പണ്ട് കളിക്കാരന്, ഇപ്പോള്‍ പരിശീലകന് അപൂര്‍വ നേട്ടവുമായി പൊച്ചേറ്റിനോ

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി.യുടെ പുതിയ കോച്ചായി അര്‍ജന്റീനയുടെ മുന്‍ താരം മൗറീസിയോ പൊച്ചേറ്റിനോയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തോമസ് തുച്ചലിന് പകരമായിട്ടാണ് പി.എസ്.ജി.യുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പൊച്ചേറ്റിനോയെ നിയമിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി 20 മത്സരം കളിച്ചിട്ടുള്ള പൊച്ചേറ്റിനോ എസ്പാന്യോള്, സതാംപ്ടണ്, ടോട്ടനം ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
48 വയസ്സുകാരനായ പൊച്ചേറ്റിനോയുടെ പരിശീലന മികവിലാണ് 2019-ല്‍ ടോട്ടനം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്. പിന്നീട് ടോട്ടനം പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാതിരുന്നതിനെത്തുടര്ന്നാണ് താരത്തെ പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കിയത്.
പി.എസ്.ജിയ്ക്കായി 95 മത്സരങ്ങള്‍ കളിച്ച താരം എന്ന പ്രത്യേകതയും പൊച്ചേറ്റീനോയ്ക്കുണ്ട്. 2001 മുതല്‍ 2003 വരെ താരം ടീമിനായി തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിന്റെ പേരിലാണ് പി.എസ്.ജിയുടെ മുന്‍ കോച്ച് തുച്ചലിനെ പുറത്താക്കിയത്.
നിലവില്‍ 17 മത്സരങ്ങളില്‍ നിന്നും 35 പോയന്റുള്ള പി.എസ്.ജി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഒരു പോയന്റ് മാത്രം കൂടുതലുള്ള ലിയോണും ലില്ലെയുമാണ് പട്ടികയില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍.
Content Highlights: Paris Saint-Germain confirm hiring of Mauricio Pochettino as coach
Content Highlights: