അന്‍വര്‍ അലിയെ കൊണ്ടുവന്നു, അടുത്തത് സഹല്‍? താരങ്ങളെ വാരിക്കൂട്ടി മോഹന്‍ ബഗാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അടുത്ത സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്. അനിരുദ്ധ് ഥാപ്പയ്ക്ക് പിന്നാലെ ഇന്ത്യയുടെ പ്രതിരോധതാരം അന്‍വര്‍ അലിയെയും മോഹന്‍ ബഗാന്‍ സ്വന്തമാക്കി.
ഡല്‍ഹി എഫ്.സിയില്‍ നിന്നാണ് അന്‍വര്‍ അലിയെ മോഹന്‍ ബഗാന്‍ റാഞ്ചിയത്. നാല് വര്‍ഷത്തെ കരാറിലാണ് താരം മോഹന്‍ ബഗാനിലെത്തിയത്. 2022-2023 സീസണില്‍ എഫ്.സി. ഗോവയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ താരം കളിച്ചിരുന്നു. പഞ്ചാബ് സ്വദേശിയായ അന്‍വര്‍ അലിയ്ക്ക് 22 വയസ്സ് മാത്രമാണ് പ്രായം. ഈയിടെ അവസാനിച്ച സാഫ്കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ അന്‍വര്‍ അലിയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കണ്ടുപിടിത്തമാണ് അന്‍വര്‍ അലി. ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ഇതിനോടകം 16 മത്സരങ്ങള്‍ താരം കളിച്ചുകഴിഞ്ഞു.
മിനര്‍വ പഞ്ചാബിനായി പന്തുതട്ടിത്തുടങ്ങിയ അന്‍വര്‍ അലി ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നാലെ അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകളിലും കളിച്ചു. ഇന്ത്യന്‍ ആരോസ്, മുഹമ്മദന്‍സ് തുടങ്ങിയ ടീമുകള്‍ക്കായും താരം പന്തുതട്ടിയിട്ടുണ്ട്.
അന്‍വര്‍ അലിയ്ക്ക് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദിനെയും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ ബഗാന്‍. റെക്കോഡ് തുകയ്ക്ക് സഹലിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. അടുത്തയാഴ്ച തന്നെ സഹല്‍ മോഹന്‍ ബഗാനുമായി കരാറിലൊപ്പുവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേരത്തേ പൊന്നും വിലയ്ക്ക് ചെന്നൈയിന്‍ എഫ്.സിയില്‍ നിന്ന് അനിരുദ്ധ് ഥാപ്പയെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരുന്നു.
Content Highlights: Mohun Bagan signs India defender Anwar Ali