സാഫ് അണ്ടര്‍ 17 ഫുട്‌ബോളിൽ ഇന്ത്യക്ക് കിരീടം; ജയം ഷൂട്ടൗട്ടിൽ

ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ താരങ്ങൾ | X.com/aiff
ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ താരങ്ങൾ | X.com/aiff

കൊളംബോ:സാഫ് അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ച് സമനിലയില്‍ കലാശിച്ചിരുന്നു. ഏഴാം തവണയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിടുന്നത്.

മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ദലല്‍മുവോന്‍ ഗാങ്‌തെയാണ് വലകുലുക്കിയത്. എന്നാല്‍ 25-ാം മിനിറ്റില്‍ ബംഗ്ലാദേശ് തിരിച്ചടിച്ചു. എം.ഡി. മണിക്കാണ് സ്‌കോറര്‍. മുന്നേറ്റം ശക്തമാക്കി ഇന്ത്യ ആദ്യ പകുതിക്ക് മുമ്പ് വീണ്ടും ലീഡെടുത്തു. 38-ാം മിനിറ്റില്‍ അസ്ലന്‍ ഷായാണ് വലകുലുക്കിയത്.

ആദ്യപകുതി 2-1 ന് ഇന്ത്യ മുന്നിട്ടുനിന്നു. ബംഗ്ലാദേശിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ച ഇന്ത്യന്‍ കൗമാരപ്പട ജയത്തിലേക്ക് കുതിക്കവേയാണ് ബംഗ്ലാദേശ് അപ്രതീക്ഷിതമായി തിരിച്ചടിക്കുന്നത്. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിലാണ് ബംഗ്ലാദേശ് മത്സരം സമനിലയിലാക്കുന്നത്. പിന്നാലെ ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 4-1 ന് ജയിച്ച് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.

Content Highlights: india wins saff cup