പി.എസ്.ജിയുടെ നടുവൊടിച്ച് മൊണാക്കോ, വിജയം എതിരില്ലാത്ത മൂന്ന് ഗോളിന്

മൊണാക്കോ: ഫ്രഞ്ച് ലീഗ് വണ്ണില്‍ കരുത്തരായ പി.എസ്.ജിയ്ക്ക് വമ്പന്‍ തോല്‍വി. മൊണാക്കോയാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ തോല്‍വി.
നെയ്മറും കിലിയന്‍ എംബാപ്പെയുമെല്ലാം അണിനിരന്ന പി.എസ്.ജിയെ നിലം തൊടാന്‍ അനുവദിക്കാത്ത വിധം മൊണാക്കോ വരിഞ്ഞുമുറുക്കി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമിലിടം നേടിയില്ല. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ആക്രമിച്ച് കളിച്ച മൊണാക്കോ അര്‍ഹിച്ച വിജയമാണ് നേടിയെടുത്തത്.
മൊണാക്കോയ്ക്ക് വേണ്ടി വിസാം ബെന്‍ യെഡ്ഡര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ കെവിന്‍ വോളണ്ടും സ്‌കോര്‍ ചെയ്തു. 25-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിന്റെ അകമ്പടിയോടെ യെഡ്ഡര്‍ മൊണാക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു.
രണ്ടാം പകുതിയില്‍ 68-ാം മിനിറ്റില്‍ കെവിന്‍ വോളണ്ട് ടീമിന്റെ ലീഡുയര്‍ത്തി. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് യെഡ്ഡര്‍ മൊണാക്കോയുടെ വിജയമുറപ്പിച്ചു.
ലീഗിലെ കഴിഞ്ഞ അഞ്ചുമത്സരത്തിനിടെ പി.എസ്.ജി വഴങ്ങുന്ന മൂന്നാമത്തെ തോല്‍വിയാണിത്. ഇതോടെ പരിശീലകന്‍ പൊച്ചെറ്റീനോയുടെ മേല്‍ സമ്മര്‍ദ്ദമേറി. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് പി.എസ്.ജി.
നെയ്മറും മെസ്സിയും എംബാപ്പെയും വൈനാല്‍ഡവും റാമോസും ഡോണ്ണറുമ്മയുമെല്ലാം അണിനിരക്കുന്ന പി.എസ്.ജി നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നു. 29 മത്സരങ്ങളില്‍ നിന്ന് 65 പോയന്റാണ് ടീമിനുള്ളത്. മൊണാക്കോ ഏഴാമതാണ്. മാഴ്‌സെല്ലെയാണ് രണ്ടാമത്. റെന്നെസ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
Content Highlights: monaco beat psg by three goals in french league 1