മുഴച്ച് വീർത്ത് മെസ്സിയുടെ നെറ്റി; ഗ്രൗണ്ടിൽ ഫൗളും ആദരവും ഒരുമിച്ച്, പിന്നാലെ കെട്ടിപ്പിടിത്തവും

മയാമി: കേപ് വെർദെയ്‌ക്കെതിരായ നോക്കൗട്ട് പോരാട്ടത്തിനിടെ അർജന്റൈൻ താരം ലയണൽ മെസ്സിക്ക് പരിക്ക്. മത്സരാനന്തരമുള്ള വാർത്താസമ്മേളനത്തിൽ നെറ്റിയിൽ പരിക്കേറ്റ നിലയിലായിരുന്നു താരം. കേപ് വെർദെ പ്രതിരോധ താരത്തിന്റെ കാൽമുട്ട് നെറ്റിയിൽ ശക്തമായി ഇടിച്ചതിനെത്തുടർന്ന് നെറ്റിയിൽ നീരും വീക്കവും വന്നു. രണ്ടാംപകുതിയുടെ അധികസമയത്താണ് ഈ പരിക്കേറ്റത്. 120 മിനിറ്റിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ കഷ്ടിച്ച് ജയിച്ചാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്.
സ്‌കോർ 1-1 ൽ നിൽക്കേ, ബോക്‌സിനു പുറത്തുവെച്ച് കേപ് വെർദെ താരം മെസ്സിയെ ഫൗൾ ചെയ്തു. താഴെ വീഴുന്നതിനിടെ മെസ്സിയുടെ തല കേപ് വെർദെ പ്രതിരോധ താരത്തിന്റെ കാൽമുട്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു. നീര് കുറയ്ക്കാൻ മെസ്സി പിന്നീട് ഐസ് പാക്ക് ഉപയോഗിച്ചു. മെസ്സിയെ പൂട്ടാൻ കേപ് വെർദെ എത്രത്തോളം ശ്രമിച്ചുവെന്നും, അതിനെയെല്ലാം മറികടന്ന് മെസ്സി നടത്തിയ കായിക പോരാട്ടവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഫൗളുകളും കടുത്ത പോരാട്ടങ്ങളും കാഴ്ചവെച്ചെങ്കിലും കേപ് വെർദെ കളിക്കാർ മെസ്സിയോട് ബഹുമാനം കാത്തുസൂക്ഷിച്ച നിമിഷങ്ങളും മത്സരത്തിനിടെയുണ്ടായി. ഫൗൾ സംഭവിച്ചതിനു പിന്നാലെത്തന്നെ കേപ് വെർദെ താരങ്ങൾ മെസ്സിയെ എഴുന്നേൽക്കാൻ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മത്സരം കഴിഞ്ഞ് കേപ് വെർദെ ടീം പുറത്തായതിന്റെ സങ്കടത്തിനിടയിലും മെസ്സിയുടെ അടുത്തുവന്ന് ഫോട്ടോയെടുത്തു. അതിനായി മെസ്സിയുടെ മത്സരാനന്തരമുള്ള അഭിമുഖം കഴിയുന്നതുവരെ ക്ഷമയോടെ കാത്തുനിന്നു. കേപ് വെർദെ ഗോൾക്കീപ്പർ വൊസിന്യയും മെസ്സിയും പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ചതും മനോഹര കാഴ്ചയായി.
Content Highlights: Lionel Messi sustained a forehead injury during the knockout match against Cape Verde., The injury occurred due to a collision with an opponent's knee in injury time.