ബ്രസീല്‍ ക്ലബിനെ വീഴ്ത്തി മിനര്‍വ അക്കാദമി; ഗോത്തിയ കപ്പില്‍ ആദ്യമായി ഇന്ത്യന്‍ ക്ലബിന്റെ മുത്തം

Photo: twitter.com/minervapunjabfc
Photo: twitter.com/minervapunjabfc

ഗോതെന്‍ബര്‍ഗ് (സ്വീഡന്‍): രാജ്യാന്തരതലത്തിലെ പ്രധാന യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഗോത്തിയ കപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി മിനര്‍വ അക്കാദമി എഫ്‌സി. ഐ ലീഗ് ക്ലബ്ബ് മിനര്‍വ പഞ്ചാബിന്റെ യൂത്ത് അക്കാദമിയാണിത്. ബി13 വിഭാഗത്തിലെ ഫൈനലില്‍ ബ്രസീലിയന്‍ ടീം ഓര്‍ഡിന്‍ എഫ്‌സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മിനര്‍വയുടെ യുവനിര കിരീടം സ്വന്തമാക്കിയത്.

കളിതുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ മിനര്‍വ ലീഡെടുത്തു. അഞ്ച് മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും നേടിയ ഇന്ത്യന്‍ സംഘം ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും വലയിലെത്തിച്ചു. ഇതിനിടെ ഓര്‍ഡിന്‍ എഫ്‌സി ഒരു ഗോള്‍ മടക്കി.

രണ്ടാം പകുതിയില്‍ ഉടനീളം ബ്രസീലിയന്‍ സംഘത്തെ പിടിച്ചുനിര്‍ത്തിയ മിനര്‍വ ഒടുവില്‍ കിരീടവുമായി മടങ്ങുകയായിരുന്നു.

Content Highlights: Minerva Academy become first Indian team to win Gothia Cup