ആ ഫൈനൽ ദിവസം മെസ്സിയെ കുളിമുറിയിൽ പൂട്ടി, ജനൽ തകർത്ത് പുറത്തുചാടി

പന്തുതട്ടിക്കൊണ്ട് അയാൾ ആറുവാരയോളം കുതിക്കുന്നു; അതിനിടയിൽ അയാൾ പന്തിനെ കൃത്യമായും സൗമ്യമായും സ്പർശിച്ചിട്ടുണ്ടാവും; ചുറ്റിത്തിരിഞ്ഞ് ഓടിയിട്ടുണ്ടാവും. അതുമല്ലെങ്കിൽ, കുതിക്കാനൊരുങ്ങുന്ന ഒരു ഇരപിടിയനെപ്പോലെ പന്തിന്റെ ഗതി നിരീക്ഷിച്ചുകൊണ്ട് പിന്നിലെവിടെയോ പതുങ്ങി നിൽക്കുന്നുണ്ടാവും…. വീണ്ടും പന്തുകിട്ടിയാലുടനെ അയാളതിനെ നിശ്ചലമാക്കുന്നു; വെട്ടിത്തിരിഞ്ഞ് പിന്നെയതിനെ എതിർകളിക്കാരനുചുറ്റും കറക്കിയെടുക്കുന്നു; ഞൊടിയിടയിൽ ഗോൾപോസ്റ്റിനുള്ളിലേക്ക് പറഞ്ഞയക്കുന്നു.
Cola de vaca (പശുവിന്റെ വാല്) എന്ന് ലാറ്റിനമേരിക്കൻ ഗ്രാമ്യഭാഷയിൽ അറിയപ്പെടുന്ന ഈ ഫുട്ബോൾതന്ത്രം എത്രയെത്ര തവണയാണ് ലയണൽ മെസ്സി പരീക്ഷിച്ചിട്ടുള്ളത്! ഓരോ പ്രാവശ്യവും ആദ്യമായി കാണുന്ന പുതുമയോടെ നമ്മളത് കണ്ടുനിന്നു; ദുർമന്ത്രവാദത്താൽ ചലനമറ്റവരെപ്പോലെ.
ഫുട്ബോൾ ഓർമ്മകളുടെകൂടി കളിയാണെന്ന് കാറ്റലൻ എഴുത്തുകാരനായ ജോർദി പുൻതി (Jordi Punti) അദ്ദേഹത്തിന്റെ Messi-Lessons in Style എന്ന പുസ്തകത്തിൽ പറയുന്നു. ഓരോ ഗോളും മറ്റൊന്നിന്റെ ഓർമ്മയെ കൊണ്ടുവരുന്നു. അങ്ങനെവരുമ്പോൾ ഒരു കളിക്കാരൻ ഒരേസമയം നേടുന്നത് രണ്ടുഗോളുകളാണ്. ഒന്ന് അയാൾ അപ്പോൾ ആഘോഷിച്ചത്; മറ്റൊന്ന് കളി കാണുന്നയാൾ അയാളുടെമാത്രം ഓർമ്മയിൽ ആഘോഷിച്ചതും. അങ്ങനെയെങ്കിൽ ഏറ്റവുമധികം ഓർമ്മകൾ കൊണ്ടുവന്നിട്ടുള്ള കളിക്കാരൻ മെസ്സിയായിരിക്കണം. ‘പശുവിന്റെ വാലി‘ലൂടെ അയാൾ ഗോൾ നേടുമ്പോൾ നമ്മൾ റൊമാരിയോവിനെ ഓർക്കുന്നു. ചിലപ്പോളയാൾ ഓർമ്മിപ്പിക്കുന്നത് മാറഡോണയെയായിരിക്കും, മറ്റുചിലപ്പോൾ ക്രൈഫിനെ, അല്ലെങ്കിൽ ഗരീഞ്ചയെ. പക്ഷേ, എപ്പോഴും അയാൾ അയാളുടേതുമാത്രമായ ഒരോർമ്മയിൽ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു.
മെസ്സി ദൈവമാണ് എന്നൊക്കെ എല്ലാവരും പറയും. പക്ഷേ, പുൻതി പറയുന്നത് ചിലപ്പോഴെങ്കിലും അദ്ദേഹം നരബലി സ്വീകരിക്കുന്ന ഒരു ആസ്ടെക് ദൈവത്തെപ്പോലെയാണെന്നാണ്. ബാഴ്‌സലോണ ഫുട്ബോൾക്ലബ്ബിൽ അദ്ദേഹത്തെ നിലനിർത്താൻവേണ്ടി ഓരോ സീസണിലും കളിക്കാരെ ഒഴിവാക്കേണ്ടി വന്നു. ആദ്യം റൊണാൾഡീന്യോയും ഡെക്കോയും ടീമിൽനിന്ന് പുറത്തായി. പിന്നാലെ ബാഴ്‌സയ്ക്കുവേണ്ടി 36 ഗോളുകൾനേടിയ സാമുവൽ എറ്റുവും.
