നിർണായകമായത് മെസ്സിയുടെ ബോഡി ഗാർഡുമായുള്ള ബന്ധം, കാത്തിരിപ്പ്; മെസ്സി നന്ദി അറിയിച്ചതിന് പിന്നിൽ

‘വളരെ സന്തോഷമുള്ള അനുഭവമാണ്. കുറേ നാളായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മെസ്സി ഇത് കണ്ടതിൽ വളരെയധികം സന്തോഷം.’ പിറന്നാൾ ആശംസയ്ക്ക് സാക്ഷാൽ മെസ്സി തന്നെ നന്ദി അറിയച്ചത് ഒരു സ്വപ്നം പോലെ തോന്നുകയാണ് കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാലിന്. യാദിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പിറന്നാൾ ആശംസാ വീഡിയോയ്ക്ക് താഴെയാണ് മെസ്സി കമന്റ് ചെയ്തത്. 'Gracias Yadil!' (നന്ദി യാദിൽ) എന്നാണ് മെസ്സി കമന്റായി കുറിച്ചത്. അതോടെ യാദിലും വീഡിയോയും ഇൻസ്റ്റഗ്രാമിൽ തരംഗമായി. മെസ്സിയോടുള്ള അടങ്ങാത്ത ആരാധനയുമായി യാദിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് സമാനതകളില്ല. സൗജന്യ മന്തിയും കൂറ്റൻ കട്ടൗട്ടും ഡിഫൻഡർ വാഹനത്തിലെ സ്റ്റിക്കറും എന്നുവേണ്ട ഹൃദയത്തിൽ നിറയെ ആ പത്താം നമ്പറുകാരനോടുള്ള സ്നേഹമാണ്.
'ലിയോയ്ക്ക് ജന്മദിനാശംസകൾ. കേരളത്തിൽനിന്ന് ഇന്ത്യൻ ജനതയുടെ സ്‌നേഹമറിയിക്കുന്നു. എന്റെ പരിശ്രമങ്ങൾ ഒരിക്കൽ ലിയോ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു' എന്നാണ് അർജന്റീനയുടെ ജഴ്‌സിയണിഞ്ഞുള്ള വീഡിയോയിൽ യാദിൽ പറഞ്ഞത്. കൊടുങ്ങല്ലൂരിൽ യാദിൽ വരച്ച മെസ്സിയുടെ കൂറ്റൻ മ്യൂറൽ ചിത്രം, ലോകകപ്പ് വിജയത്തിനു പിന്നാലെ നിർമിച്ച പ്രതിമ, തന്റെ ആഡംബരക്കാറായ ഡിഫൻഡറിൽ പതിപ്പിച്ച മെസ്സിയുടെ ചിത്രം എന്നിവ ചേർത്താണ് വീഡിയോ ചെയ്തിരിക്കുന്നത്. അതിന് താഴെയാണ് മെസ്സി നന്ദി അറിയിച്ച് കമന്റിട്ടത്. കമന്റ് ഒരു മില്ല്യൺ ലൈക്കും കടന്ന് കുതിക്കുകയാണ്.
