മുപ്പതാണ്ടിന്റെ കിരീടവരള്‍ച്ചയ്ക്ക് അറുതിവരുത്തി സോസിദാദ്

മാഡ്രിഡ്: അത്‌ലറ്റിക്ക് ബില്‍ബാവോയെ കീഴടക്കി റയല്‍ സോസിദാദ് 2020ലെ കോപ്പ ഡെല്‍ റേ കിരീടം സ്വന്തമാക്കി. 1987ലാണ് അവര്‍ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്.
ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സോസിദാദിന്റെ ജയം. രണ്ടാഴ്ചയ്ക്കുശേഷം 2021ലെ കോപ്പ ഡെല്‍ റേ ഫൈനലില്‍ ബില്‍ബാവോ ബാഴ്‌സലോണയെ നേരിടുന്നുണ്ട്.
ഇരു ടീമുകളും പ്രതിരോധത്തെ ആശ്രയിച്ചുകളിച്ച മത്സരത്തില്‍ സോസിദാദിന് തന്നെയായിരുന്നു മേല്‍ക്കൈ. എങ്കിലും വല കുലുക്കാന്‍ അവര്‍ക്ക് പെനാല്‍റ്റിയെ ആശ്രയിക്കേണ്ടിവന്നു. അറുപത്തിമൂന്നാം മിനിറ്റിലായിരുന്നു സ്‌പോട്ട്കിക്കില്‍ നിന്ന് ക്യാപ്റ്റന്‍ മിക്കെ ഒയാര്‍സാബല്‍ വിജയഗോള്‍ വലയിലാക്കിയത്. ഇനീഗോ മാര്‍ട്ടിനെസ് ബോക്‌സില്‍ പോര്‍ട്ടു പോര്‍ട്ടുഗ്യുസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് പ്ലേസ് ചെയ്യുകയായിരുന്നു ഒയാര്‍സാബല്‍. ബോക്‌സിലെ ഫൗളിന് റഫറി ആദ്യം മാര്‍ട്ടിനെസിന് ചുവപ്പ് കാര്‍ഡ് കാണിച്ചെങ്കിലും വാര്‍ പരിശോധിച്ച് മഞ്ഞകാര്‍ഡാക്കുകയായിരുന്നു.
ഫൈനല്‍ കാണാന്‍ കാണികള്‍ക്ക് അവസരമൊരുക്കണമെന്ന ഇരു ടീമുകളുടെയും ആവശ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ തവണത്തെ ഫൈനല്‍ മാറ്റിവച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടന്ന് ഇക്കുറിയും സ്‌റ്റേഡിയത്തിലേയ്് കാണികളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇത് അഞ്ചാം തവണയാണ് ബില്‍ബാവോ കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍ തോല്‍ക്കുന്നത്. ഏപ്രില്‍ പതിനേഴിനാണ് ബാഴ്‌സയുമായുള്ള അവരുടെ ഈ വര്‍ഷത്തെ ഫൈനല്‍.
Content Highlights:
Content Highlights: