എൽ ക്ലാസിക്കോയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് റയലിന് കനത്ത തിരിച്ചടി; തിബോ കോർട്ട്വാ പുറത്ത്

ബാഴ്സലോണ: ലാലിഗയിലെ ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിന് മുന്നോടിയായി റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് റയൽ മാഡ്രിഡിന്റെ മുൻനിര ഗോൾകീപ്പർ തിബോ കോർട്ട്വാ മത്സരത്തിനുണ്ടാകില്ല. ഇതോടെ ഇല്ലിയ വോളോഷിനെ റയൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത് ബാഴ്സലോണയ്ക്ക് മധ്യനിര താരം ഡാനി ഓൽമോയുടെ സേവനവും നഷ്ടമാകും. പി.എസ്.ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഇടത് തുടയിലെ പേശിക്കേറ്റ പരിക്കാണ് ഓൽമോയ്ക്ക് തിരിച്ചടിയായത്. മത്സരത്തിനിടെ പിഎസ്ജിയുടെ വിറ്റിന്യയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് 27-ാം മിനിറ്റിൽ ഓൽമോ കളംവിട്ടിരുന്നു. പരിശോധനകൾക്ക് ശേഷം ഓൽമോയ്ക്ക് കുറഞ്ഞത് നാല് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് ബാഴ്സലോണ വ്യക്തമാക്കി.
ലാലിഗ കിരീട പോരാട്ടത്തിൽ ഇരുടീമുകൾക്കും ഈ മത്സരം നിർണായകമാണ്. ജയിച്ചാൽ റയൽ മാഡ്രിഡിന് മേലുള്ള ലീഡ് ഒമ്പത് പോയിന്റായി ഉയർത്താൻ ബാഴ്സലോണയ്ക്ക് സാധിക്കും. എന്നാൽ ജയിക്കുകയാണെങ്കിൽ റയലിന് ബാഴ്സയുമായുള്ള പോയന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാനാകും. അവസാന ഏഴ് എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ ആറിലും പരാജയപ്പെട്ട റയലിന് തിരിച്ചുവരവിനുള്ള അവസരം കൂടിയാണിത്.
Content Highlights: Real Madrid goalkeeper Thibaut Courtois ruled out of El Clasico due to a severe fever., Illia Voloshyn added to the Real Madrid squad in place of Courtois., Barcelona will miss midfielder Dani Olmo for at least four weeks due to a thigh injury., The La Liga match is crucial for the title race between Real Madrid and Barcelona.