ബ്രസീൽ ജയത്തിൽ ആറാടി ആരാധകർ; ലോകശ്രദ്ധയിൽ കോഴിക്കോട്ടെ പുതിയപാലം

കോഴിക്കോട്: ബ്രസീൽ പുറത്താകുന്ന ഒരു ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാനാകുമായിരുന്നില്ല കോഴിക്കോട് പുതിയപാലത്തുകാർക്ക്. കാരണം ബ്രസീലുകാരെപ്പോലെ രക്തത്തിൽ അലിഞ്ഞതായിരുന്നു അവിടെയുള്ളവരുടെ ഫുട്ബോൾ ഭ്രാന്ത്. കഴിഞ്ഞദിവസം ജപ്പാനുമായി നടന്ന തീപ്പാറും നോക്കൗട്ട് മത്സരം വീക്ഷിക്കാൻ ആബാലവൃദ്ധം ജനങ്ങളാണ് പുതിയപാലത്തെത്തിയത്.
ജപ്പാന്റെ ആദ്യ പകുതിയിലെ മുന്നേറ്റത്തിൽ അങ്ങേയറ്റം നിരാശരായും ബ്രസീലിന്റെ നേട്ടത്തിൽ ആറാടിയും പുതിയപാലം ആഘോഷിച്ചപ്പോൾ കഴിഞ്ഞ രാത്രി കോഴിക്കോട്ടുകാർക്ക് ലഭിച്ചത് ഒരു ഫുട്ബോൾ വിരുന്നുതന്നെയായിരുന്നു.
പുതിയപാലത്തെ ഫുട്ബോൾ ആഘോഷം അന്താരാഷ്ട്ര തലത്തിൽതന്നെ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഇതിന് പ്രധാന കാരണവും ബ്രസീൽ ഫാൻസാണ്. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരത്തിലെ പുതിയപാലത്തെ കാണികളുടെ വീഡിയോ കോൺഫെഡറേഷൻ ഓഫ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചതോടെയാണ് ലോകത്തിന്റെ ശ്രദ്ധയിലും പുതിയപാലത്തുകാർ എത്തിയത്.
പുതിയപാലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഗാലറിക്ക് സമാനമായ സ്‌ക്രീനിങ് ഒരുപക്ഷേ കേരളത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ സ്‌ക്രീനിങ്ങുകളിലൊന്നാണ്. ഫുട്ബോൾ മത്സരത്തിനൊപ്പം വിവിധ ആഘോഷപരിപാടികളുമായിട്ടാണ് ഈ ലോകകപ്പ് കാലം പുതിയപാലത്തുകാർ ആഘോഷിക്കുന്നത്. ഗാനമേളയും മറ്റു മത്സരപരിപാടികളുമെല്ലാമായി തീപ്പാറും പോരാട്ടം അടുക്കുന്തോറും ഇവിടെയുള്ള ആവേശവും തീപ്പാറുന്നു.
പുതിയപാലം പാലത്തിന് സമീപം 2,000 പേർക്കിരിക്കാവുന്ന ഗാലറിയിൽ 288 സ്‌ക്വയർഫീറ്റ് എൽ.ഇ.ഡി. വാളിൽ 5000 വാട്സ് സൗണ്ട് സിസ്റ്റത്തോടെയാണ് പ്രദർശനം. എല്ലാ ദിവസവും കലാപരിപാടികളും മത്സരങ്ങളുമുണ്ട്.
കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരുമടക്കം വൈകീട്ട് ഏഴുമണിയോടെ മിക്ക ദിവസങ്ങളിലും പുതിയപാലത്തെ ഗാലറിയിലെത്തും. പിന്നെ കളി കഴിഞ്ഞാണ് തിരിച്ചുപോക്ക്.
Content Highlights: Puthiyapalam residents created a massive stadium-like atmosphere for World Cup matches., The Brazilian Football Confederation shared a video of the Kozhikode fans on their official Instagram., The setup includes a 288 sq ft LED wall and a 5000-watt sound system for 2,000 spectators., The screening is accompanied by daily cultural programs and community activities.