അർജന്റീന കണ്ടെത്തി, മെസ്സിക്ക് ശേഷം പത്താം നമ്പർ കുപ്പായം അണിയുന്ന താരത്തെ

റൊസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിച്ച വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. സാമൂഹികമാധ്യമങ്ങളിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചാണ് മെസ്സി വിരമിക്കുന്നതായി അറിയിച്ചത്. മെസ്സിയുടെ വിരമിക്കൽ അർജന്റീന ടീമിലുണ്ടാക്കാൻ പോകുന്ന വിടവ് വളരെ വലുതാണ്. പരിശീലകൻ സ്‌കലോണിക്ക് പുതിയ പദ്ധതി കണ്ടെത്തേണ്ടതായുണ്ട്. അതേസമയം മെസ്സിയുടെ പത്താം നമ്പർ കുപ്പായം ഇനിയങ്ങോട്ട് ആരണിയുമെന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഇപ്പോഴിതാ അത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
യുവതാരം നിക്കോ പാസ് മെസ്സിക്ക് ശേഷം ആ പത്താം നമ്പർ കുപ്പായം അണിയുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. കോച്ച് സ്‌കലോണി തന്നെ അടുത്ത പത്താം നമ്പറുകാരനായി നിക്കോ പാസിനെ തിരഞ്ഞെടുത്തതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റാലിയൻ ക്ലബ്ബ് കോമോയ്ക്കായി കളിക്കുന്ന നിക്കോ പാസ് അർജന്റീനയുടെ ഭാവി സൂപ്പർതാരമാകുമെന്ന വിലയിരുത്തലിലാണ് ഒട്ടുമിക്ക ഫുട്‌ബോൾ നിരീക്ഷകരും.
മെസ്സി വിരമിച്ചതോടെ ദേശീയ ടീമിലെ പത്താം നമ്പറും റിട്ടയർ ചെയ്യാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു. എന്നാൽ ഫിഫയുടെ ടൂർണമെന്റുകളിൽ പങ്കെടുക്കുമ്പോൾ ഇത് സാധ്യമല്ല. ഫിഫയുടെ ചട്ടപ്രകാരം ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി നമ്പറുകൾ ഒന്ന് മുതൽ 26 വരെയുള്ള ക്രമത്തിലായിരിക്കണം. അതിനാൽ മെസ്സിക്ക് ശേഷം മറ്റൊരു താരത്തിന് ഈ നമ്പർ കൈമാറിയേ മതിയാകൂ. അർജന്റീനയുടെ ടീമിൽ ഒട്ടേറെ താരങ്ങളുണ്ടെങ്കിലും പരിശീലകൻ നിക്കോ പാസിൽ വിശ്വാസമർപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.
മെസ്സിയോടുള്ള ആദരസൂചകമായി അർജന്റീനയിലെ ലീഗ് മത്സരങ്ങളിൽ ഒരുമിനിറ്റ് മത്സരം നിർത്തിവെക്കുമെന്ന് നേരത്തേ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നു. റഫറിമാർ കളി നിർത്തിവെക്കുന്നതോടൊപ്പം ഒരു മിനിറ്റ് നേരം പൊതുവായി കൈയടി നൽകുകയും ചെയ്യുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങളുടെ 10-ാം മിനിറ്റിലാണ് കളി നിർത്തിവെക്കുക. അർജന്റീനയെ പ്രതിനിധീകരിക്കുമ്പോൾ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സിയോടുള്ള ആദരസൂചകമായാണ് പത്താം മിനിറ്റ് ഇതിനായി തിരഞ്ഞെടുത്തത്.
Content Highlights: Nico Paz is reported to inherit Lionel Messi's iconic No. 10 jersey for the Argentina national team., Coach Lionel Scaloni selected Nico Paz as the next No. 10 after considering various options