അടി, പൊരിഞ്ഞ അടി, രണ്ട് പേർക്ക് ചുവപ്പ് കാർഡ്; മെസ്സി ഗോളടിച്ചിട്ടും മയാമിക്ക് സമനില

#സ്പോർട്സ് ഡെസ്ക്
ലയണൽ മെസ്സി | Getty Images via AFP, താരങ്ങൾ ഏറ്റുമുട്ടുന്നു | X.com/@ItsAToddLife
ലയണൽ മെസ്സി | Getty Images via AFP, താരങ്ങൾ ഏറ്റുമുട്ടുന്നു | X.com/@ItsAToddLife

ഡാലസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് സമനില. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഇരുടീമിലെയും താരങ്ങൾ ഏറ്റുമുട്ടി. രണ്ട് പേർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഫിലാഡെൽഫിയയാണ്. 11-ാം മിനിറ്റിൽ ഇൻഡിയാന വാസിലേവാണ് ഫിൽഡെൽഫിയയെ മുന്നിലെത്തിച്ചത്. എന്നാൽ പത്ത് മിനിറ്റിന് ശേഷം മയാമി സമനില ഗോൾ കണ്ടെത്തി. 21-ാം മിനിറ്റിൽ ഡാനിയേൽ പിന്റർ വലകുലുക്കി. മെസ്സി തുടങ്ങിവെച്ച നീക്കത്തിൽ നിന്നാണ് ഗോൾ പിറന്നത്. 26-ാം മിനിറ്റിൽ മെസ്സി മയാമിയെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞാണ് മെസ്സി ഗോളടിച്ചത്. ആദ്യ പകുതി 2-1ന് മയാമി മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഫിലാഡെൽഫിയ ഉണർന്നുകളിച്ചു. മയാമി ബോക്‌സിൽ പലതവണ ഫിലാഡെൽഫിയ മുന്നേറ്റം ഇരച്ചുകയറി. ഒടുക്കം 58-ാം മിനിറ്റിൽ സമനിലഗോളും നേടി. നീൽ പിയേറയാണ് സ്‌കോറർ. വിജയഗോൾ കണ്ടെത്താൻ മെസ്സിയും സംഘവും ആവുന്നത്ര ശ്രമിച്ചിട്ടും പ്രതിരോധം മറികടക്കാനായില്ല. ഫിലാഡെൽഫിയ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാൽ വാർ ഗോൾ നിഷേധിച്ചു.

മത്സരം അവസാനിക്കാനിരിക്കേ ഇഞ്ചുറി ടൈമിൽ ഇരുടീമിലെയും കളിക്കാർ ഏറ്റുമുട്ടി. ഫിലാഡെൽഫിയ നടത്തിയ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ഫിലാഡെൽഫിയയുടെ കവാൻ സുള്ളിവാനും മയാമിയുടെ യാനിക് ബ്രൈറ്റും തമ്മിൽ കയ്യാങ്കളി നടന്നു. പൊരിഞ്ഞ അടിയിലേക്ക് നീങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നാലെ റഫറി ഇരുതാരങ്ങൾക്കും ചുവപ്പ് കാർഡ് നൽകി. പിന്നാലെ മത്സരം സമനിലയിൽ അവസാനിച്ചു.

Content Highlights: Lionel Messi scored a brilliant goal for Inter Miami in the MLS match., The match ended in a 2-2 draw between Inter Miami and Philadelphia