ബ്ലാസ്‌റ്റേഴ്‌സ് വിൽപനയ്ക്ക്; ടീമിൽ നിലനിൽക്കുന്നത് ലൂണ ഉൾപ്പെടെ 13 താരങ്ങൾ

#സിറാജ് കാസിം
ഐഎസ്എല്‍ മത്സരത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ | Photo: PTI
ഐഎസ്എല്‍ മത്സരത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ | Photo: PTI

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ കേരള ടീമായ ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ വിൽപ്പന ഏതാണ്ട് ഉറപ്പാകുന്നു. ക്ലബ് കൈമാറാൻ ഒരുക്കമാണെന്നു പ്രഖ്യാപിച്ച നിലവിലെ ഉടമകളായ മാഗ്‌നം സ്പോർട്സ് ലിമിറ്റഡ് ചർച്ച തുടരുകയാണ്. ആന്ധ്രാപ്രദേശ് ആസ്ഥാനമായ മാഗ്‌നം ഗ്രൂപ്പ് 100 ശതമാനം ഓഹരിയും കൈമാറാനുള്ള നീക്കത്തിലാണ്. സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സി.യുടെ ഉടമകളായ ഐ.ബി.എസ്. ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാനെത്തുന്നവരിൽ മുന്നിലുള്ളത്. നേരത്തേ ലുലു ഗ്രൂപ്പും താത്പര്യം പ്രകടിപ്പിച്ചെങ്കിലും അധികം മുന്നോട്ടുപോയില്ല.

ഐ.ബി.എസ്. ഗ്രൂപ്പ് ഉടമ വി.കെ. മാത്യൂസിന് താത്പര്യമുണ്ടെങ്കിലും തുകയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ടീമിന്റെ കട ബാധ്യത ഉൾപ്പെടെ 150 കോടിയിലേറെ രൂപയാണ് ഉടമകളായ മാഗ്‌നം ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. 60 കോടിമുതൽ 80 കോടിവരെയാണ് ഐ.ബി.എസ്. വാഗ്ദാനംചെയ്യുന്നത്. അതിനു മുകളിലേക്കുള്ള തുകയാണെങ്കിൽ പിന്മാറിയേക്കുമെന്നും സൂചനകളുണ്ട്.

ലൂണയും 12 പേരും

യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഉൾപ്പെടെ 13 താരങ്ങളുമായി ബ്ലാസ്റ്റേഴ്സിന്റെ കരാർ തുടരുന്നുണ്ട്. കഴിഞ്ഞ സീസണിലെ അനിശ്ചിതത്വംമൂലം ഇൻഡൊനീഷ്യയിലേക്ക് വായ്പയടിസ്ഥാനത്തിൽ പോയ ലൂണയാണ് ടീമിലുള്ള ഏക വിദേശതാരം.

സീസണിനു മുന്നോടിയായി അഡ്രിയാൻ ലൂണ കേരളത്തിൽ തിരിച്ചെത്തും. ഗോളി അർഷ് ഷെയ്ക്, പ്രതിരോധതാരങ്ങളായ ബികാഷ് യുമ്നം, ഹോർമിപാം, സുമിത് ശർമ, നവോച്ച സിങ്, സന്ദീപ് സിങ്, മിഡ്ഫീൽഡർമാരായ ലാൽതൻമാവിയ, ഫ്രെഡി, എബിൻ ദാസ്, വിബിൻ മോഹനൻ, മുന്നേറ്റതാരങ്ങളായ കോറോ സിങ്, എം.എസ്. ശ്രീക്കുട്ടൻ എന്നിവരും ബ്ലാസ്റ്റേഴ്‌സുമായി കരാർ തുടരുന്നു.

ഒരുക്കണം മികച്ച ടീം

നിലവിലെ ഉടമകൾ ടീം വിൽക്കാൻ തീരുമാനിച്ചതിനാൽ പുതിയ ഉടമകൾ ഉടനെയെത്തിയില്ലെങ്കിൽ ടീമിന്റെ കാര്യങ്ങൾ അവതാളത്തിലാകും. ഐ.എസ്.എല്ലിൽ കളിക്കാനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫീസിനത്തിൽ നൽകാനുള്ള ഒരു കോടി 10 ലക്ഷം രൂപയിൽ 55 ലക്ഷം രൂപ ആദ്യഗഡുവായി ബ്ലാസ്റ്റേഴ്സ് അടച്ചു. പുതിയ സീസണിന്റെ കരാർ കാര്യങ്ങളും ഒപ്പുവെച്ചു. മികച്ച ടീമിനെ ഒരുക്കാൻ വൻതുക ചെലവഴിക്കേണ്ടിവരും. നിലവിലെ ഉടമകൾ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് പുതിയ ഉടമകൾ വന്നാൽ താരവേട്ടയ്ക്കായി അവർക്ക് ഇറങ്ങേണ്ടിവരും.

Content Highlights: Magnum Sports is selling 100% of Kerala Blasters FC shares., IBS Group is the frontrunner for the acquisition., Disagreement over valuation: Owners seek 150cr+, IBS offers 60-80cr., 13 players, including Adrian Luna, remain under contract., Urgent need for new ownership to finalize squad recruitment for the upcoming season.