സ്വീഡിഷ് സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒരിക്കൽ പ്രഖ്യാപിച്ചു: ‘‘മെസ്സി ഒരു പ്രതിഭാശാലിയാണ്; ഞാനാകട്ടെ ദൈവവും.” എന്നാൽ, പിന്നീട് മെസ്സിയുടെ ശൈലിയുമായി യോജിച്ചുപോകാത്തതിന്റെ പേരിൽ ഈ ദൈവത്തെപ്പോലും ബലികൊടുക്കേണ്ടിവന്നു. അർജന്റൈൻ ദേശീയടീമിലെയും കഥ വേറെയായിരുന്നില്ല. മെസ്സിയെ കേന്ദ്രീകരിച്ച് തന്ത്രങ്ങൾ രൂപപ്പെടുത്തിയപ്പോൾ പുറത്തായത് പ്രമുഖ കളിക്കാരനായ കാർലോസ് ടെവെസ് ആയിരുന്നു. മെസ്സിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ മൗറോ ഇക്കാർദിയെപ്പോലുള്ള കളിക്കാരും ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടു. പക്ഷേ, ഈ ‘നരബലി’ മിക്കപ്പോഴും മെസ്സി ആവശ്യപ്പെട്ടിട്ടായിരിക്കണമെന്നില്ല. അദ്ദേഹം എപ്പോഴും സഹകളിക്കാരെ പിന്തുണയ്ക്കുകയും അവർക്ക് ഗോളവസരങ്ങൾ ഒരുക്കിക്കൊടുക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ശൈലി സ്വന്തം കാലുകളിലേക്ക് ആവാഹിക്കാൻ കഴിയാത്തതിനാലാണ് അവർ പുറത്തുപോകേണ്ടിവന്നത്. ദൈവങ്ങൾ അങ്ങനെയും കൂടിയാണ്; അവർ പ്രജകൾക്ക് നന്മവരുത്തുകമാത്രമല്ല അവരുടെ രക്തം കുടിക്കുകയുംചെയ്യും.
പുൻതി എഴുതുന്നു: ‘കണ്ണാടികളുടെ കളിയായ ആധുനികഫുട്ബോളിൽ ഒരു കാലാതീതരൂപിയാകാൻ വിധിക്കപ്പെട്ടിരിക്കയാണ് മെസ്സി. ഒരേസമയം അടുത്തും അകലെയുമാണ് അയാൾ. സമരതന്ത്രങ്ങളുടെ പട്ടാളക്കുപ്പായത്തിനുള്ളിൽ ബന്ധിതനാക്കപ്പെട്ടിരിക്കുമ്പോഴും ഒരു അരാജകവാദിയുടെ സ്വാതന്ത്ര്യം അയാൾ പ്രകടിപ്പിക്കുന്നു. നമ്മുടെ ഭാവനയിൽ നിലനിൽക്കുന്ന ആ ഇതരലോകത്തെ അയാൾ പരിപോഷിപ്പിക്കുന്നു.’
മെക്സിക്കൻ എഴുത്തുകാരൻ ഹുവാൻ വിയോറോ (Juan Villoro) എഴുതിയ God is Round എന്ന പുസ്തകത്തിൽ ഈ ഇതരലോകത്തേക്കുള്ള മെസ്സിയുടെ കടന്നുകയറ്റത്തെ വിവരിക്കുന്ന ഒരു സംഭവമുണ്ട്: കുട്ടിക്കാലത്ത് ഒരു ഫുട്ബോൾ ഫൈനൽമത്സരത്തിന്റെ ദിവസം മെസ്സിയെ ആരോ കുളിമുറിയിൽ പൂട്ടി. മുട്ടിവിളിച്ചിട്ടും ആഞ്ഞാഞ്ഞിടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. അവന് സങ്കല്പിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു കളിജയിച്ചാൽ കിട്ടുക: ഒരു സൈക്കിൾ. കളി തുടങ്ങാറായി. ആരും വാതിൽ തുറക്കാൻ വന്നില്ല. ഒടുവിൽ ജനൽ തകർത്ത് അവൻ പുറത്തുചാടി. മെസ്സിയുടെ ഹാട്രിക്കിൽ ടീം കളിജയിച്ചു. ഏതുപ്രതിരോധവും തകർക്കാനുള്ള അമാനുഷികമായ കഴിവ് മെസ്സി നേടിയത് താഴിട്ടുപൂട്ടിയ ആ കുളിമുറിക്കകത്തുനിന്നാകാം.
