കെട്ടുകെട്ടിച്ചത് ജർമനിയെ; പാരഗ്വായിൽ ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

#ലോകകപ്പ് ഡെസ്‌ക്
Photo: Getty Images
Photo: Getty Images

ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ജർമനിയെ ഞെട്ടിച്ച് പ്രീക്വാർട്ടറിലെത്തിയിരിക്കുകയാണ് പാരഗ്വായ്. റൗണ്ട് ഓഫ് 32-ൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-3നായിരുന്നു പാരഗ്വായുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നായിരുന്നു ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീണ്ടത്.

ഈ അവിസ്മരണീയ നേട്ടത്തിന്റെ ആവേശത്തിൽ, പാരഗ്വായ് പ്രസിഡന്റ് സാന്റിയാഗോ പെന രാജ്യത്ത് ജൂൺ 30 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് ഒത്തൊരുമിച്ച് ആഘോഷിക്കാൻ പൗരന്മാരെ അനുവദിക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഗോൾകീപ്പർ ഒർലാൻഡോ ഗില്ലാണ് പാരഗ്വായുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം. ഷൂട്ടൗട്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗിൽ ടീമിന്റെ ഹീറോയായി മാറി.

പ്രീക്വാർട്ടറിൽ ഫ്രാൻസ് സ്വീഡൻ പോരാട്ടത്തിലെ വിജയികളാണ് പാരഗ്വായുടെ എതിരാളികൾ. ബോസ്റ്റനിൽ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ജർമനിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു പാരഗ്വായ് മത്സരത്തിലുടനീളം പുറത്തെടുത്തത്.

ആഘോഷവുമായി ആരാധകർ

ജർമനിക്കെതിരായ വിജയം ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് തലസ്ഥാനമായ അസുൻസിയോണിലെ തെരുവുകളിൽ ഒത്തുകൂടിയത്. തെരുവികളിൽ ഉടനീളം കാറുകളുടെ ഹോൺ മുഴക്കിയും ആഹ്ലാദപ്രകടനങ്ങൾ നടത്തിയും രാജ്യം ഈ നിമിഷം ആഘോഷിച്ചു.

Content Highlights: Paraguay defeated former champions Germany 4-3 in a penalty shootout., The match ended 1-1 after extra time before proceeding to penalties., President Santiago Pena declared June 30, 2026, a national holiday., Goalkeeper Orlando Gill emerged as the hero of the match., Paraguay advances to the Round of 16 to face France or Sweden.