ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പോരാട്ടത്തിന്; എതിരാളി ഇന്റർ കാശി

പുണെ: കഴിഞ്ഞ സീസണിൽ നനഞ്ഞ പടക്കം പോലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ പുതിയ ഉടമസ്ഥരുടെ കരുത്തിൽ മൈതാനത്ത് വമ്പൻ 'ബ്ലാസ്റ്റി'നാണ് ടീം കോപ്പുകൂട്ടുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനത്തിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന് തുടക്കമിടാമെന്നാണ് ടീമിന്റെ പ്രതീക്ഷ. ആദ്യമത്സരത്തിൽ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്റർ കാശിയെ നേരിടും. പുണെയിലെ ശ്രീ ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്സിൽ വൈകിട്ട് അഞ്ചുമണിക്കാണ് മത്സരം.
പുതിയ ഉടമകൾ പണമിറക്കിയതോടെ മികച്ച സ്‌ക്വാഡാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആകെയുള്ള പ്രശ്‌നം പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടിയില്ലെന്നതാണ്. എന്നാൽ, ഇന്ത്യൻ ഫുട്‌ബോളിനെ നന്നായി അറിയാവുന്ന, കഴിഞ്ഞ സീസണിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ടീമിന്റെ കളിതന്നെ മാറ്റിയ ഇംഗ്ലീഷ് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡിൽ ആരാധകർ ഏറെ പ്രതീക്ഷവെക്കുന്നുണ്ട്.
സന്തുലിതമാണ് ടീം. ഗോൾ കീപ്പറായി പരിചയസമ്പന്നനായ അമരീന്ദർ സിങ്ങുണ്ട്. പ്രതിരോധത്തിലേക്ക് കഴിഞ്ഞ സീസണിൽ മിന്നിയ സെനഗൽ താരം ഫാലോ എൻഡിയയെ നിലനിർത്തുകയും ഇംഗ്ലീഷ് താരം ജെയിംസ് ബോൾട്ടനെ എത്തിക്കുകയും ചെയ്തതോടെ കരുത്തേറി. അമയ് റാണവാഡ, ഹോർമിപാം, ഐബൻ ഡോഹ്ലിങ് എന്നിവരുമുണ്ട്. ബികാഷ് യുമ്നത്തിനേറ്റ പരിക്കാണ് ആകെയുള്ള തലവേദന. മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയൊപ്പം വിദേശതാരം നെബോയ്ഷ കൊസോവിച്ചും ഇന്ത്യൻ താരങ്ങളായ ഫ്രഡ്ഡി, സാഹിൽ ടവോറ എന്നിവരും മലയാളി താരങ്ങളായ വിബിൻ മോഹൻ, എബിൻദാസ് എന്നിവരും ചേരുമ്പോൾ മികച്ചതും ഭാവനാസമ്പന്നവുമാകും. മുന്നേറ്റനിരയിൽ മുൻ ആസ്റ്റൺവില്ല താരം ആന്ദ്രെ ഗ്രീനാണ് ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ട്. കൂട്ടിന് ഗിനി താരം മോമോ യാൻസനെയുമുണ്ട്. കോറു സിങ്, മുഹമ്മദ് യാസിർ, മലയാളി താരങ്ങളായ എം.എസ്. ശ്രീകുട്ടൻ, മുഹമ്മദ് സനാൻ എന്നിവർകൂടി ചേരുമ്പോൾ എതിർപ്രതിരോധം കുഴങ്ങും.
അതേസമയം സാമ്പത്തികപ്രതിസന്ധിയിലാണ് വാരാണസി ആസ്ഥാനമായ ഇന്റർ കാശി. അഞ്ചുമാസത്തിനിടെ അഞ്ചാംതവണ ഫിഫയുടെ ട്രാൻസ്ഫർവിലക്കും നേരിട്ടതോടെ കളിക്കാരെ കാര്യമായി ടീമിലെത്തിക്കാനായിട്ടില്ല. രണ്ടു വിദേശതാരങ്ങളെ എത്തിക്കാനുള്ള നീക്കമാണ് പുതിയ ട്രാൻസ്ഫർ വിലക്കിൽ പാളിയത്. സമ്പൂർണ ഇന്ത്യൻ സ്‌ക്വാഡുമായിട്ടാകും ടീം കളിക്കാനിറങ്ങുന്നത്.
Content Highlights: Kerala Blasters play their first ISL match against Inter Kashi., The match takes place in Pune at the Shree Chhatrapati Sports Complex at 5 PM on Sunday., Kerala Blasters feature a revamped squad under coach Ashley Westwood., Inter Kashi faces financial trouble and a FIFA transfer ban, relying on an all-Indian squad.