സെക്കൻഡ് ഹാഫിലെ മെസ്സി

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് നല്ലപ്രായത്തിൽ ഫുട്ബോൾ കളി നിർത്തി പരിശീലകനായ ആളാണ് ജർമൻകാരനായ തോമസ് ടുഷേൽ. രണ്ടുപതിറ്റാണ്ടുനീണ്ട ക്ലബ് കരിയറിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 12 കിരീടങ്ങളുമുണ്ട്. ലോകകപ്പ് സെമിയിൽ അർജന്റീനയ്‌ക്കെതിരേ ഗോൾ നേടിയശേഷം ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാൻ പ്രതിരോധത്തിലേക്ക് മാറ്റിയതിനെതിരേ കടുത്തവിമർശനം നേരിടുകയാണിപ്പോൾ ടുഷേൽ. അമിതപ്രതിരോധത്തിലാകുന്നത് പ്രതിസന്ധിയാകുമെന്ന് അറിഞ്ഞിട്ടും ടുഷേൽ അതിന് തയ്യാറായതിനുപിന്നിൽ ഒരു കാരണമേയുള്ളൂ. മറുപാതിയിൽ ലയണൽ മെസ്സിയുടെ സാന്നിധ്യമാണത്. ഇംഗ്ലണ്ട് 55-ാം മിനിറ്റുവരെ ഗോളിനായാണ് കളിച്ചത്. ആന്റണി ഗോർഡനിലൂടെ ഗോൾ നേടിയതോടെ ടീം പ്രതിരോധത്തിലേക്കു മാറി. മധ്യനിരയിൽ അർജന്റീന ആധിപത്യം നേടിയതാണ് അതിന്റെ പ്രധാന കാരണം.
തന്ത്രങ്ങളുടെ കളി
4-2-3-1 ഫോർമേഷനിലാണ് ടുഷേൽ ഇംഗ്ലണ്ടിനെ ഇറക്കിയത്. മുൻ കളിയിൽനിന്ന് വ്യത്യസ്തമായി ജൂഡ് ബെല്ലിങ്ങാം സെൻട്രൽ മിഡ്ഫീൽഡറുടെ റോളിലായി. ഹാരി കെയ്നിനെ താഴോട്ടിറക്കി കളിപ്പിച്ചു. വിങ്ങർമാരായ ആന്റണി ഗോർഡനും മോർഗൻ റോജേഴ്സിനുമായിരുന്നു ആക്രമണച്ചുമതല. ലയണൽ സ്‌കലോണി അർജന്റീനയെ 4-4-2 ശൈലിയിൽ ഇറക്കി. കളി തുടങ്ങിയപ്പോൾ അത് 4-1-4-1ലേക്കുമാറി. ലിയനാർഡോ പരേഡസ് പ്രതിരോധത്തിനും മധ്യനിരയ്ക്കും ഇടയിൽ കളിച്ചു. മെസ്സി ഏക ഫോർവേഡായും മാറി. ഹൂലിയൻ അൽവാരസ് മധ്യനിരയ്‌ക്കൊപ്പം കളിച്ചു. രണ്ടു പരിശീലകരും മധ്യനിരയിൽ ആധിപത്യത്തിനു ശ്രമിച്ചു. ഇതാണ് ആദ്യപകുതിയെ സംഘർഷഭരിതമാക്കിയത്.
