ്പെടുന്ന നുസ്രെത് ഗോക്ചെ. ഖത്തല്‍ ലോകകപ്പില്‍ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിനു ശേഷം അര്‍ജന്റീനിയന്‍ കളിക്കാര്‍ക്കൊപ്പം മൈതാനത്തിറങ്ങുകയും ലോകകപ്പ് ട്രോഫി കൈയിലെടുക്കുകയും ചെയ്ത സാള്‍ട്ട് ബേയുടെ പ്രവൃത്തി വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏറെ വിവാദമായ അന്നത്തെ സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സാള്‍ട്ട് ബേ.

ഇനി ഒരിക്കലും അത്തരത്തില്‍ ലോകകപ്പ് മൈതാനത്ത് കാലുകുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ ടോക്ക് സ്‌പോര്‍ട്ട് എന്ന മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''അര്‍ജന്റീനയോടുള്ള എന്റെ സ്‌നേഹവും അപ്പോഴുണ്ടായ ആവേശവും കാരണമാണ് അങ്ങനെ ഉണ്ടായത്. ഞാന്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്നു. അവിടെ ഞാന്‍ താമസിച്ചിട്ടുമുണ്ട്. അവരെ പിന്തുണയ്ക്കാനാണ് പോയത്. അവരുടെ ലോകകപ്പ് ടീമിലെ പലരും എന്റെ റെസ്റ്റോറന്റില്‍ വന്നിട്ടുണ്ട്. അതിനാല്‍ എനിക്ക് അവിടെ യാതൊരു അപരിചിതത്വവും തോന്നിയില്ല. അതൊരു പ്രത്യേക നിമിഷമായിരുന്നു. അവിടെ ഉണ്ടായിപ്പോയതില്‍ ഇനി എനിക്കൊന്നും ചെയ്യാനാകില്ല, പക്ഷേ ഇനിയൊരിക്കലും അത്തരത്തില്‍ ലോകകപ്പ് മൈതാനത്ത് ഞാന്‍ കാലുകുത്തില്ല.'' - ടോക്ക് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സാള്‍ട്ട് ബേ പറഞ്ഞു.

''പ്രശസ്തിക്ക് വേണ്ടിയല്ല ഞാന്‍ മൈതാനത്തിറങ്ങിയത്. അപ്പോഴെനിക്ക് അങ്ങനെ തോന്നിപ്പോയി. 1000 പേരെങ്കിലും അപ്പോള്‍ ആ മൈതാനത്ത് ഉണ്ടായിരുന്നു, പക്ഷേ അവര്‍ വീഡിയോ പുറത്തുവിട്ടപ്പോള്‍ അതില്‍ ഞാന്‍ മാത്രമാണെന്ന തരത്തിലായിരുന്നു. ഞാന്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടില്ല. ഒന്നും മോഷ്ടിച്ചിട്ടുമില്ല.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഇങ്ങനെ

ഡിസംബര്‍ 18-ന് നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന ജേതാക്കളായ ശേഷമായിരുന്നു സാള്‍ട്ട് ബേ ഉള്‍പ്പെട്ട വിവാദ സംഭവം. സമ്മാനദാന ചടങ്ങിന് ശേഷം മൈതാനത്തേക്കിറങ്ങിയ സാള്‍ട്ട് ബേ അര്‍ജന്റീന കളിക്കാര്‍ക്കും ലോകകപ്പ് ട്രോഫിക്കുമൊപ്പം ഫോട്ടോ എടുക്കുകയും ട്രോഫി കൈയിലെടുക്കുകയും ചെയ്തു. ഫിഫ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവൃത്തികള്‍. ട്രോഫിയില്‍ വിജയികള്‍ക്കും അതുപോലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കല്ലാതെ പുറമേ നിന്നവര്‍ക്ക് തൊടുവാന്‍ അനുവാദമില്ല. മാത്രമല്ല ട്രോഫിക്ക് നേര്‍ക്ക് അദ്ദേഹത്തിന്റെ പ്രത്യേക രീതിയിലുള്ള ഉപ്പ് വിതറല്‍ ആംഗ്യവും കാണിച്ചിരുന്നു. ഇത് മാത്രമല്ല മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാന്‍ സാള്‍ട്ട് ബേ ശ്രമിക്കുന്നത് മെസ്സി ഇതില്‍ അസ്വസ്ഥനാകുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതോടൊപ്പം ഒരു അര്‍ജന്റീന താരത്തിന് ലഭിച്ച ലോകകപ്പ് മെഡല്‍ കടിക്കുകയും ചെയ്തു സാള്‍ട്ട് ബേ. ഇത്തരത്തില്‍ ചില ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ബേ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ഈ സംഭവത്തിനു പിന്നാലെ കഴിഞ്ഞ യുഎസ് ഓപ്പണിലും ഇദ്ദേഹത്തെ സംഘാടകര്‍ വിലക്കിയിരുന്നു.

Content Highlights: Salt Bae breaks silence after 2022 FIFA World Cup controversy