കിരീടത്തിനായുള്ള കാത്തിരിപ്പ്...മെസ്സിയുടെ ബോഡി ഗാർഡുമായുള്ള ബന്ധം
2010 കാലത്തൊക്കെ മെസ്സി ക്ലബ്ബിന് വേണ്ടി കളിക്കുമ്പോഴും രാജ്യത്തിനായി ഒരു കപ്പും നേടാനായിരുന്നില്ല. അപ്പോഴും ഉറച്ച് വിശ്വസിച്ചിരുന്നു, മെസ്സി എന്തായാലും കപ്പ് നേടുമെന്ന്. അങ്ങനെയൊരു വിശ്വാസത്തിൽ നിന്നാണ് ഇത്രയും ഇഷ്ടം തോന്നുന്നത്. കപ്പില്ലാതിരുന്ന സമയത്തും കൂടെ നിന്നു. 2018 ലോകകപ്പിൽ മെസ്സിക്കായി കട്ടൗട്ട് വെക്കുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ ക്ലബ്ബുകളിലും മറ്റുമുള്ളവരാണ് ഇങ്ങനെ ചെയ്തിരുന്നത്. അത് കാണുമ്പോൾ ഞാനും കൂടാറുണ്ട്.- യാദിൽ പറയുന്നു
‘2014, 2015, 2016 വർഷങ്ങളിലൊക്കെ കപ്പ് നഷ്ടപ്പെടുമ്പോഴും ലോകത്തിലെ മികച്ച താരം മെസ്സി തന്നെയായിരുന്നു. ബാലൻദ്യോർ അടക്കം നേടുമ്പോഴും രാജ്യത്തിനായി ഒരു കിരീടമില്ല. ഒരു ലോകകപ്പും മൂന്ന് കോപ്പ അമേരിക്കയും നഷ്ടപ്പെടുന്നു. നാല് കിരീടങ്ങളാണ് കൈവിട്ടത്. എന്തോ ഒരു ഫൈനൽ ശാപമുണ്ടെന്നും കരിയറിൽ ഒരിക്കലും രാജ്യത്തിനായി കപ്പടിക്കില്ലെന്നും തോന്നിപ്പിച്ച ഘട്ടം. അവിടെ നിന്നാണ് അർജന്റീന കപ്പടിച്ചാൽ നാട്ടിൽ ഒരു ട്രിബ്യൂട്ട് ഒരുക്കാനുള്ള ആശയത്തിലെത്തിയത്. ആരാധകർ ആഗ്രഹിക്കുന്നതുപോലെ മെസ്സി കപ്പടിക്കുന്ന ചിത്രം അങ്ങനെയാണ് പ്രദർശിപ്പിക്കുന്നത്.’
‘ഇങ്ങനെ ചെയ്യുന്ന കാര്യങ്ങളൊക്കെ എന്നെങ്കിലും മെസ്സി കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് തൊട്ട് മെസ്സി ആരെയൊക്കെ ഫോളോ ചെയ്യുന്നുണ്ട്, മെസ്സി എന്തൊക്കെ ചെയ്യുന്നു, മെസ്സിയുമായി ബന്ധപ്പെടാനുള്ള വഴികൾ എന്നിവയെ കുറിച്ചെല്ലാം നിരീക്ഷിച്ചു. മെസ്സി ഫോളോ ചെയ്യുന്നവർക്കെല്ലാം മെസ്സേജ് അയച്ചു. ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടാനും ശ്രമിച്ചു. അന്നൊന്നും പോസിറ്റീവായിട്ടുള്ള പ്രതികരണങ്ങളുണ്ടായില്ല. മൂന്നുവർഷത്തോളം ഒരു റിപ്ലൈയ്ക്കായി കാത്തിരുന്നിട്ടുണ്ട്.’
‘അക്കൂട്ടത്തിലാണ് മെസ്സിയുടെ ബോഡി ഗാർഡായ യാസ്സിൻ ചുക്കോയ്ക്കും സന്ദേശങ്ങൾ അയക്കുന്നത്. ഒരുപാട് നാളുകൾക്കുശേഷം യാസ്സിൻ മറുപടി നൽകി. അതോടെ അദ്ദേഹത്തിന് മെസ്സിക്കായി ചെയ്ത കാര്യങ്ങൾ കാണിച്ചുകൊടുത്തു. അങ്ങനെ കൂടുതൽ ബന്ധപ്പെട്ടതോടെയാണ് മയാമിയിൽ വെച്ച് കാണാമെന്ന് അദ്ദേഹം അറിയിക്കുന്നത്. മയാമിയിൽ പോയപ്പോൾ യാസ്സിനെ കാണുകയും ചെയ്തു. അത് മാത്രമല്ല, ഇന്റർ മയാമിയിലെ ഒഫീഷ്യൽസുമായും ബന്ധപ്പെട്ടു. ചെയ്യുന്ന കാര്യങ്ങൾ അവരെ കാണിക്കുകയും ചെയ്യാറുണ്ട്.’
