പോഗ്ബയും ലിന്‍ഗാര്‍ഡും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ടു

മാഞ്ചെസ്റ്റര്‍: സൂപ്പര്‍താരങ്ങളായ പോള്‍ പോഗ്ബയും ജെസ്സി ലിന്‍ഗാര്‍ഡും ടീം വിടുകയാണെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എറിക് ടെന്‍ ഹാഗ് പുതിയ പരിശീലകനായി സ്ഥാനമേറ്റതിനുപിന്നാലെയാണ് യുണൈറ്റഡ് പുതിയ തീരുമാനം കൈക്കൊണ്ടത്.
ഫ്രാന്‍സിന്റെ മധ്യനിരതാരമായ പോഗ്ബയുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കും. 29-കാരനായ പോഗ്ബ 2016-ല്‍ യുവന്റസില്‍നിന്ന് റെക്കോഡ് തുകയായ 870 കോടിയോളം രൂപയ്ക്കാണ് യുണൈറ്റഡിലെത്തിയത്. തിരിച്ച് യുവന്റസിലേക്ക് പോകാനാണ് സാധ്യത. ആറ് സീസണുകളിലായി 226 മത്സരം കളിച്ച പോഗ്ബ 39 ഗോള്‍ നേടി. ലീഗ് കപ്പ്, യൂറോപ്പ ലീഗ് വിജയങ്ങളില്‍ പങ്കാളിയായി.
വര്‍ത്തമാന ഫുട്ബോളിലെ മികച്ച മധ്യനിരതാരങ്ങളിലൊരാളായ പോഗ്ബ പരിക്കിലായതിനാല്‍ അവസാന സീസണില്‍ മിക്ക മത്സരങ്ങളിലും കളിച്ചില്ല. യുണൈറ്റഡിന്റെ അക്കാദമി താരമായ പോഗ്ബ 2011-12 സീസണില്‍ ക്ലബ്ബിനായി കളിച്ച ശേഷമാണ് യുവന്റസിലേക്ക് ചേക്കേറിയത്.
മറുവശത്ത് യുണൈറ്റഡില്‍ തന്നെ പന്തുതട്ടി വളര്‍ന്ന ലിന്‍ഗാര്‍ഡ് വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. താരം കുറച്ചുകാലം ലോണ്‍ അടിസ്ഥാനത്തില്‍ വെസ്റ്റ് ഹാമില്‍ കളിച്ചിരുന്നു. യുണൈറ്റഡിന്റെ അക്കാദമിയില്‍ വളര്‍ന്ന ലിംഗാര്‍ഡ് 22 വര്‍ഷത്തെ ബന്ധത്തിനുശേഷമാണ് ടീം വിടുന്നത്. ഇംഗ്ലീഷ് താരമായ ലിംഗാര്‍ഡ് യുണൈറ്റഡിനായി 2011 മുതല്‍ 149 മത്സരങ്ങളില്‍ കളിച്ചു. 20 ഗോളുകളും നേടി. ഇംഗ്ലണ്ട് ദേശീയ ടീം അംഗം കൂടിയാണ് ഈ 29 കാരന്‍.
ഇരുവര്‍ക്കും പുറമേ യുവാന്‍ മാട്ട, എഡിന്‍സണ്‍ കവാനി, അലെക്‌സ് ടെല്ലസ്, ആരോണ്‍ വാന്‍ ബിസ്സാക്ക തുടങ്ങിയ താരങ്ങളും യുണൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമാണ്. അടുത്ത സീസണില്‍ എറിക് ടെന്‍ ഹാഗിന്റെ നേതൃത്വത്തില്‍ പുതിയ ടീമായിരിക്കും യുണൈറ്റഡിനായി കളിക്കുക.
Content Highlights: manchester united, manchester united signings, paul pogba, jesse lingard, epl 2022-2023