മാറ്റത്തിന്റെ സെക്കൻഡ് ഹാഫ്
ഇംഗ്ലണ്ട് ഗോൾ നേടിയതോടെ കളി മാറി. ഇതോടെ സ്‌കലോണി അർജന്റീനാ ടീമിൽ നാലു മാറ്റംവരുത്തി. പരേഡസിനുപകരം നിക്കോ ഗോൺസാലസ്, നഹുൽ മൊളീനയ്ക്കുപകരം ഗോൺസാലോ മോണ്ടിയാൽ, യൂലിയാനോ സിമിയോണിക്കുപകരം റോഡ്രിഗോ ഡിപോൾ, ലിസാൻഡ്രോ മാർട്ടിനെസിനുപകരം നിക്കോളാസ് ഒട്ടാമെൻഡി എന്നിവർ കളത്തിലെത്തി. പകരക്കാർക്കൊപ്പം സ്‌കലോണി ടീമിന്റെ ഗെയിംപ്ലാൻ മാറ്റി. അതുവരെ മുന്നേറ്റത്തിൽ കളിച്ച മെസ്സിയെ വലതു ഹാഫ് സ്പേസിൽ കളിപ്പിച്ചു. വലതുവിങ്ങിലൂടെ കയറിക്കളിക്കാൻ വിങ് ബാക്ക് മോണ്ടിയാലിനെ നിയോഗിച്ചു. നിക്കോയും അൽവാരെസും 81-ാം മിനിറ്റിൽ കളത്തിലേക്കു വന്ന ലൗട്ടാറോ മാർട്ടിനെസും ആക്രമണത്തിലേക്കുവന്നു. പ്രതിരോധച്ചുമതല ഒട്ടാമെൻഡിക്കും ക്രിസ്റ്റ്യൻ റൊമേറോയ്ക്കും മാത്രം നൽകി. ഇതിനിടെ ടുഷേൽ ഗോർഡനെ പിൻവലിച്ച് എസ്റി കോൻസയെ ഇറക്കി പ്രതിരോധം ശക്തമാക്കി. മെസ്സി ഹാഫ് സ്പെയ്സ് കേന്ദ്രീകരിച്ച് കളിച്ചതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിൽ വിള്ളൽവീണു. എൻസോ ഫെർണാണ്ടസ് പ്ലേമേക്കർ റോളിലേക്കു മാറിയതോടെ മെസ്സിയിലേക്ക് നിരന്തരം പന്തെത്തി. മെസ്സി ക്രോസുകളും ഡയഗണൽ പാസുകളും ബോക്‌സിലേക്ക് നൽകിക്കൊണ്ടിരുന്നു. അർജന്റീനയ്ക്ക് ആക്രമണം സംഘടിപ്പിക്കാൻ സമയം ലഭിച്ചു.
ഇംഗ്ലണ്ട് എട്ടുതാരങ്ങളെ പ്രതിരോധനിരയിൽ വിന്യസിച്ചാണ് പ്രതിരോധമൊരുക്കിയത്. ഇതോടെ ഫൈനൽ തേഡിൽ അർജന്റീനാ താരങ്ങൾക്ക് സ്വാതന്ത്ര്യം കുറഞ്ഞതിനാൽ എൻസോ ലോങ് റേഞ്ചറുകൾ പരീക്ഷിച്ചു. ഹാഫ് സ്പേസിൽ മെസ്സിയുടെ ഇടപെടലുകളിൽ ഇംഗ്ലണ്ട് പ്രതിരോധം പതറി. കളിതീരാൻ അഞ്ചുമിനിറ്റ് ബാക്കിനിൽക്കേ മെസ്സി ബോക്സിനു മുന്നിലേക്കു നൽകിയ പാസിൽനിന്ന് എൻസോയുടെ ലോങ്‌റേഞ്ചറിൽ ആദ്യഗോൾ. അടുത്ത ഗോളിന്റെ ക്രോസ് നൽകുമ്പോൾ മെസ്സിയെ തടയാൻ മുന്നിൽ രണ്ട് ഇംഗ്ലീഷ് താരങ്ങളുണ്ടായിരുന്നു. ക്രോസ് വന്നാൽ പ്രതിരോധിക്കാൻ അഞ്ച് ഇംഗ്ലീഷ് താരങ്ങൾ വേറേയും. പക്ഷേ, മറ്റൊരു പകരക്കാരനായി എത്തി, ഫോർവേഡ് ലൈനിൽ കളിക്കുന്ന ലൗട്ടാറോ മാർട്ടിനെസിന്റെ തല ലക്ഷ്യമാക്കി തൊടുത്ത ക്രോസ് കിറുകൃത്യമായിരുന്നു.
Content Highlights: Thomas Tuchel's defensive shift in response to Messi's presence, Lionel Scaloni's strategic substitutions changing the game's flow, Messi moving to the half-space to exploit defensive gaps, Enzo Fernandez's long-range impact and Lautaro Martinez's clinical finish