മറക്കില്ല, ഖത്തറിലെ ആ കാഴ്ച
‘ഇതുവരെ മെസ്സിയുടെ പന്ത്രണ്ടോളം മത്സരങ്ങൾ കാണാൻ പോയിട്ടുണ്ട്. അടുത്തിടെ ഇന്റർ മയാമിയുടെ കളി കാണാനും പോയി. മൈതാനത്തെ മെസ്സിയുടെ കളി കാണാനായി. ഖത്തർ ലോകകപ്പിലെ മത്സരങ്ങളും സൗദിയിലും മയാമിയിലും നടന്ന മത്സരങ്ങൾ കണ്ടു. എന്നാൽ അടുത്തുനിന്ന് മെസ്സിയെ കാണാനുള്ള ആഗ്രഹം ബാക്കിയാണ്. മെസ്സി കാരണം അറിയപ്പെടാനുള്ള അവസരമുണ്ടായി.’
‘ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മെസ്സി രാജ്യത്തിനായി ഒരു കപ്പ് നേടുകയെന്നതായിരുന്നു. അതും നടന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായിരുന്നു മെസ്സി ലോകകപ്പ് ഉയർത്തുന്ന കാഴ്ച. 2022ൽ വലിയ തുക മുടക്കിയാണ് ആ ഫൈനൽ കാണാൻ പോയത്. അത്രയും പൈസ കൊടുത്താൽ പോലും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. കിരീടമുയർത്തുന്നതോടെ ടിവിയിലെ ടെലികാസ്റ്റ് അവസാനിക്കും. അതിന് ശേഷം സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം മെസ്സി കിരീടനേട്ടം ആഘോഷിക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായി.’
‘കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്‌പോർട്‌സ് ഗ്രൂപ്പുകളിൽ സജീവമാണ്. ഓരോ ഫൈനൽ തോൽക്കുമ്പോഴും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ഫൈനൽ തോൽക്കുമ്പോഴെല്ലാം കടുത്ത പരിഹാസമാണ് നേരിട്ടിട്ടുള്ളത്. 2021 കോപ്പ അമേരിക്കയിൽ അർജന്റീനയും ബ്രസീലും ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും അങ്ങനെയുണ്ടായി. ബ്രസീൽ ജയിച്ചാൽ ബ്രസീലിന്റെ ജേഴ്‌സിയിൽ വന്ന് കടയിൽ വന്ന് മന്തി കഴിക്കാലോ എന്നും പറഞ്ഞു. അതോടെയാണ് അർജന്റീന കപ്പടിക്കുമെന്നും അർജന്റീന ജേഴ്‌സിയിൽ വരുന്നവർക്ക് സൗജന്യമായി മന്തി നൽകുമെന്നും പ്രഖ്യാപിച്ചത്. സമാനമായി ഡിഫൻഡിങ് ചാമ്പ്യൻസ് ആയതിനാൽ ഡിഫൻഡറിൽ അർജന്റീന ടീമിന്റെ ചിത്രം പതിച്ച് ട്രിബ്യൂട്ട് നൽകാമെന്നും കരുതി.’
മെസ്സി നേരിട്ട് നന്ദി അറിയിച്ചതിന്റെ സന്തോഷത്തിലാണ് യാദിൽ. വീഡിയോകളിൽ സ്പാനിഷ് ഭാഷയാണ് ഉപയോഗിക്കാറുള്ളത്. സ്പാനിഷ് പഠിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ട്രാൻസലേറ്റർ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ചില വീഡിയോകളിൽ എഐയുടെ സഹായവും തേടുന്നു. നമ്മുടെ ഇഷ്ടങ്ങൾക്ക് പിറകേ പോകാനും തളരാതെ, നിരാശപ്പെടാതെ മുന്നോട്ടുപോകണമെന്നും ഫുട്‌ബോൾ ആരാധകരോട് യാദിൽ പറയുന്നു. ലോകകപ്പിൽ അർജന്റീന നല്ല ടീമാണെന്നും എന്നാൽ സ്‌പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകൾക്ക് സാധ്യത കൂടുതലുണ്ടെന്നും യാദിൽ കൂട്ടിച്ചേർത്തു.
Content Highlights: Kodungallur native Yadil M. Iqbal received a direct comment from Lionel Messi on his Instagram tribute video., Yadil has been a dedicated Messi fan for years, creating murals, statues, and car wraps to honor the football legend., The connection was facilitated through persistent efforts, including communication with Messi's bodyguard Yassine Chueko., Yadil's story highlights the power of perseverance in connecting with sports idols.