മെസ്സിയുടെ ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളെപ്പറ്റി പുൻതി വിശദമായിത്തന്നെ എഴുതുന്നുണ്ട്. മെസ്സിയുടെ അമ്മയെയും മകനെയും മുതൽ ബാർസലോണയിലെ പ്രസിദ്ധമായ സഗ്രാദ ഫമീലിയ പള്ളിയിലെ ബിംബങ്ങളും ക്രൂശിതനായ ക്രിസ്തുവുംവരെ ആ ശരീരത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. പച്ചകുത്തുന്നവനുംകൂടിയാണ് മെസ്സി. അതുപക്ഷേ, ഗോളുകൾകൊണ്ട് നമ്മുടെ ഓർമ്മകളിലാണെന്നുമാത്രം. എതിർകളിക്കാരന് ആ ഗോളിനെപ്പറ്റി ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. ഒരിക്കൽ അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഡിഫൻഡറായ പെർനീയയെ ശരീരത്തിന്റെ ഒരു ലഘുചലനംകൊണ്ട് മറികടന്ന് മെസ്സി ഗോൾനേടി. “മെസ്സി എന്താണ് നിങ്ങളോടു ചെയ്തത്?” -വീട്ടിലെത്തിയപ്പോൾ പെർനീയയോട് ഭാര്യ ചോദിച്ചു. “എനിക്കറിയില്ല. അതേപ്പറ്റി നീ പറഞ്ഞുതരണം. കാരണം നീയല്ലേ കളികണ്ടത്?” എന്നായിരുന്നു പെർനീയയുടെ മറുപടി. ശരിയാണ്, കാണികൾക്കുവേണ്ടിയാണ് അയാൾ കളിച്ചത്. അവർക്കേ ആ ഗോളുകളുടെ സൗന്ദര്യം മനസ്സിലാവൂ.
മെസ്സിയുടെ നാടായ റൊസാരിയോയിൽ ജനിച്ച കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ റോബർട്ടോ ഫോൻതാനറോസ്സ (Roberto Fontanarrosa) ‘ഒരു അർജന്റീനക്കാരന്റെ സ്വപ്നം‘ എന്ന പേരിൽ എഴുതിയ ഒരു കഥയുണ്ട്: കുറച്ചുസുഹൃത്തുക്കൾ ചുട്ടെടുത്ത ഇറച്ചി കഴിച്ചുകൊണ്ട് ഫുട്ബോളിനെപ്പറ്റി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അവർക്കുമനസ്സിലായി തങ്ങൾ മരിച്ചവരാണെന്ന്. അപ്പോൾത്തന്നെ മറ്റൊരു തിരിച്ചറിവുകൂടിയുണ്ടായി- ഇപ്പോളവർ സ്വർഗത്തിലാണ്. കാരണം, സ്വർഗത്തിലിരുന്നേ ചുട്ട ഇറച്ചി കഴിച്ചുകൊണ്ട് ഫുട്ബോളിനെപ്പറ്റി ചർച്ചചെയ്യാൻ കഴിയൂ! അർജന്റീനയിൽനിന്ന് പിന്നീട് ഫുട്ബോളിന്റെ ആ സ്വർഗം ലോകംമുഴുവൻ പരന്നു. ‘മിശിഹ’യെന്നറിയപ്പെട്ട ഒരു കുറിയ മനുഷ്യനായിരുന്നു ആ സ്വർഗവാഹകരിൽ പ്രധാനി. അയാളിപ്പോൾ പടിയിറങ്ങിപ്പോവുകയാണ്. സമയവും ഭൂഗോളവും നിശ്ചലമായിക്കഴിഞ്ഞു. പക്ഷേ, അയാളടിച്ച പന്തിനുചുറ്റും കറങ്ങുന്ന ഓർമ്മകൾ പശുവിന്റെ വാലുപോലെ നമ്മുടെ മനസ്സിൽ വെട്ടിത്തിരിഞ്ഞുകൊണ്ടേയിരിക്കും.
Content Highlights: Lionel Messi's signature moves like the Cola de vaca., Literary perspectives on Messi from Jordi Punti and Juan Villoro