'കൊലയാളി'യെന്ന് വിളിച്ച് അധിക്ഷേപം; ഗ്രൗണ്ടിലെ ദാരുണ സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം പൂട്ടി ഗോൾകീപ്പർ

സ്പാനിഷ് രണ്ടാം ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ ടെനറിഫെ താരം ജീസസ് ഡി മിഗ്വേൽ മരിച്ച സംഭവത്തിൽ താൻ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എഫ്സി അൻഡോറ ഗോൾകീപ്പർ ജീസസ് ഒവോനോ. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സംഭവിച്ചത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഒവോനോ വ്യക്തമാക്കി. മിഗ്വേലിന്റെ കുടുംബത്തേയും അദ്ദേഹത്തെ സ്നേഹിച്ചവരേയുമാണ് ഇപ്പോൾ ഓർക്കുന്നതെന്നും ക്ലബ്ബ് പുറത്തുവിട്ട പ്രസ്താവനയിൽ ഒവോനോ പറയുന്നു.
അതേസമയം ഈ ദാരുണസംഭവത്തിന് ശേഷം കടുത്ത സൈബർ ആക്രമണം നേരിടുന്ന ഒവോനോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു. ഒരു വിഭാഗം ആളുകൾ ഒവോനോയെ 'കൊലയാളി' എന്ന് വിളിച്ച്് അധിക്ഷേപിച്ചതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാം കളഞ്ഞത്.
തിങ്കളാഴ്ച നടന്ന മത്സരത്തിനിടെയാണ് ഇരുതാരങ്ങളും കൂട്ടിയിടിച്ചത്. മത്സരം 2-2ന് സമനിലയിൽ നിൽക്കെ ഇഞ്ചുറി ടൈമിൽ ലോങ് ബോൾ ക്ലിയർ ചെയ്യാനായി മുന്നോട്ടുവന്ന ഒവോനോയുടെ കാൽമുട്ട് മിഗ്വേലിന്റെ നെഞ്ചിലിടിക്കുകയായിരുന്നു. മൈതാനത്ത് ചലനമറ്റ നിലയിൽ വീണ മുപ്പതുകാരനായ മിഗ്വേലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒവോനോയ്ക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒവോനോയ്ക്കെതിരെ സൈബർ ആക്രമണമുണ്ടായത്.
എന്നാൽ താരത്തെ പിന്തുണച്ച് സഹതാരം ലൗട്ടാരോ സ്പാറ്റ്സ് രംഗത്തെത്തി. ഒവോനോ കടുത്ത മാനസികാഘാതത്തിലാണെന്നും ആരേയും മനഃപൂർവ്വം ഉപദ്രവിക്കുന്ന വ്യക്തിയല്ല ഒവോനോയെന്നും സ്പാറ്റ്സ് വ്യക്തമാക്കി. അതേസമയം മിഗ്വേലിന്റെ മരണത്തെ കുറിച്ച് സ്പാനിഷ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണങ്ങളിൽ സ്പെയ്നിൽ സാധാരണയായുണ്ടാകുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് പോലീസ് ഈ കേസ് പരിശോധിക്കുന്നത്.
Content Highlights: FC Andorra goalkeeper Jesus Owono describes the tragedy as the hardest period of his life., The incident involved a fatal on-field collision with Tenerife forward Jesus De Miguel., Owono faced online abuse before releasing an official statement expressing deep grief., Spanish National Police are investigating the circumstances as a standard procedure.