അവസാനമത്സരത്തിലും മെസ്സി മാജിക്; ആനന്ദിപ്പിച്ച് മടങ്ങുന്നു ഇതിഹാസം

#സ്പോർട്സ് ഡെസ്ക്
ലയണൽ മെസ്സി | AFP
ലയണൽ മെസ്സി | AFP

ബ്യൂണസ് ഐറിസ്: ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയൊ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ ഒടുക്കം ആ ഫൈനൽ വിസിൽ മുഴങ്ങി. 90 മിനിറ്റല്ല, ഒരു യുഗം അവസാനിച്ചുവെന്ന ഓർമപ്പെടുത്തൽ. മെസ്സി വികാരനിർഭരനായി. നീലയും വെള്ളയും നിറത്തിലുള്ള ഈ കുപ്പായത്തിൽ ഇനിയില്ലെന്ന യാഥാർഥ്യത്തിൽ ആ പത്താം നമ്പറുകാരൻ ഇടറി. ആരാധകരുടെ കണ്ണുനിറഞ്ഞു. അവസാനമത്സരത്തിലും ആനന്ദിപ്പിച്ച് മനസ്ല് നിറച്ചാണ് മടക്കം. ഒരു ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ചാണ് ഇതിഹാസത്തിന്റെ മടക്കം. അർജന്റീനയ്ക്കായി ഇനി മെസ്സി ബൂട്ടണിയില്ല.

വികാരനിർഭരമായ രംഗങ്ങളായിരുന്നു ബ്യൂണസ് ഐറിസിൽ. മത്സരത്തിനായി അർജന്റീന ടീം സ്റ്റേഡിയത്തിലേക്ക് വരുമ്പോൾ റോഡിനിരുവശത്തും ആരാധകർ തടിച്ചുകൂടി. മെസ്സിയുടെ ജേഴ്സിയും ധരിച്ച് ഒട്ടേറെപ്പേർ ആർപ്പുവിളിച്ചു. കൊടിതോരണങ്ങൾകൊണ്ട് വഴിയോരങ്ങൾ നിറഞ്ഞു. ആ പത്താം നമ്പറുകാരനെ, അവരുടെ നായകനെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തി. ആരാധകരുടെ സ്നേഹാദരങ്ങൾക്ക് മുന്നിൽ മെസ്സി കണ്ണീരണിഞ്ഞു. ബസ്സിൽ വെച്ച് മെസ്സി വികാരനിർഭരനായി. തടിച്ചുകൂടിയവർക്കുനേരെ കൈവീശി കൊണ്ട് മെസ്സി നീങ്ങി.

പിന്നെ മത്സരത്തിനുള്ള കാത്തിരിപ്പിലായിരുന്നു ഫുട്ബോൾ ലോകമൊന്നാകെ. മത്സരത്തിന് മുന്നോടിയായി വാം-അപ്പിനിറങ്ങിയപ്പോഴും ആരാധകരുടെ നിലയ്ക്കാത്ത ആർപ്പുവിളി. അർജന്റീനയ്ക്കായുള്ള അവസാനത്തെ വാം-അപ്പ്. ഓരോ ടച്ചും ഓരോ നീക്കങ്ങളും ഇമചിമ്മാതെ കണ്ടുനിന്നു. കാരണം ഇത് അവസാനത്തേതാണ്. മത്സരം നിശ്ചയിച്ചതിലും എത്രയോ വൈകി. വാം-അപ്പിന് ശേഷം അർജന്റീന ടീം മടങ്ങി. അൽപ്പസമയത്തിന് ശേഷം മെസ്സിയും സംഘവും മൈതാനത്തേക്ക്. മൈതാനത്ത് മെസ്സിയുടെ വലിയ ഷർട്ട് പ്രദർശിപ്പിക്കപ്പെട്ടു. ദേശീയ ഗാനം ആലപിക്കുമ്പോഴും മെസ്സി കരഞ്ഞു. മെസ്സി മാത്രമല്ല, പരിശീലകൻ സ്കലോണിയും കരച്ചിലടക്കാൻ പാടുപെട്ടു. ബാനറുകളും പ്ലക്കാർഡുകളുമായി ഗാലറി നിറഞ്ഞു.

