സഹലിന് വമ്പന്‍ വരവേല്‍പ്പ് നല്‍കി മോഹന്‍ ബഗാന്‍; വീഡിയോ വൈറല്‍

Photo: twitter.com/IndSuperLeague
Photo: twitter.com/IndSuperLeague

കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് സ്വന്തമാക്കിയ മധ്യനിര താരം സഹല്‍ അബ്ദുള്‍ സമദിനെ വരവേറ്റ് വീഡിയോ പങ്കുവെച്ച് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. സഹലിനെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് ബഗാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ആരാധകരില്‍ പലരും സഹലിനെ ടീമില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ വീഡിയോയിലുണ്ട്. സഹലിന്റെ സമീപകാലത്തെ ഇന്ത്യന്‍ ജേഴ്‌സിയിലെ ദൃശ്യങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സഹല്‍ ടീം വിടുന്ന കാര്യം കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അഞ്ചുവര്‍ഷത്തെ കരാറിലാണ് ബഗാന്‍ സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് താരം മോഹന്‍ ബഗാന്റെ ഭാഗമാകുന്നത്. ഇതോടെ 90 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീയായി കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. 2.5 കോടി രൂപയ്ക്കാണ് സഹലിനെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി. 2017-2018 സീസണില്‍ താരം ബ്ലാസ്റ്റേഴ്സ് ബി ടീമില്‍ കളിച്ചിരുന്നു. 2018 ഫെബ്രുവരി എട്ടിനാണ് സഹല്‍ ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ സീനിയര്‍ ടീമിലിടം നേടിയത്. അന്ന് പകരക്കാരനായി താരം ഗ്രൗണ്ടിലെത്തി.

Content Highlights: Mohun Bagan Super Giants welcomes Sahal Abdul Samad in a video