കരിയറിൽ 400 അസിസ്റ്റുകളുമായി മെസ്സി; ഗോളടിച്ചും അടിപ്പിച്ചും സൂപ്പര്‍ താരം, മയാമിക്ക് ജയം

#സ്പോർട്സ് ഡെസ്ക്
ലയണൽ മെസ്സി | AP/PTI
ലയണൽ മെസ്സി | AP/PTI

ഫിലാഡെല്‍ഫിയ: ഗോളടിച്ചും ഗോളടിപ്പിച്ചും അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം. എംഎല്‍എസ് കപ്പ് പ്ലേ ഓഫ് മത്സരത്തിലാണ് മയാമി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത നാലുഗോളുകള്‍ക്ക് നാഷ്‌വില്ലയെ കീഴടക്കിയ മെസ്സിപ്പട പ്ലേ ഓഫ് സെമിഫൈനലിലേക്ക് മുന്നേറി. മെസ്സി ഇരട്ടഗോളും ഒരു അസിസ്റ്റും നേടി.

സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ അഭാവത്തില്‍ ലയണല്‍ മെസ്സിയാണ് മയാമിയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. മത്സരം ആരംഭിച്ചതുമുതല്‍ മെസ്സി നാഷ്‌വില്ലയുടെ ബോക്‌സില്‍ നിരന്തരം അപകടം വിതച്ചു. പത്താം മിനിറ്റില്‍ താരം കിടിലന്‍ സോളോ ഗോളിലൂടെ മയാമിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് വീണ്ടും മെസ്സി വലകുലുക്കി. രണ്ട് ഗോളുകള്‍ക്ക് ആദ്യപകുതി മുന്നിട്ടുനിന്ന മയാമി രണ്ടാം പകുതിയിലും മുന്നേറ്റങ്ങള്‍ തുടര്‍ന്നു.

73-ാം മിനിറ്റില്‍ ടഡിയോ അല്ലെന്‍ഡേ ടീമിനായി മൂന്നാം ഗോളും നേടി. അതോടെ നാഷ്‌വില്ല പരാജയം മണത്തു. മൂന്ന് മിനിറ്റുകള്‍ക്കകം താരം വീണ്ടും ലക്ഷ്യം കണ്ടു. മെസ്സിയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. അതോടെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് മെസ്സിപ്പട ജയം സ്വന്തമാക്കി. എംഎല്‍എസ് കപ്പിന്റെ പ്ലേ ഓഫ് ചരിത്രത്തില്‍ ഇതാദ്യമായാണ് മയാമി ആദ്യ റൗണ്ട് കടക്കുന്നത്. ജയത്തോടെ ടീം പ്ലേ ഓഫ് റൗണ്ടില്‍ സെമിയിലേക്കും മുന്നേറി.

മത്സരത്തിലെ അസിസ്‌റ്റോടെ കരിയറിലെ മെസ്സിയുടെ ആകെ അസിസ്റ്റുകളുടെ എണ്ണം 400 ആയി. 894 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ബാഴ്‌സലോണയ്ക്കായി 269 അസിസ്റ്റുകള്‍, പിഎസ്ജിക്കായി 34, മയാമയിക്കായി 37, അര്‍ജന്റീനയ്ക്കായി 60 അസിസ്റ്റുകളും താരം നേടി.

Content Highlights: Lionel Messi's brace leads Miami to 1st MLS playoff series win