ഒ‍ടുക്കം നീലയും വെള്ളയും ചാലിച്ച കുപ്പായത്തിൽ മെസ്സി പന്തുതട്ടി തുടങ്ങി. മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള മെസ്സിയുടെ ഷോട്ട് ബെനിൻ ഗോളി തട്ടിയകറ്റി. പത്താം മിനിറ്റിൽ മത്സരം കുറച്ചുസമയം നിർത്തിവെച്ചു. സ്റ്റേഡിയത്തിൽ നിറഞ്ഞ കയ്യടികളുയർന്നു. ബെനിൻ താരങ്ങൾക്ക് ഹസ്തദാനം നൽകിയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്തു. മികച്ച മുന്നേറ്റങ്ങളുമായി അർജന്റീന കളംനിറയുന്നതാണ് പിന്നീട് കണ്ടത്. അതിനിടെ ബെനിന്റെ മികച്ച കൗണ്ടർ അറ്റാക്കിനൊടുക്കം ഷോട്ട് പുറത്തുപോയി.

20-ാം മിനിറ്റിൽ മെസ്സിക്ക് മികച്ച അവസരം കിട്ടി. എന്നാൽ, ഷോട്ട് പുറത്തേക്ക് പോയി. 26-ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് ബെനിൻ ഗോളി തട്ടിയകറ്റി. 33-ാം മിനിറ്റിലും മെസ്സിക്ക് അവസരം മുതലാക്കാനായില്ല. മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ടാണ് അർജന്റീന കളത്തിലിറങ്ങിയത്. തുടക്കത്തിൽ തന്നെ ലീഡുമെടുത്തു. അവസാനമത്സരത്തിൽ രാജ്യത്തിനായി അസിസ്റ്റോടെ മെസ്സി നിറഞ്ഞുനിന്നു. മെസ്സിയെടുത്ത കോർണറിൽ ഉഗ്രൻ ഷോട്ടിലൂടെ ഒട്ടാമെൻഡി വലകുലുക്കി. സ്റ്റേഡിയം ഇരമ്പിയാർത്തു. പിന്നാലെ മെസ്സിയുടെ ഫ്രീകിക്ക് ഗോളി സേവ് ചെയ്തു. മിനിറ്റുകൾക്കിപ്പുറം അർജന്റീനയുടെ രണ്ടാം ഗോളുമെത്തി. വലതുവിങ്ങിൽ നിന്ന് മെസ്സിയുടെ പാസ് സ്വീകരിച്ച നിക്കോ പാസ് തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.

ഒടുക്കം 71-ാം മിനിറ്റിൽ ആരാധകർ കാത്തുനിന്ന നിമിഷമെത്തി. അർജന്റൈൻ താരത്തെ ബോക്സിൽ വീഴ്ത്തിയതിന് റഫറിയുടെ കൈ പെനാൽറ്റി സ്പോട്ടിലേക്ക് നീണ്ടു. എല്ലാ കണ്ണുകളും മെസ്സിയിലേക്ക്. ഒരുനിമിഷം ഭൂതകാലം മിന്നിമറഞ്ഞിട്ടുണ്ടാകണം. റഫറിയുടെ വിസിൽ മുഴങ്ങിയതോടെ മെസ്സി കിക്കെടുത്തു. വെടിച്ചില്ല് ഷോട്ട്. അത് തടയാൻ ബെനിൻ ഗോളിക്ക് സാധിച്ചില്ല. അർജന്റീനയ്ക്ക് മൂന്നുഗേോൾ ലീഡ്. പിന്നീട് മെസ്സി മിന്നും പ്രകടനം പുറത്തെടുത്തു. ഗോൾ മാത്രം പിറന്നില്ല. ഇഞ്ചുറി ടൈമിലെ മെസ്സിയുടെ ഫ്രീകിക്ക് ഗോൾബാറിന് മുകളിലൂടെ പുറത്തുപോയി. പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങി. ഇതിഹാസം അവസാനമത്സരവും കളിച്ചുകഴിഞ്ഞിരിക്കുന്നു. ആരാധകരുടെ സ്നേഹാദരങ്ങളേറ്റുവാങ്ങി മെസ്സി മടങ്ങുന്നു.

Content Highlights: lionel Messi played his final international match for Argentina at Estadio Monumental., Contributed with a brilliant goal and an assist in the match., Received an emotional and overwhelming farewell from fans and teammates.