ബ്രസീലിയന്‍ ഫുട്‌ബോളര്‍ ഓസ്‌കാര്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു; ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചു

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/SleeperFootNews/
Photo: x.com/SleeperFootNews/

സാവോ പൗലോ: ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ മുന്‍ ബ്രസീലിയന്‍ താരം ഓസ്‌കാര്‍ വൈദ്യപരിശോധനക്കിടെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 34-കാരനായ താരത്തിന് ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോ റിപ്പോര്‍ട്ട് ചെയ്തു.

സാവോ പൗലോ എഫ്‌സിയുടെ താരമായ ഓസ്‌കാര്‍ പുതിയ സീസണു മുന്നോടിയായുള്ള ക്ലബിന്റെ വൈദ്യ പരിശോധനക്കിടെയാണ് കുഴഞ്ഞുവീണത്. അബോധാവസ്ഥയിലായ താരത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ സാവോ പൗലോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് താരം. ഓസ്‌കാറിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വൈദ്യപരിശോധനയുടെ ഭാഗമായുള്ള ബൈക്ക് എക്‌സര്‍സൈസിനിടെയാണ് താരം കുഴഞ്ഞുവീണത്. ക്ലബ്ബിന്റെ പ്രൊഫഷണലുകളും ഇസ്രയേലിറ്റയിലെ ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ടായിരുന്നു. അവര്‍ ഉടന്‍തന്നെ അദ്ദേഹത്തെ പരിശോധിച്ചു. രണ്ട് മിനിറ്റ് നേരത്തേക്ക് അദ്ദേഹം അബോധാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഓസ്കാർ വിരമിക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രസീലിനായി 2014 ലോകകപ്പില്‍ കളിച്ച ഓസ്കാർ 2012 മുതല്‍ 2017 വരെ ചെല്‍സിക്കൊപ്പമായിരുന്നു. പിന്നീട് എല്ലാവരേയും ഞെട്ടിച്ച് 2017-ല്‍ ചൈനീസ് ക്ലബ്ബായ ഷാങ്ഹായ് പോര്‍ട്ടിലേക്ക് മാറി. 2024 വരെ അവിടെ തുടര്‍ന്ന ഓസ്‌കാര്‍ ഈ വര്‍ഷമാണ് തന്റെ ആദ്യകാല ക്ലബ്ബായ സാവോ പൗലോയിലേക്ക് തിരിച്ചെത്തുന്നത്.

Content Highlights: Former Chelsea star Oscar collapses during medical check-up for Sao Paulo FC. Heart condition confirmed. Player stable and under observation.