ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ നേടി സമനില പിടിച്ച് യുണൈറ്റഡ്, റെലിഗേഷൻ സോണിലേക്ക് കൂപ്പുകുത്തി മുൻ ചാമ്പ്യന്മാർ

#സ്പോർട്സ് ഡെസ്ക്
ബ്രൂണോ ഫെർണാണ്ടസ് |  AFP
ബ്രൂണോ ഫെർണാണ്ടസ് | AFP

മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിന്നിൽ തിരിച്ചുവന്ന് സമനില പിടിച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡ്. ആസ്റ്റൺ വില്ലയ്‌ക്കെതിരേയാണ് തോൽവിയുടെ വക്കിൽ നിന്ന് മാഞ്ചെസ്റ്റർ ആശ്വാസ സമനില സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ നേടിയാണ് യുണൈറ്റഡ് തോൽവി ഒഴിവാക്കിയത്. ഇരുടീമുകളും നാല് ഗോളുകൾ വീതം നേടി.

ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിനെ ഞെട്ടിച്ചാണ് ആസ്റ്റൺ വില്ല തുടങ്ങിയത്. മത്സരം ആരംഭിച്ച് ഒന്നാം മിനിറ്റിൽ തന്നെ വില്ല ഗോളടിച്ചു. മുന്നേറ്റങ്ങൾക്കൊടുവിൽ പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് ആലിസൺ തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. പിന്നാലെ നാലാം മിനിറ്റിലും വില്ല വലകുലുക്കിയതോടെ യുണൈറ്റഡ് ഞെട്ടി. നിക്കോളാസ് ജാക്‌സണാണ് സ്‌കോറർ. പിന്നീട് യുണൈറ്റഡ് തിരിച്ചടിക്കാൻ അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറി. 16-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ ആദ്യഗോൾ നേടി.

പിന്നീട് ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് യുണൈറ്റഡ് സമനിലഗോൾ നേടി. യൂറി ടീലിമാൻസാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല വീണ്ടും യുണൈറ്റഡിനെ പ്രതിരോധത്തിലാക്കി. 48-ാം മിനിറ്റിൽ മക്ഗിൻ നേടിയ പെനാൽറ്റി ഗോളിലൂടെ വില്ല ഒരിക്കൽകൂടി മുന്നിലെത്തി. 53-ാം മിനിറ്റിൽ ലിയോൺ ഗൊറെട്‌സ്‌കെ വില്ലയ്ക്കായി നാലാം ഗോളും കണ്ടെത്തി. അതോടെ സ്‌കോർ 4-2 ആയി മാറി.

മത്സരത്തിൽ യുണൈറ്റഡ് ആരാധകർ പോലും തോൽവിയുറപ്പിച്ച ഘട്ടത്തിൽ അവിശ്വസനീയമായി തിരിച്ചുവരുന്ന യുണൈറ്റഡിനെയാണ് ഇഞ്ചുറി ടൈമിൽ കാണുന്നത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സെർക്‌സീയിലൂടെ യുണൈറ്റഡ് സ്‌കോർ 4-3 ലെത്തിച്ചു. പിന്നാലെ അവസാനമിനിറ്റിൽ ലഭിച്ച കോർണറിൽ നിന്ന് ഹെഡർ ഗോളുമായി പാട്രിക് ഡൊർഗു യുണൈറ്റഡിന് ആശ്വാസസമനില സമ്മാനിച്ചു.

അതേസമയം പോയന്റ് ടേബിളിൽ യുണൈറ്റഡ് 18-ാം സ്ഥാനത്തേക്ക് വീണു. 10 മത്സരങ്ങളിൽ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോൽവിയുമടക്കം എട്ട് പോയന്റ് മാത്രമാണ് മുൻ ജേതാക്കളുടെ സമ്പാദ്യം. നിലവിൽ റെലിഗേഷൻ സോണിലാണ് ക്ലബ്ബ്. പരിശീലകൻ മൈക്കേൽ കാരിക്കിന്റെ സ്ഥാനം അപകടത്തിലാണ്.

Content Highlights: Manchester United secured a dramatic 4-4 draw against Aston Villa