കളത്തിൽ ഒത്തിണക്കമില്ല, കിരീടവുമില്ല, റയലിൽ കൈയാങ്കളിയും; സഹതാരത്തെ തല്ലി ആന്റോണിയോ റുഡിഗർ

മഡ്രിഡ്: സീസണിൽ കിരീടംനേടാൻ കഴിയാതെ ഉഴറുന്ന റയൽ മഡ്രിഡിന് തലവേദനയായി ടീമിനുള്ളിലെ ചേരിപ്പോരും കൈയാങ്കളിയും. പ്രതിരോധനിരക്കാരൻ ആന്റോണിയോ റുഡിഗർ പരിശീലനസമയത്ത് സഹതാരത്തെ അടിച്ചതും സൂപ്പർതാരം കിലിയൻ എംബാപ്പെ പരിശീലകസംഘാംഗവുമായി തർക്കത്തിലേർപ്പെട്ടതും ടീമിലെ ഭിന്നിപ്പ് രൂക്ഷമാക്കി.
സ്പാനിഷ് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടപോരാട്ടത്തിൽനിന്ന് പുറത്തായ റയലിന് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. സീസണിന്റെ ഇടയ്ക്കുവെച്ച് സ്പാനിഷ് പരിശീലകൻ സാബി അലോൺസോയെ പുറത്താക്കേണ്ടിയും വന്നു. നിലവിൽ അൽവാരോ അർബെലോവയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. റുഡിഗറിൽനിന്ന് അടിയേറ്റത് ലെഫ്റ്റ് ബാക്ക് അൽവാരെ കാറെരാസിനാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ച മുൻപാണ് സംഭവം. വിഷയത്തിൽ റുഡിഗർ മാപ്പുപറയുകയും ചെയ്തു. പരിശീലനസമയത്താണ് എംബാപ്പെ പരിശീലകസംഘാംഗത്തോട് മോശമായി പെരുമാറിയത്. രൂക്ഷമായ തർക്കത്തിലേർപ്പെടുകയും മോശം വാക്കുകൾ ഉപയോഗിക്കുയും ചെയ്തതോടെ എംബാപ്പെയും ടീമും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണിട്ടുണ്ട്. ടീമിൽ കളിക്കാർ രണ്ട് വിഭാഗമായി മാറിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
മികച്ച താരങ്ങളുണ്ടെങ്കിലും റയലിന് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ലാലിഗയിൽ രണ്ടാം സ്ഥാനത്താണ് ടീം. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റുപുറത്തായിരുന്നു.
Content Highlights: Antonio Rudiger involved in physical altercation with teammate Alvarez Carreras., Kylian Mbappe in heated dispute with coaching staff., Team split into factions causing poor performance., Elimination from Champions League and La Liga title race., Management instability following Xabi Alonso's departure.