ഹൂലിയൻ ആൽവരസ് ട്രാൻസ്ഫർ വിവാദം; ബാഴ്സലോണയ്ക്ക് പിഴയിട്ട് സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/ManagingBarca
Photo: x.com/ManagingBarca

മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കാൻ ഫെഡറേഷൻ ചട്ടങ്ങൾ ലംഘിച്ച് നീക്കം നടത്തിയതിന് എഫ്.സി ബാഴ്സലോണയ്ക്ക് പിഴയിട്ട് സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ. എഴുതി തയ്യാറാക്കിയ മുൻകൂർ അറിയിപ്പ് നൽകാതെയാണ് അത്ലറ്റിക്കോ മാഡ്രിഡുമായി 2030 ജൂൺ വരെ കരാറുള്ള ആൽവരസിനെ ബാഴ്സലോണ സമീപിച്ചതെന്ന് അത്ലറ്റിക്കോ ആരോപിച്ചിരുന്നു.

ഫെഡറേഷന്റെ ചട്ടങ്ങളിലെ ആർട്ടിക്കിൾ 133 ലംഘിച്ചതിന് ബാഴ്സലോണയ്ക്ക് 602 യൂറോ (ഏകദേശം 63,746 രൂപ) ആണ് സ്പാനിഷ് അസോസിയേഷൻ പിഴ വിധിച്ചത്. ഈ വിഷയത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഫിഫയ്ക്ക് പരാതി നൽകിയിരുന്നെങ്കിലും, കേസിൽ ഇടപെടാൻ തങ്ങൾക്ക് അധികാരപരിധിയില്ലെന്ന് ആഗോള ഫുട്‌ബോൾ ഭരണസമിതി വ്യക്തമാക്കുകയായിരുന്നു.

2026 ലോകകപ്പിനിടെ നൽകിയ അഭിമുഖത്തിൽ ബാഴ്സലോണയ്ക്കായി കളിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് ആൽവരസ് തുറന്നുപറഞ്ഞതോടെയാണ് ട്രാൻസ്ഫർ വിവാദങ്ങൾക്ക് തുടക്കമായത്. താരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ വിവിധ ശ്രമങ്ങൾ നടത്തിയിരുന്നു. ബാഴ്‌സ അധികൃതർ ആൽവരസുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇക്കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിലുടനീളം നീണ്ടുനിന്ന ഈ വിഷയം അത്ലറ്റിക്കോ ആരാധകരെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് സ്വന്തം മൈതാനത്ത് വെച്ച് ആൽവരസിനെതിരേ അത്‌ലറ്റിക്കോ ആരാധകർ കൂവിവിളിക്കുന്നതിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു. പിന്നീട് തന്റെ പരാമർശങ്ങളിൽ ആൽവരസ് അത്‌ലറ്റിക്കോ ആരാധകരോട് പരസ്യമായി മാപ്പു പറഞ്ഞിരുന്നു.

Content Highlights: Spanish Football Association fined Barcelona 602 Euros for violating transfer rules regarding Julian Alvarez., Atletico Madrid complained that Barcelona approached Alvarez without prior written notice., Alvarez previously expressed his dream to play for Barcelona during the 2026 World Cup.