റോഡ്രി ബാഴ്‌സയിലേക്കോ? റയലിനെ കാഴ്ചക്കാരാക്കി കാറ്റലൻ ക്ലബ്ബിന്റെ നീക്കം, എന്താകും ക്ലൈമാക്‌സ്?

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ത്തവണത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നായി മാറിയിരിക്കുകയാണ് സ്‌പെയിന്റെ മാഞ്ചെസ്റ്റർ സിറ്റി താരം റോഡ്രിയുടെ ഭാവി. ഒരു ഘട്ടത്തിൽ താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുന്നിലുണ്ടായിരുന്നത് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡായിരുന്നു. അവസാന ദിവസങ്ങളിൽ സംഭവിച്ച നാടകീയ ട്വിസ്റ്റിൽ ബാഴ്സലോണ രംഗത്തെത്തിയതോടെ ട്രാൻസ്ഫർ പോരാട്ടം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. റയലിന്റെ ശ്രമങ്ങൾ മന്ദഗതിയിലായതോടെ ബാഴ്സ നേരിട്ട് ചർച്ചകൾ ആരംഭിച്ചെന്നാണ് യൂറോപ്യൻ മാധ്യമങ്ങളും പ്രശസ്ത മാധ്യമപ്രവർത്തകൻ ഫാബ്രീസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, റോഡ്രിക്കായി ബാഴ്സലോണ വാഗ്ദാനം ചെയ്ത അഞ്ച് കോടി യൂറോ പോരെന്ന് മാഞ്ചെസ്റ്റർ സിറ്റി ബാഴ്സലോണയെ അറിയിച്ചതായാണ് ഫാബ്രീസിയോ റൊമാനോ നൽകുന്ന പുതിയ വിവരം. ഇരു ക്ലബ്ബുകളും ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഔദ്യോഗികമായ നിർദേശങ്ങളേക്കാൾ ഉപരിയായി ക്ലബ്ബ് അധികൃതർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. റോഡ്രിക്ക് ബാഴ്സലോണയിലേക്ക് പോകാനാണ് താത്പര്യമെന്നാണ് വിവരം.

സിറ്റിയിൽ ആറു വർഷത്തോളം പെപ്പ് ഗ്വാർഡിയോളയുടെ ടീമിന്റെ ഹൃദയമായി കളിച്ച റോഡ്രിയെ ഏറെക്കാലമായി റയൽ നോട്ടമിട്ടിട്ട്. 2026 ലോകകപ്പിൽ സ്‌പെയിനെ കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റിലെ മികച്ച താരമാവുകയും ചെയ്തതോടെ അദ്ദേഹത്തെ സ്വന്തമാക്കണമെന്ന റയലിന്റെ ആഗ്രഹം ശക്തമായി.

സിറ്റിയുമായുള്ള റോഡ്രിയുടെ കരാറിന് ഇനി ഒരു വർഷം മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ താരം ഫ്രീ ട്രാൻസ്ഫറായി പോകുന്നതിനേക്കാൾ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ വിൽക്കാൻ സിറ്റി തയ്യാറാകുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. പുതിയ താരങ്ങളെ സ്വന്തമാക്കാൻ ഇതിനകം വലിയ തുക ചെലവഴിച്ച റയലിന് സാമ്പത്തികമായി കൂടുതൽ ഇടപാടുകൾ നടത്താൻ ചില താരങ്ങളെ വിൽക്കേണ്ട സാഹചര്യം ഉണ്ടായതും ചർച്ചകൾ മന്ദഗതിയിലാക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ.

റയലിന്റെ നീക്കം മന്ദഗതിയിലായതോടെയാണ് ബാഴ്സലോണ ശക്തമായി രംഗത്തെത്തിയത്. പരിശീലകൻ ഹാൻസി ഫ്‌ളിക്കും സ്‌പോർട്ടിങ് ഡയറക്ടർ ഡെക്കോയും റോഡ്രിയുമായി നേരിട്ട് ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഫ്രെങ്കി ഡി യോങ്ങിന്റെ ദീർഘകാല പരിക്ക് ബാഴ്സയെ ലോകോത്തര ഡിഫൻസീവ് മിഡ്ഫീൽഡറെ തേടാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. റോഡ്രിക്ക് ബാഴ്‌സ താരങ്ങളുമായുള്ള അടുത്ത ബന്ധവും കാറ്റലൻ ക്ലബ്ബിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.

റോഡ്രി ബാഴ്സലോണയിലെത്തിയാൽ ടീമിന്റെ മധ്യനിരയുടെ രൂപം തന്നെ മാറാൻ സാധ്യതയുണ്ട്. ഡീപ് ലൈയിങ് പ്ലേമേക്കറായി റോഡ്രിയും ക്രിയേറ്റീവ് മിഡ്ഫീൽഡറായി പെഡ്രിയുമുള്ള മധ്യനിര ബാഴ്‌സയുടെ കരുത്ത് വർധിപ്പിക്കും. ഡാനി ഓൽമോയ്‌ക്കോ അല്ലെങ്കിൽ ഫെർമിൻ ലോപ്പസിനെ ബോക്‌സ് ടു ബോക്‌സ് കളിക്കാനും സാധിക്കും. ഇങ്ങനെ സംഭവിച്ചാൽ അത് ബാഴ്സയ്ക്ക് കൂടുതൽ നിയന്ത്രിതമായ പന്തടക്കം നൽകും. സെന്റർ ബാക്കുകളെ സംരക്ഷിക്കാനും ആക്രമണം ആരംഭിക്കുന്ന ആദ്യ പാസ് നൽകുന്നതിലും റോഡ്രി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.

ഉയർന്ന പ്രെസ്സിങ് നടത്തുകയും പന്ത് നഷ്ടപ്പെട്ടാൽ വേഗത്തിൽ തിരിച്ചുപിടിക്കുകയും ചെയ്യുന്നതാണ് ഫ്‌ളിക്കിന്റെ ബാഴ്‌സയുടെ ശൈലി. റോഡ്രിയെപ്പോലൊരു മിഡ്ഫീൽഡറെ ഈ ശൈലിക്ക് ആവശ്യമാണ്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം റോഡ്രിയുടെ കാര്യത്തിൽ റയലിനെക്കാൾ ബാഴ്സയാണ് ഇപ്പോൾ മുൻതൂക്കം നേടുന്നത്. എന്നാൽ കരാർ അന്തിമഘട്ടത്തിലെത്താൻ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ട്രാൻസ്ഫർ ഫീസിലും ബാഴ്സയുടെ സാമ്പത്തിക നിയന്ത്രണങ്ങളിലും വ്യക്തത വരേണ്ടതുണ്ട്.

റോഡ്രി ബാഴ്സലോണയിലെത്തുകയാണെങ്കിൽ അത് ഒരു സാധാരണ ട്രാൻസ്ഫർ മാത്രമാകില്ല. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളെ സ്വന്തമാക്കുന്നതിലൂടെ ബാഴ്സ വീണ്ടും യൂറോപ്യൻ കിരീടപ്പോരാട്ടത്തിൽ കൂടുതൽ ശക്തരാകുമെന്ന സന്ദേശമായിരിക്കും അത്. അതേസമയം, ഏറെക്കാലമായി ലക്ഷ്യമിട്ട താരത്തെ കൈവിടുന്നത് റയൽ മാഡ്രിഡിന് വലിയ നിരാശയാകുകയും ചെയ്യും.  യൂറോപ്യൻ ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത് അവസാന അധ്യായം എങ്ങനെയാകുമെന്നതാണ്.

Content Highlights: Barcelona has entered advanced talks to sign Rodri, overtaking Real Madrid., Manchester City rejected an initial €50 million offer from Barcelona., Rodri's contract with Manchester City has only one year remaining., Barcelona's interest is driven by the need for a world-class defensive midfielder following Frenkie de Jong's injury., Rodri's performance in the 2026 World Cup has significantly increased his market value and desirability.