ഇടതുകാലിലെ പരിക്കിന് പരിശോധന വലതു കാലിൽ; പരിക്കുമായി എംബാപ്പെ കളിച്ചത് 3 മത്സരങ്ങൾ, ഗുരുതര വീഴ്ച

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AFP
Photo: AFP

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എംബാപ്പെയുടെ ഇടതുകാൽമുട്ടിന് പരിക്കേറ്റിരുന്നു. ഇതിന് റയലിന്റെ മെഡിക്കൽ സംഘം എംആർഐ സ്‌കാൻ നടത്തിയത് വലതുകാലിനും. പരിശോധനയിൽ പ്രശ്‌നങ്ങളൊന്നും കാണാതിരുന്നതോടെ പരിക്കുമായി എംബാപ്പെ മൂന്ന് മത്സരങ്ങളിൽ കളിക്കുകയും ഇത് പരിക്ക് ഗുരുതരമാകാൻ കാരണമാകുകയും ചെയ്‌തെന്ന് പ്രമുഖ കായിക മാധ്യമമായ 'ദി അത്‌ലറ്റിക്' റിപ്പോർട്ട് ചെയ്തു.

ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടതു കാൽമുട്ടിന് പരിക്കേൽക്കുന്നത്. എന്നാൽ ഇടതുകാൽ പരിശോധിക്കേണ്ടതിന് പകരം റയലിന്റെ മെഡിക്കൽ സംഘം പരിശോധിച്ചത് എംബാപ്പെയുടെ വലതുകാലായിരുന്നു. കുഴപ്പമൊന്നുമില്ലെന്ന നിഗമനത്തിൽ താരത്തെ തുടർന്നും കളിക്കാൻ അനുവദിക്കുകയും ചെയ്തു.

കാൽമുട്ടുവേദനക്ക് ശമനമില്ലാതെ വന്നതോടെ താരം പാരീസിൽ വിദഗ്ധ ചികിത്സ തേടിയപ്പോഴാണ് റയലിലെ മെഡിക്കൽ ടീമിന് പറ്റിയ അബദ്ധം മനസ്സിലാകുന്നത്. താരത്തിന്റെ ഇടതു കാൽമുട്ടിലെ ലിഗമെന്റിലെ പരിക്ക് അപ്പോഴേക്കും വഷളായിരുന്നു.

ഈ മെഡിക്കൽ പിഴവിൽ എംബാപ്പെ അങ്ങേയറ്റം രോഷാകുലനായിരുന്നു. സംഭവത്തെത്തുടർന്ന് അദ്ദേഹം തന്റെ സ്വകാര്യ മെഡിക്കൽ ടീമിലെ അംഗങ്ങളെ പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്. റയൽ മാഡ്രിഡിന്റെ മെഡിക്കൽ വിഭാഗം ഇപ്പോൾ കടുത്ത നിരീക്ഷണത്തിലാണ്. പോഷകാഹാരവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾക്കായി ക്ലബ്ബ് ഉദ്യോഗസ്ഥർ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകളെ ആശ്രയിച്ചതായി മുൻ ന്യൂട്രീഷ്യനിസ്റ്റ് ഇറ്റ്‌സിയാർ ഗോൺസാലസ് ആരോപിച്ചത് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Content Highlights: Real Madrid medical team scanned the wrong leg for Mbappe's injury., Mbappe played three matches with an untreated ligament injury., The player expressed frustration and dismissed personal staff members., Concerns raised over the club's medical protocols and reliance on AI tools.