‘ലക്ഷ്യം നേടാനായില്ല, ഇനി തുടരുന്നതിൽ അർഥമില്ല’; പോർച്ചുഗൽ പരിശീലകസ്ഥാനമൊഴിഞ്ഞ് റോബർട്ടോ മാർട്ടിനസ്

ഡാലസ്: ഫിഫ ലോകകപ്പിൽ സ്‌പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പുറത്തായതിന് പിന്നാലെ പോർച്ചുഗൽ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് റോബർട്ടോ മാർട്ടിനസ്. സ്‌പെയിനെതിരായ തോൽവിയോടെ ഒരു യുഗം അവസാനിച്ചെന്ന് വ്യക്തമാക്കിയ അദ്ദേഹം, പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷന് ഇനി പുതിയൊരു മാനേജറെ കണ്ടെത്താമെന്നും തന്റെ കരാർ അവസാനിച്ചതായും അറിയിച്ചു.
ലോകകപ്പ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് പോർച്ചുഗലിലെത്തിയതെന്നും, അതില്ലാതെ ഇനി മുന്നോട്ട് പോകുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ ഇതോടെ അവസാനിക്കുകയാണ്. ഈ ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ക്രിസ്റ്റിയാനോ മാതൃക നിറഞ്ഞ നായകനാണ്. ഗോൾവേട്ടയിലും അസിസ്റ്റിലും കളിയോടുള്ള പ്രതിബദ്ധതയിലും മറ്റുള്ളവർക്ക് മാതൃകയാണദ്ദേഹം. അദ്ദേഹത്തിന്റെ ഫുട്‌ബോൾ ജീവിതം ആഘോഷിക്കപ്പെടേണ്ടതാണെന്നും റോബർട്ടോ പറഞ്ഞു.
ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റിൻഹ, റാഫേൽ ലിയാവോ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി ലോകോത്തര താരങ്ങളാൽ സമ്പന്നമായിരുന്നു പോർച്ചുഗൽ ടീമിന് ലോകകപ്പ് നേടിക്കൊടുക്കാൻ കഴിയാതെയാണ് അദ്ദേഹത്തിന്റെ മടക്കം. മികച്ച വ്യക്തിഗത കഴിവുകളുള്ള കളിക്കാരുണ്ടായിട്ടും ഒരു ടീമെന്ന നിലയിലുള്ള ഒത്തിണക്കം കണ്ടെത്താൻ പലപ്പോഴും ടീമിന് സാധിച്ചില്ല എന്ന വിമർശനം മാർട്ടിനസിന്റെ കാലയളവിലുടനീളം ഉണ്ടായിരുന്നു. 40 വയസ്സ് പിന്നിട്ടിട്ടും റൊണാൾഡോയെ കേന്ദ്രീകരിച്ച് തന്നെ മുന്നേറ്റനിരയെ നിലനിർത്താൻ മാർട്ടിനസ് കാണിച്ച താത്പര്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Content Highlights: Roberto Martinez resigns as Portugal manager after World Cup exit., Portugal defeated 1-0 by Spain in the Round of 16., Martinez cites failure to win the World Cup as the primary reason for his departure., The match is widely expected to be Cristiano Ronaldo's final international appearance.