സന്തോഷ് ട്രോഫി ഫുട്ബോളിന് ആതിഥ്യമരുളാൻ കേരളം; വേദിയൊരുക്കാൻ അഞ്ച് ജില്ലകൾ പരിഗണനയിൽ

#സിറാജ് കാസിം
കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളവും പഞ്ചാബും തമ്മിലുള്ള സെമി ഫൈനലില്‍ നിന്ന്‌ | Photo: Mathrubhumi
കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളവും പഞ്ചാബും തമ്മിലുള്ള സെമി ഫൈനലില്‍ നിന്ന്‌ | Photo: Mathrubhumi

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിന് ഒരിക്കൽക്കൂടി ആതിഥ്യമരുളാൻ കേരളം. ചാമ്പ്യൻഷിപ്പ് കേരളത്തിൽ നടത്താൻ തയ്യാറാണെന്ന താത്പര്യം കേരള ഫുട്ബോൾ അസോസിയേഷൻ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചു. നിലവിലെ റണ്ണറപ്പുകളെന്ന നിലയിൽ അടുത്ത സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് കേരളം നേരിട്ട് യോഗ്യത നേടേണ്ടതാണ്. ഇത്തവണയും ആ നിയമത്തിൽ മാറ്റമില്ലെങ്കിൽ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ആതിഥ്യമരുളാനാണ് കേരളത്തിന്റെ ശ്രമം. ഇനി പഴയ നിയമംമാറ്റി ഇത്തവണ യോഗ്യതാ റൗണ്ട് മുതൽ കളിക്കേണ്ടതുണ്ടെങ്കിൽ കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലാ റൗണ്ടും അതിനുശേഷം ഫൈനൽ റൗണ്ടും കേരളത്തിൽ നടത്താനാണ് കെ.എഫ്.എ. ആലോചിക്കുന്നത്.

ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി കൊച്ചിയടക്കം അഞ്ച് വേദികളാണ് പരിഗണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ അസോസിയേഷനുകളും ടൂർണമെന്റ് നടത്താൻ താത്പര്യമുള്ളവരാണ്. 40,000-ത്തിലേറെ സിറ്റിങ് കപ്പാസിറ്റിയുള്ള കൊച്ചിക്ക് ടൂർണമെന്റിന്റെ വാണിജ്യപരമായ പിന്തുണാസാധ്യതകളും പ്ലസ് പോയിന്റാണ്. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ വാടക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ സഹായം ലഭിച്ചാൽ ടൂർണമെന്റ് കൊച്ചിയിൽ നടത്താനാണ് താത്പര്യം.

കൊച്ചി അല്ലെങ്കിൽ 35,000-ത്തോളം സിറ്റിങ് കപ്പാസിറ്റിയുള്ള കോഴിക്കോടിനാകും ടൂർണമെന്റ് അനുവദിക്കുന്നത്. 20,000-ത്തോളം സിറ്റിങ് കപ്പാസിറ്റിയുള്ള കണ്ണൂരും 14,000-ത്തോളം സിറ്റിങ് കപ്പാസിറ്റിയുള്ള മലപ്പുറവും ടൂർണമെന്റ് നടത്താൻ താത്പര്യത്തോടെയാണ് നിൽക്കുന്നത്. ടൂർണമെന്റിന് വേദിയൊരുക്കാൻ താത്പര്യമുള്ള തൃശ്ശൂരിന് പക്ഷേ, സിറ്റിങ് കപ്പാസിറ്റി 10,000-ത്തിൽ താഴെയാണെന്ന പരിമിതിയുണ്ട്.

താത്പര്യം അറിയിച്ചു

'സന്തോഷ് ട്രോഫി ഫുട്ബോളിന് വേദിയാകാനുള്ള താത്പര്യം ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ബിഡ് ക്ഷണിക്കുമ്പോൾ ഔദ്യോഗികമായി അത് നൽകാനാണ് കെ.എഫ്.എ. ഒരുങ്ങുന്നത്. ടൂർണമെന്റ് ലഭിച്ചാൽ വൈകാതെതന്നെ വേദിയുടെ കാര്യത്തിലും തീരുമാനമാകും.'- നവാസ് മീരാൻ, കെ.എഫ്.എ. പ്രസിഡന്റ്

Content Highlights: Kerala Football Association has officially expressed interest in hosting the 2026 Santosh Trophy., Five districts including Kochi, Kozhikode, Kannur, Malappuram, and Thrissur are being evaluated as venues., Kochi's Jawaharlal Nehru Stadium is a top contender due to its 40,000+ seating capacity., KFA is awaiting the official bid invitation from the All India Football Federation (AIFF)., Government support regarding stadium rental fees is a key factor for final venue selection.