വിരാട് കോലിയോ? അതാര്? ഇന്ത്യന്‍ താരത്തെ അറിയില്ലെന്ന് ഫുട്‌ബോളര്‍ റൊണാള്‍ഡോ

ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ബാറ്റുകൊണ്ട് കളിക്കളത്തില്‍ കോലി കാണിച്ച മായാജാലങ്ങള്‍ നിരവധിയാണ്. ലോകത്തെ കിടയറ്റ ബൗളര്‍മാരെല്ലാം കോലിയുടെ ബാറ്റില്‍നിന്നുള്ള ചൂടറിഞ്ഞിട്ടുണ്ട്. സന്ദര്‍ഭം ആവശ്യപ്പെടുന്ന വിധത്തില്‍ ബാറ്റ് ചെയ്യാനുള്ള കോലിയുടെ കഴിവ് അപാരം തന്നെ. ചിട്ടയായ ജീവിതക്രമവും വ്യായാമവും കൊണ്ടെല്ലാം കോലി മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്.
ക്രിസ്റ്റിയാനോ, മെസ്സി എന്നിവര്‍ കഴിഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള കായികതാരവുമാണ് കോലി. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പോലും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കണക്കില്‍ നോക്കിയാല്‍ കോലിയുടെ താഴെയേ വരൂ. അങ്ങനെയുള്ള ഒരു സൂപ്പര്‍ താരത്തെ, കായികലോകത്തെ മറ്റൊരു സൂപ്പര്‍ താരം അറിയില്ലെന്നു പറഞ്ഞാലോ?
ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ കോലിയെ അറിയില്ലെന്ന് പറഞ്ഞതുകേട്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. യൂട്യൂബര്‍ സ്പീഡുമായുള്ള സംസാരത്തിനിടെയാണ് കോലിയെ അറിയില്ലെന്ന് പറഞ്ഞത്. വിരാട് കോലിയെ അറിയുമോ എന്ന് യൂട്യൂബര്‍ ചോദിച്ചു. ആരാണെന്നായിരുന്നു റൊണാള്‍ഡോയുടെ തിരിച്ചു ചോദ്യം.
ഇന്ത്യക്കാരനായ വിരാട് കോലി എന്ന് തെളിച്ചു പറഞ്ഞിട്ടും റൊണാള്‍ഡോക്ക് ആളെ പിടികിട്ടിയില്ല. ക്രിക്കറ്റ് കളിക്കാരനാണെന്നു പറഞ്ഞുകൊടുത്തിട്ടും രക്ഷയില്ല. അദ്ദേഹം ബ്രസീലില്‍ അത്ര ജനകീയനല്ലെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. ഒടുക്കം യുട്യൂബര്‍ കോലിയുടെ ഫോട്ടോ കാണിച്ചപ്പോഴാണ് റൊണാള്‍ഡോക്ക് ആളെ മനസ്സിലായത്.
ആ സംഭാഷണം ഇങ്ങനെ:
യൂട്യൂബര്‍: താങ്കള്‍ക്ക് വിരാട് കോലിയെ അറിയുമോ?
റൊണാള്‍ഡോ: ആരാ?
യൂട്യൂബര്‍: വിരാട് കോലി, ഇന്ത്യക്കാരന്‍
റൊണാള്‍ഡോ: അറിയില്ല
യുട്യൂബര്‍: താങ്കള്‍ക്ക് വിരാട് കോലിയെ അറിയില്ല?
റൊണാള്‍ഡോ: എന്താണ് അദ്ദേഹം? കളിക്കാരന്‍?
യൂട്യൂബര്‍: അദ്ദേഹം ഒരു ക്രിക്കറ്ററാണ്
റൊണാള്‍ഡോ: അദ്ദേഹം ഇവിടെ അത്ര ജനകീയനല്ല
യൂട്യൂബര്‍: അതെയതെ. അദ്ദേഹം മികച്ചയാളാണ്. ബാബര്‍ അസമിനെപ്പോലെ. താങ്കള്‍ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലേ? (യൂട്യൂബര്‍ വിരാട് കോലിയുടെ ചിത്രം റൊണാള്‍ഡോയ്ക്ക് കാണിച്ചുകൊടുക്കുന്നു)
റൊണാള്‍ഡോ: അതെ.
2014-ല്‍ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവ സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞിരുന്നു. അതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഷറപ്പോവയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlights: ronaldo says he doesnot know virat kohli