എതിർ താരത്തിന്റെ തലയ്ക്ക് പിന്നിൽ അടിച്ചു; ലയണൽ മെസ്സിക്ക് പിഴ ചുമത്തി എംഎൽഎസ് | വീഡിയോ

ഡാലസ്: മേജർ ലീഗ് സോക്കറിൽ ഫിലാഡെൽഫിയ താരം ക്വിൻ സള്ളിവനെ തലയിൽ അടിച്ച ഇന്റർ മയാമി താരം ലയണൽ മെസ്സിക്ക് പിഴ. എന്നാൽ പിഴത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്റർ മയാമി ഡിഫെൻഡർ ഇയാൻ ഫ്രേയ്ക്കും പിഴ ചുമത്തിയതായി മേജർ ലീഗ് സോക്കർ അധികൃതർ വ്യക്തമാക്കി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് മെസ്സി സള്ളിവന്റെ തലയ്ക്ക് പിന്നിൽ അടിച്ചത്. മിഡ്ഫീൽഡിന് സമീപംവെച്ച് സള്ളിവനുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സള്ളിവന്റെ തലയ്ക്ക് പിന്നിൽ അടിക്കുകയുമായിരുന്നു. ഇതോടെ സള്ളിവൻ മെസ്സിയുടെ അടുത്തേക്ക് വന്ന് വാഗ്വാദത്തിലേർപ്പെട്ടു. എന്നാൽ ഈ സംഭവത്തിൽ രണ്ട് താരങ്ങൾക്കും കാർഡ് ലഭിച്ചിരുന്നില്ല. തുടർന്ന് എം.എൽ.എസ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് എതിർതാരത്തിന്റെ മുഖത്തോ തലയിലോ കഴുത്തിലോ സ്പർശിക്കരുതെന്ന നിയമം മെസ്സി ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.
പിതാവ് ഹോർഹെ മെസ്സിയുടെ വിയോഗത്തിന് ശേഷം മെസ്സി ആദ്യമായി ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മത്സരത്തിന് ശേഷമാണ് ഈ ശിക്ഷാ നടപടി. ഇതേ നിയമപ്രകാരം മെസ്സി ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമല്ല. 2025 ഫെബ്രുവരിയിൽ ന്യൂയോർക്ക് സിറ്റി എഫ്.സിയുമായുള്ള മത്സരത്തിനിടയിലും എതിർതാരത്തിന്റെ മുഖം, തല, കഴുത്ത് എന്നിവിടങ്ങളിൽ സ്പർശിച്ചതിന് എം.എൽ.എസ് മെസ്സിക്ക് പിഴ ചുമത്തിയിരുന്നു.
മത്സരത്തിനിടെയുണ്ടായ മറ്റൊരു സംഭവത്തിൽ ബോക്‌സിലേക്ക് പന്തുമായി മുന്നേറുന്നതിനിടയിൽ കാൽ വഴുതിവീണ സള്ളിവൻ, ഇന്റർ മയാമി ഡിഫെൻഡർ ഫ്രേയുമായി കൂട്ടിയിടിച്ചു. തുടർന്ന് ഫ്രേ സള്ളിവന്റെ കഴുത്തിന് പിടിച്ചതോടെ മറ്റൊരു സംഘർഷത്തിന് കൂടി കളമൊരുങ്ങി. മെസ്സിയുടെ കാര്യത്തിൽ ഉപയോഗിച്ച അതേ നിയമപ്രകാരം എം.എൽ.എസ് ഫ്രേയ്ക്കും പിഴ ചുമത്തി. തുടർന്നുണ്ടായ സംഘർഷങ്ങളെത്തുടർന്ന് രണ്ട് ചുവപ്പ് കാർഡുകളും പിറന്നു. പന്തിൽ ടച്ചില്ലാത്ത സമയത്തുണ്ടായ ഉന്തുംതള്ളും കാരണം മയാമി മിഡ്ഫീൽഡർ യാനിക് ബ്രൈറ്റും ഫിലാഡൽഫിയയുടെ ക്വിൻ സള്ളിവന്റെ ഇളയ സഹോദരൻ കാവൻ സള്ളിവനുമാണ് റെഡ് കാർഡ് ലഭിച്ചത്. പിന്നീട് കാവൻ സള്ളിവന് ലഭിച്ച ശിക്ഷ റദ്ദാക്കി. ഫിലാഡൽഫിയ നൽകിയ അപ്പീൽ പരിഗണിച്ച എം.എൽ.എസിന്റെ സ്വതന്ത്ര റിവ്യൂ പാനൽ, ചുവപ്പ് കാർഡും ഒരു മത്സരത്തിലെ വിലക്കും ഏകകണ്ഠമായി ഒഴിവാക്കുകയാണെന്ന് സ്ഥിരീകരിച്ചു. ഈ തീരുമാനത്തോടെ ഫിലാഡൽഫിയയുടെ അടുത്ത മത്സരത്തിൽ കാവൻ സള്ളിവന് കളിക്കാൻ സാധിക്കും.
ലയണൽ മെസ്സി ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി. മെസ്സിയെ കൂടാതെ ഡാനിയൽ പിന്ററാണ് ഇന്റർ മയാമിക്കായി ഗോൾ നേടിയത്. ഇൻഡിയാന വാസിലേവ്, നീൽ പിയേറ എന്നിവരാണ് ഫിലാഡെൽഫിയയുടെ ഗോൾ നേടിയത്.
Content Highlights: Lionel Messi fined by MLS for contact with Quinn Sullivan's head and neck area during a 2-2 draw., Inter Miami defender Ian Fray also fined for a separate incident involving Sullivan., Messi avoided a suspension despite being sanctioned under the league's disciplinary policy., Cavan Sullivan's red card from the same match was successfully appealed and rescinded.