അർജന്റീനയെ തളച്ച അസിസ്റ്റ്, ഫുട്‌ബോൾ 'ലോകകപ്പി'ൽ പന്തുതട്ടിയ ആദ്യ മലയാളി

ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രം പറയുമ്പോൾ പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരുപേരുണ്ട്, എസ്. ലളിത. ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി വനിതാ ഫുട്‌ബോൾ താരമാണ് തിരുവനന്തപുരം സ്വദേശിനിയായ സരസമ്മ ലളിത. കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാന വ്യക്തിത്വം.
ഫിഫയുടെ അംഗീകാരം നേടുന്നതിന് മുൻപ് നടന്ന വനിതാ ലോക ഇൻവിറ്റേഷണൽ ഫുട്‌ബോൾ ടൂർണമെന്റിൽ മിന്നും പ്രകടനം നടത്തിയ താരമാണ് ലളിത. അർജന്റീന, ജർമനി തുടങ്ങിയ ടീമുകൾക്കെതിരെ താരം ഇന്ത്യൻ ജേഴ്‌സിയണിഞ്ഞു. തന്റെ ഫുട്‌ബോൾ ജീവിതത്തിലെ ഓർമകൾ പങ്കുവെക്കുകയാണ് ഈ മുൻ ഇന്ത്യൻ താരം.
ചട്ടക്കൂടിൽ നിന്ന് മൈതാനത്തേയ്ക്ക്, ഫുട്‌ബോളിലേയ്ക്ക് കൈപിടിച്ചുകയറ്റിയ സഹോദരൻ
1960 മെയ് 15-ന് തിരുവനന്തപുരം മുട്ടത്തറയിലെ പുതുവൻ പുത്തൻ വീട്ടിൽ കാമബാലന്റെയും സരസമ്മയുടെയും മകളായാണ് ലളിത ജനിച്ചത്. യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന ലളിതയ്ക്ക് വീടിന് പുറത്തുപോകാൻ പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു. അയൽവാസിയും ഫുട്‌ബോൾ താരവുമായ ഉഷ വലിയതുറ കടപ്പുറത്ത് പരിശീലനത്തിന് പോകുമ്പോൾ അമ്മയുടെ സമ്മതത്തോടെ പത്തുവയസ്സുകാരിയായ ലളിതയും ഒപ്പം പോകുമായിരുന്നു. അങ്ങനെയാണ് ഫുട്‌ബോളുമായുള്ള ആദ്യ പരിചയം.
പിന്നാലെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയ്ക്കാണ് ഫുട്‌ബോൾ ലോകം സാക്ഷ്യം വഹിച്ചത്. വലിയതുറ കടപ്പുറത്ത് കുട്ടികൾ കളിക്കുമ്പോൾ പുറത്തേക്ക് വരുന്ന പന്ത് തട്ടിക്കളിച്ചാണ് ലളിതയുടെ ഫുട്‌ബോൾ യാത്ര ആരംഭിച്ചത്. പിന്നീട് വലിയതുറ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് അനിയച്ചന്റെ ശ്രദ്ധയിൽപ്പെട്ട ലളിതയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം സഹോദരൻ രാജനോട് സംസാരിച്ചു. ആദ്യം മാതാപിതാക്കൾ എതിർത്തെങ്കിലും രാജന്റെ നിർബന്ധത്തെ തുടർന്ന് അവർ സമ്മതിച്ചു. സഹോദരൻ രാജനാണ് ലളിതയെ ഫുട്‌ബോൾ കുതിപ്പിന് ഊർജം പകർന്നത്. കഷ്ടപ്പാട് നിറഞ്ഞ കായിക ജീവിതത്തിൽ സ്വന്തമായി ഒരു നല്ല ബൂട്ട് കിട്ടിയത് പോലും വളരെ നാളുകൾ കഴിഞ്ഞിട്ടാണെന്ന് ലളിത ഓർക്കുന്നു.
'വിദേശ കളിക്കാരൊക്കെ അഡിഡാസിന്റേയും പ്യൂമയുടേയും ഒക്കെ നല്ല ബൂട്ടൊക്കെ ഇട്ടാണ് കളിക്കുന്നത്. നമ്മൾ പഴയ ബൂട്ടിൽ മുള്ളാണിയൊക്കെ വെച്ച് അഡ്ജസ്റ്റ് പ്രത്യേക രീതിയിലാണ് തയാറാക്കിയിരുന്നത്. സെക്രട്ടറിയേറ്റിന്റെ അടുത്ത് ചെരുപ്പ് നന്നാക്കുന്ന ആളാണ് ഇത് ശരിയാക്കി തന്നിരുന്നത്. ഒരിക്കൽ വിദേശത്ത് കളിക്കാൻ പോയ സമയത്ത് അവിടുത്തെ മലയാളി അസോസിയേഷനിൽ ഉള്ളവർ എന്നെ കാണാൻ വന്നു. എന്റെ ആവശ്യങ്ങൾ തിരക്കിയപ്പോൾ ഞാൻ വിദേശ കളിക്കാരുടെ ബൂട്ട് ചൂണ്ടിക്കാട്ടി. അന്ന് രാത്രി ഒരു സ്യൂട്ട്‌കേസിൽ ബൂട്ടും ഡ്രെസ്സും ഒക്കെയായി ഇവർ വന്നു. ഇന്നും ആ രംഗം എന്റെ മനസ്സിൽ നിന്നും മായുന്നില്ല'- ലളിത പറഞ്ഞു.
ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കം, അർജന്റീനയെ തളച്ച അസിസ്റ്റ്
1978-ൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ കളിച്ചതോടെയാണ് മത്സരഫുട്‌ബോളിലേക്കുള്ള പ്രവേശനം. 1979-ൽ കേരളത്തിനായി ദേശീയ ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ച ലളിത, പട്ട്യാലയിലെ ഇന്ത്യൻ ക്യാമ്പിലെ മികച്ച പ്രകടനത്തിലൂടെ 1980-ൽ ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. ഏഷ്യൻ കപ്പിൽ കളിച്ച ആദ്യ മലയാളി വനിതയെന്ന നേട്ടവും അന്ന് സ്വന്തമാക്കി. ഹോങ്കോങ്ങിലെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടിക്കൊടുത്തത്.
1981-ൽ ചൈനയിലെ തായ്വാനിൽ നടന്ന വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ചതോടെ ലളിത ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പ് കളിച്ച ആദ്യ മലയാളി വനിതാ ഫുട്‌ബോൾ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു. ഇന്ത്യ അർജന്റീനയ്ക്കെതിരെ കളിച്ചപ്പോൾ ടീമിലുണ്ടായിരുന്ന ഏക മലയാളി ലളിതയായിരുന്നു. ആ മത്സരത്തിൽ ലളിതയുടെ പാസിൽ നിന്നാണ് ശാന്തി മാലിക് ഇന്ത്യയുടെ ഗോൾ നേടിയത്. ജർമനിക്കെതിരെയും ഇന്ത്യൻ ടീം സമനില നേടി. അതേ വർഷം തായ്‌ലൻഡിൽ നടന്ന ഏഷ്യൻ കപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
'1991 ലാണ് ഫിഫ ഔദ്യോഗികമായി അംഗീകരിച്ച ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. അതിന് മുൻപ് ഏഷ്യ കപ്പും വുമൺ വേൾഡ് ഇൻവിറ്റേഷൻ ടൂർണമെന്റൊക്കെ നടന്നിട്ടുണ്ട്. 1981-ൽ തായ്വാനിൽ നടന്ന ടൂർണമെന്റിലാണ് അർജന്റീനയ്‌ക്കെതിരെ കളിക്കുന്നത്. ടീമിലെ ഒരേയൊരു മലയാളിയായിരുന്നു ഞാൻ. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നായിരുന്നു അർജന്റീനയ്ക്ക് എതിരെയുള്ള മത്സരം. എന്റെ അസിസ്റ്റിൽ ശാന്തി മാലിക് ഗോൾ നേടുകയായിരുന്നു. ജർമനിക്കെതിരെ സമനില നേടിയ മത്സരത്തിലും എന്റെ അസിസ്റ്റിൽ നിന്നാണ് ശാന്തി മാലിക് മനോഹരമായൊരു ഗോൾ നേടിയത്'-ലളിത പറഞ്ഞു.
കേരളത്തിനായി ഹാട്രിക്, പുരസ്‌കാര നേട്ടങ്ങൾ
രാജ്യത്തിനായി മാത്രമല്ല, കേരളത്തിനായും അനവധി നേട്ടങ്ങൾ ലളിത സ്വന്തമാക്കി. 1980-ൽ ലക്‌നൗവിൽ നടന്ന സഞ്ജയ് ഗാന്ധി ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു . 1981-ൽ ഉത്തർപ്രദേശിലെ ഗേരാപൂരിലും 1982-ൽ നാഗ്പൂരിലും നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തെ റണ്ണറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
1984-ൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കർണാടകയ്ക്കെതിരായ സെമിഫൈനലിൽ ലളിതയുടെ ഹാട്രിക്കിലൂടെയാണ് കേരളം ഫൈനലിലെത്തിയത്. ഫൈനലിൽ ബംഗാളിനെതിരെ കേരളത്തിന്റെ ഏക ഗോൾ നേടിയതും ലളിത തന്നെ. 1-1ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ കേരളം സംയുക്ത ജേതാക്കളായി. വനിതാ ഫുട്‌ബോളിൽ കേരളത്തിന്റെ ആദ്യ ദേശീയ കിരീടനേട്ടത്തിന്റെ നായികയായിരുന്നു അവർ.
'ഗോൾ നേടി സംയുക്ത ജേതാക്കളായതോടെ ടീമിനെത്തേടി അഭിനന്ദനങ്ങൾ എത്തി. ആ ഗോളിന്റെ പിൻബലത്തിൽ സംയുക്ത ജേതാക്കളായതോടെ ടീമംഗങ്ങൾക്ക് സർക്കാര് ജോലിയും ലഭിച്ചു. എനിക്ക് മുൻപ് തന്നെ ജോലിയുണ്ടായിരുന്നു'-ലളിത പറയുന്നു.
ലോകകപ്പ് കളിച്ചെത്തിയതിന് പിന്നാലെ 1982-ലാണ് ലളിതയ്ക്ക് കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിച്ചത്. 1981-82-ലെ ജി.വി. രാജ അവാർഡ് സ്വന്തമാക്കിയ ലളിത, ആ ബഹുമതി നേടുന്ന ആദ്യ വനിതാ ഫുട്‌ബോൾ താരവുമായി.
Content Highlights: S. Lalitha is the first Malayali woman to represent India in a Women's World Cup., She provided the crucial assist for Shanti Mullick's goal against Argentina in 1981., First female football player to receive the prestigious G.V. Raja Award., Instrumental in Kerala's first national championship victory in 1984., Overcame societal and financial barriers to pioneer women's football in Kerala.