അതെങ്ങനെ ഓഫ് സൈഡായി? ഇറാന്റെ നെഞ്ചുതകർത്ത ആ ഗോൾ റദ്ദാക്കിയതിനു പിന്നിലെ കളിനിയമം ഇങ്ങനെ

#സ്പോർട്സ് ഡെസ്ക്
ഇറാൻ നേടിയ ഗോളിന്റെ വാർ പരിശോധന. പിന്നാലെ ഈ ഗോൾ റദ്ദാക്കി
ഇറാൻ നേടിയ ഗോളിന്റെ വാർ പരിശോധന. പിന്നാലെ ഈ ഗോൾ റദ്ദാക്കി

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിൽ ഈജിപ്തിനെതിരേ വീറുറ്റ പ്രകടനമാണ് ഇറാൻ നടത്തിയത്. ഈജിപ്ത് ഗോൾ മുഖത്ത് ഏറെ അപകടങ്ങൾ വിതയ്ക്കാനായെങ്കിലും വിജയഗോൾ കണ്ടെത്താൻ സാധിക്കാത്തത് ഇറാന് തിരിച്ചടിയായി.  ആദ്യപകുതിയിൽ ഇരുടീമും നേടിയ ഗോളുകളോടെ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. 5-ാം മിനിറ്റിൽ മഹ്‌മൂദ് സബറിന്റെ ഗോളിലൂടെ ഈജിപ്ത് ലീഡ് നേടി. റാമിൻ റെസായിയുടെ ഗോളിലൂടെ ഇറാൻ സമനില പിടിച്ചു. ഇതോടെ ഗ്രൂപ്പിൽനിന്ന് ബെൽജിയം ഒന്നാമതായും ഈജിപ്ത് രണ്ടാമതായും നോക്കൗട്ടിലേക്ക് കടന്നു. ഇറാന്റെ നോക്കൗട്ട് ഭാവി വരാനിരിക്കുന്ന മത്സരങ്ങളെ ആശ്രയിച്ചിരിക്കും.

മത്സരത്തിന്റെ 93-ാം മിനിറ്റിൽ ഷോജ ഖലീൽസാദെ ഈജിപ്ത് ഗോൾകീപ്പർ മുസ്തഫ ഷോബീറിനെ മറികടന്ന് ഷോട്ട് ഉതിർത്തത് ഇറാൻ ക്യാമ്പിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഇൻജുറി ടൈമിൽ ഇറാൻ അവിശ്വസനീയമായി ജയിച്ചുകയറിയെന്ന് തോന്നിച്ച നിമിഷമായിരുന്നു അത്. എന്നാൽ വാർ പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്ന് കണ്ടെത്തി ഗോൾ റദ്ദാക്കുകയായിരുന്നു.

അതിനിടെ ഈ ഓഫ്‌സൈഡ് തീരുമാനം വലിയ വിവാദങ്ങൾക്കും വഴിവെച്ചു. എന്നാൽ ഫുട്‌ബോളിലെ ഓഫ്സൈഡ് നിയമത്തിന്റെ കൃത്യമായ പ്രയോഗമാണ് ഇവിടെ നടന്നത്.

ആരാധകർക്ക് ചിലപ്പോൾ ഈ തീരുമാനം തെറ്റാണെന്ന് തോന്നാമെങ്കിലും, ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡിന്റെ (ഐ.എഫ്.എ.ബി.) ഓഫ്‌സൈഡ് നിയമം (Law 11.1) കൃത്യമായി പാലിക്കുകയാണ് ഇവിടെ ചെയ്തത്. നിയമപ്രകാരം, പന്തിനേക്കാളും എതിർ ടീമിലെ ‘അവസാനത്തെ രണ്ടാമത്തെ കളിക്കാരനേക്കാളും’ (second-last opponent) എതിർ ഗോൾ ലൈനിനോട് അടുത്ത് ഒരു താരം നിൽക്കുകയാണെങ്കിൽ അത് ഓഫ്‌സൈഡ് ആണ്.

സാധാരണ സാഹചര്യങ്ങളിൽ ഗോൾകീപ്പർ ആണ് ഏറ്റവും അവസാനത്തെ ആൾ, അദ്ദേഹത്തിന് തൊട്ടുമുന്നിലുള്ള ഡിഫൻഡർ അവസാനത്തെ രണ്ടാമത്തെ ആളും. എന്നാൽ ഈ മത്സരത്തിൽ ഗോൾകീപ്പർ ഷോബിയർ ഗോൾ പോസ്റ്റ് വിട്ട് മുന്നിലേക്ക് വന്നതോടെ, ഡിഫൻഡറായ ഇബ്രാഹിം ഏറ്റവും അവസാനത്തെ ആളായി മാറി. അപ്പോൾ അവസാനത്തെ രണ്ടാമത്തെ കളിക്കാരൻ ഹംസ അബ്ദുൽ കരീം ആയിരുന്നു. ഖലീൽസാദെ അബ്ദുൽ കരീമിന് മുന്നിലായിരുന്നതിനാൽ നിയമപരമായി അത് ഓഫ്‌സൈഡ് ആയി മാറി. ആ ഗോൾ റദ്ദാക്കുകയും ചെയ്തു.