വീണ്ടും അസൂറികളുടെ കണ്ണീർ; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിനില്ല, ഷൂട്ടൗട്ടിൽ ബോസ്നിയയോട് തോറ്റു

#സ്പോർട്സ് ഡെസ്ക്
ഇറ്റാലിയൻ താരങ്ങളുടെ നിരാശ | AP
ഇറ്റാലിയൻ താരങ്ങളുടെ നിരാശ | AP

റോം: തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാതെ മുൻചാമ്പ്യന്മാരായ ഇറ്റലി. യൂറോപ്യൻ യോഗ്യതാ റൗണ്ട് പ്ലേഓഫ് ഫൈനലിൽ ബോസ്‌നിയയ്ക്ക് മുന്നിൽ വീണതോടെയാണ് അസൂറികളുടെ സ്വപ്‌നങ്ങൾ വീണുടഞ്ഞത്. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി തോറ്റത്. നാല് തവണ ലോകചാമ്പ്യന്മാരായ ഇറ്റലിക്ക്, 2014 ന് ശേഷം ലോകകപ്പിന് യോഗ്യത നേടാനായിട്ടില്ല.

ബോസ്‌നിയയ്‌ക്കെതിരേ കൂടി ജയിച്ചാൽ ലോകകപ്പിന് ടിക്കറ്റെടുക്കാമെന്നതിനാൽ കരുതലോടെയാണ് ഇറ്റലി തുടങ്ങിയത്. പന്തടക്കത്തോടെ ആധിപത്യം പുലർത്തിയ ടീം 15-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. മോയിസ് കീനാണ് അസൂറികൾക്കായി ലക്ഷ്യം കണ്ടത്. അതോടെ ടീമിന് ജയപ്രതീക്ഷ കൈവന്നു. എന്നാൽ 41-ാം മിനിറ്റിൽ പ്രതിരോധതാരം അലസ്രാൻഡ്രോ ബാസ്‌റ്റോണി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ആദ്യ പകുതി 1-0 ന് ഇറ്റലി മുന്നിട്ടുനിന്നു.

പത്തുപേരുമായിട്ടാണ് ഇറ്റലി രണ്ടാം പകുതി കളിക്കാനിറങ്ങിയത്. പ്രതിരോധം ഉറപ്പിച്ച് ഗോൾ വഴങ്ങാതെ ജയം പിടിച്ചെടുക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യം. അത് ഏറെക്കുറെ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. മത്സരത്തിന്റെ 78-ാം മിനിറ്റുവരെ ഇറ്റലി ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. എന്നാൽ 79-ാം മിനിറ്റിൽ കളി മാറി. ഹാരിസ് തബാക്കോവിച്ചിലൂടെ ബോസ്‌നിയ സമനില പിടിച്ചു. അതോടെ നിശ്ചിത സമയത്ത് കളി സമനിലയിലായി.

എക്‌സ്ട്കാ ടൈമിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ പക്ഷേ, ഇറ്റലിക്ക് അടിതെറ്റി. ആദ്യ മൂന്ന് കിക്കുകളിൽ ഒന്ന് മാത്രമാണ് ഇറ്റലിക്ക് വലയിലെത്തിക്കാനായത്. ബോസ്‌നിയയാകട്ടെ ആദ്യ നാല് കിക്കുകളും ലക്ഷ്യത്തിലെത്തിച്ച് ലോകകപ്പ് ടിക്കറ്റെടുത്തു.

നാല് തവണ ലോകകപ്പ് നേടിയ രാജ്യമാണ് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവനാതെ പുറത്താവുന്നത്. 1934, 1938, 1982, 2006 വർഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് ജേതാക്കളായിട്ടുളളത്. പങ്കെടുത്ത ആദ്യ ലോകകപ്പ് തന്നെ കിരീടം നേടിയായിരുന്നു ഇറ്റലി തുടങ്ങിയത്. 1934 ലെ രണ്ടാം ലോകകപ്പിൽ തന്നെ കിരീടം നേടി. പിന്നാലെ 1938 ലെ ലോകകപ്പിലും ഇറ്റലി ചാമ്പ്യൻമാരായി. 1958 ൽ ലോകകപ്പിന് യോഗ്യതനേടാതെ പുറത്തായതൊഴിച്ചാൽ മിക്ക ലോകകപ്പിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 1982 ൽ ജേതാക്കളായ ടീം 1970,1994 വർഷങ്ങളിൽ ഫൈനൽ വരെയെത്തിയെങ്കിലും കപ്പ് നേടാനായില്ല. 2006 ൽ ഇറ്റലി തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കി.

പിന്നീട് ഇറ്റലിയുടെ പതനമാണ് ഫുട്‌ബോൾ ലോകം കണ്ടത്. 2010, 2014 ലോകകപ്പുകളിൽ ഗ്രൂപ്പ് സ്റ്റേജുകളിൽ തന്നെ പുറത്തായ അസൂറികൾ 2018 ലോകകപ്പിന് യോഗ്യത പോലും നേടിയില്ല. 2022 ലും ടീമിന് യോഗ്യതനേടാനായില്ല. ഇക്കുറി യോഗ്യത നേടാനാകുമെന്ന് കണക്കുകൂട്ടിയെങ്കിലും പ്ലേ ഓഫ് ഫൈനലിൽ അടിതെറ്റിയത് പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അതോടെ മുൻ ചാമ്പ്യന്മാരുടെ ലോകകപ്പ് യോഗ്യതയ്ക്കായുള്ള കാത്തിരിപ്പിന് വീണ്ടും നീളമേറുകയാണ്.

Content Highlights: Italy eliminated from 2026 World Cup qualification after penalty shootout defeat to Bosnia., The Azzurri failed to qualify for the third consecutive time., Alessandro Bastoni received a red card in the 41st minute, impacting Italy's defensive strategy., Moise Kean scored the opening goal for Italy, but Haris Tabakovic equalized for Bosnia in the 79th minute., Italy's struggle to regain form since their 2006 World Cup triumph continues.