പെനാൽറ്റി നഷ്ടപ്പെടുത്തി മെസ്സി, മയാമിക്ക് വൻ തോൽവി; റഫറിയെ പരിഹസിച്ച് അർജന്റീന നായകൻ | VIDEO

ഡാലസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് തോൽവി. നാഷ്‌വില്ലെയാണ് മെസ്സിയെയും സംഘത്തെയും തോൽപ്പിച്ചത്. ഒന്നിനെതിരേ നാലുഗോളുകൾക്കാണ് തോൽവി. മത്സരത്തിൽ ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തി.
എംഎൽഎസ് ഈസ്‌റ്റേൺ കോൺഫറൻസ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നത്. ഇരുടീമുകൾക്കും നിർണായകമായിരുന്നു മത്സരം. മെസ്സിക്ക് പുറമേ ലൂയിസ് സുവാരസ്, കാസമിറോ, റോഡ്രിഗോ ഡി പോൾ തുടങ്ങിയ സൂപ്പർ താരങ്ങളും മയാമി നിരയിലുണ്ടായിരുന്നു. എന്നാൽ മത്സരം ആരംഭിച്ച് 17-ാം മിനിറ്റിൽ തന്നെ മയാമിയെ ഞെട്ടിച്ച് നാഷ്‌വില്ലെ ലീഡെടുത്തു. ആൻഡി നാജറാണ് ലക്ഷ്യം കണ്ടത്. 23-ാം മിനിറ്റിൽ മയാമിക്ക് തിരിച്ചടിക്കാനുള്ള അവസരം ലഭിച്ചു. പെനാൽറ്റി കിട്ടിയെങ്കിലും കിക്കെടുത്ത മെസ്സിക്ക് പിഴച്ചു. നാഷ്‌വില്ലെ ഗോളി ബ്രയാൻ ഷ്വാക്കെ തട്ടിയകറ്റി. പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനാവാതെ മെസ്സി വീണ്ടും നിരാശപ്പെടുത്തി. കഴിഞ്ഞ ലോകകപ്പിൽ രണ്ട് തവണയാണ് മെസ്സി പെനാൽറ്റി പാഴാക്കിയത്.
Lionel Messi missed a penalty again 🥹 pic.twitter.com/HjH3r8UR7B
— MC (@CrewsMat10) August 16, 2026
എന്നാൽ, മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കും മുൻപ് മെസ്സിയുടെ അസിസ്റ്റിൽ ടെലസ്‌കോ സെഗോവിയ വലകുലുക്കി. അതോടെ 1-1 നാണ് ആദ്യപകുതി അവസാനിച്ചത്. രണ്ടാം പകുതിയിൽ പക്ഷേ നാഷ്‌വില്ലെ പിടിമുറുക്കി. മയാമി വലയിൽ മൂന്നുതവണയാണ് നാഷ്‌വില്ലെ പന്തെത്തിച്ചത്. 49-ാം മിനിറ്റിലും 63-ാം മിനിറ്റിലും ഹാനി മുക്താർ ലക്ഷ്യം കണ്ടപ്പോൾ 56-ാം മിനിറ്റിൽ സാം സുറിഡ്ജും ഗോൾ നേടി. അതോടെ മയാമി വൻ തോൽവിയോടെ മടങ്ങി.
🚨 𝗡𝗘𝗪: Lionel Messi mocking & disrespectfully clapping the referee after receiving a rightful yellow card.
Is the "humble" gimmick finally coming to an end? 🇦🇷❌️pic.twitter.com/emSkofAahv— 𝐓𝐌 𝐅Ú𝐓𝐁𝐎𝐋 (@TMfutbal) August 16, 2026
അതേസമയം മത്സരത്തിൽ മെസ്സിക്ക് മഞ്ഞക്കാർഡും ലഭിച്ചു. ഫൗൾ നൽകാത്തത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് റഫറി കാർഡ് കൊടുത്തത്. എന്നാൽ മെസ്സി അതൃപ്തി മറച്ചുവെച്ചില്ല. മഞ്ഞക്കാർഡ് നൽകുമ്പോൾ കൈയടിച്ച് റഫറിയെ പരിഹസിക്കുന്ന അർജന്റീന നായകനെയാണ് മൈതാനത്ത് കാണുന്നത്.
Content Highlights: nter Miami lost 4-1 to Nashville SC in a crucial MLS match., Lionel Messi missed a penalty kick in the first half