യൂറോപ്പിൽ കുതിപ്പ് തുടർന്ന് ഇന്ത്യൻ ടീം; ലോക യൂത്ത് കപ്പ് നിലനിർത്തി മിനർവ അക്കാദമി എഫ്‌സി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
കിരീടവുമായി മിനര്‍വ എഫ്‌സി ടീം | Photo: instagram/ minerva fc
കിരീടവുമായി മിനര്‍വ എഫ്‌സി ടീം | Photo: instagram/ minerva fc

ഹെൽസിങ്കി: യൂറോപ്യൻ മണ്ണിൽ കുതിപ്പ് തുടർന്ന് ഇന്ത്യയുടെ മിനർവ അക്കാദമി എഫ്‌സി. ലോകത്തെ മികച്ച യൂത്ത് ടൂർണമെന്റായ ഗോതിയ കപ്പിൽ കിരീടം നിലനിർത്തിയാണ് മിനർവ എഫ്‌സി വീണ്ടും ചരിത്രം കുറിച്ചത്.

ബ്രസീലിയൻ ടീമായ ആർഎസ് സ്‌പോർട്‌സ് യെല്ലോയെ 2-1ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ അക്കാദമിയുടെ നേട്ടം. ഒരാഴ്ച്ചക്കിടെ മിനർവ എഫ്‌സി നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. അടുത്തിടെ നടന്ന ഹെൽസിങ്കി കപ്പിലും മിനർവ ചാമ്പ്യൻമാരായിരുന്നു.

കിപ്‌ഗെൻ താങ്‌സാങ്‌ലെന്നിലൂടെ മിനർവയാണ് ഫൈനലിൽ ആദ്യം ലീഡെടുത്തത്. ബ്രസീലിയൻ ടീം തിരിച്ചടിച്ചെങ്കിലും മിനർവ വീണ്ടും കളിയിലേക്ക് തിരിച്ചെത്തി. ഇത്തവണ ഫ്രീ കിക്കിലൂടെ മെഖാംഖ്രാവ് നോങ്‌റെമാണ് ഗോൾ കണ്ടെത്തിയത്.

നിലവിലെ ചാമ്പ്യൻമാരായ എച്ച്‌ജെകെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞാഴ്ച്ച മിനർവ എഫ്‌സി ഹെൽസിങ്കി കിരീടം നേടിയത്. കഴിഞ്ഞ വർഷം ഫൈനലിൽ ഇതേ എച്ച്‌ജെകെ ടീമിനോട് അവർ പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഈ യൂറോപ്യൻ യൂത്ത് കിരീടം.

ഈ സീസണിൽ സ്‌പെയിനിൽ നടന്ന മെഡിറ്ററേനിയൻ ഇന്റർനാഷണൽ കപ്പിൽ ലിവർപൂൾ എഫ്‌സിയുടെ അണ്ടർ 15 ടീമിനെ 6-0ത്തിന് തോൽപ്പിച്ച് അവർ ലോകത്തെ അമ്പരപ്പിച്ചിരുന്നു. കൂടാതെ നോർവേ കപ്പും ഡാന കപ്പും (ഡെൻമാർക്ക്) നേടുന്ന ആദ്യ ഇന്ത്യൻ ടീമെന്ന ചരിത്രനേട്ടവും മിനർവ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Minerva Academy FC defended their Gothia Cup title in Helsinki., The team defeated Brazil's RS Sports Yellow 2-1 in the final., This marks their second major international trophy in one week, following the Helsinki Cup win., Minerva FC has successfully conquered multiple European tournaments including Norway Cup and Dana Cup.