ഐഎസ്എൽ പ്രതിസന്ധി; ലൂണയ്ക്കു പിന്നാലെ നോഹ സദോയിയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ സൂപ്പർ താരം നോഹ സദോയ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. നേരത്തേ ക്യാപ്റ്റനും ടീമിലെ പ്രധാന താരവുമായി അഡ്രിയാൻ ലൂണയും ടീം വിട്ടിരുന്നു. ഇത്തവണ ക്ലബ്ബ് പുതുതായി എത്തിച്ച തിയാഗോ ആൽവസും ക്ലബ്ബുമായി വഴിപിരിഞ്ഞിരുന്നു.
ലോൺ അടിസ്ഥാനത്തിലാണ് നോഹ ടീം വിട്ടിരിക്കുന്നത്. വരുന്ന സീസണിൽ താരം ഇൻഡൊനീഷ്യൻ ക്ലബ്ബിനായി കളിക്കുമെന്നാണ് റിപ്പോർട്ട്. പരസ്പര ധാരണയോടെയാണ് നോഹയും ബ്ലാസ്‌റ്റേഴ്‌സും ലോൺ കരാറിലെത്തിയത്. 2026 മേയ് 31-വരെയാണ് നോഹയും ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ. താരം ഇനി ക്ലബ്ബിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
സൂപ്പർ ലീഗ് പ്രതിസന്ധിയിലായതോടെ ക്ലബ്ബുകളിൽനിന്ന് പ്രധാനതാരങ്ങൾ കൊഴിഞ്ഞുപോകാൻ തുടങ്ങി. എഫ്സി ഗോവയുടെ സ്പാനിഷ് താരങ്ങളായ ബോറിയ ഹെരേര, ഹാവിയർ സിവേറിയോ, ജംഷേദ്പുർ എഫ്സിയുടെ സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസ്, ബെംഗളൂരു എഫ്സിയുടെ സ്പാനിഷ് മുന്നേറ്റനിരക്കാരൻ എഡ്ഗാർ മെൻഡസ് എന്നിവർ ഇതിനകം ക്ലബ് വിട്ടു. ബെംഗളൂരു എഫ്സി പരിശീലകൻ ജെറാർഡ് സരഗോസയും കരാർ അവസാനിപ്പിച്ച് മടങ്ങി. തിയാഗോ അൽവെസുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിരുന്നു. അതിനുശേഷമാണ് ലൂണയെ വിട്ടത്.
Content Highlights: Kerala Blasters face player exodus amid ISL uncertainty. Noah Sadaoui and Adrian Luna depart, impacting team`s future. Learn more.