ഇന്ത്യന്‍ ടീമിലെ മല്ലു സ്‌ക്വാഡ്; ഛേത്രിയുടെയും സംഘത്തിന്റെയും സുരക്ഷയും ആരോഗ്യവും ഇവരുടെ കൈകളില്‍

ഡോ. ഷെർവിൻ ഷെരീഫ്‌, ജിജി ജോർജ്‌, മൈക്കിൾ ആൻഡ്രൂസ്‌ എന്നിവർ അൽ ഇഗ്ലയിലെ ഇന്ത്യൻ ടീമിന്റെ പരിശീലന മൈതാനത്ത്‌
ഡോ. ഷെർവിൻ ഷെരീഫ്‌, ജിജി ജോർജ്‌, മൈക്കിൾ ആൻഡ്രൂസ്‌ എന്നിവർ അൽ ഇഗ്ലയിലെ ഇന്ത്യൻ ടീമിന്റെ പരിശീലന മൈതാനത്ത്‌

ജനുവരി ശൈത്യത്തില്‍ പുതച്ചുനില്‍ക്കുന്ന അല്‍ ഇഗ്ലയിലെ മൈതാനത്തേക്ക് ഛേത്രിയും ജിംഗാനും ചാങ്തേയും വാം അപ്പിനിറങ്ങുമ്പോള്‍ അരികില്‍ അവരുണ്ടായിരുന്നു. എറണാകുളത്തുകാരന്‍ മൈക്കിള്‍ ആന്‍ഡ്രൂസും തൃശ്ശൂരുകാരന്‍ ജിജി ജോര്‍ജും ചാവക്കാട്ടുകാരന്‍ ഷെര്‍വിന്‍ ഷെരീഫും. ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ 'സുരക്ഷ'യും 'ആരോഗ്യ'വും ഇവരുടെ കൈയിലാണ്. മൈക്കിള്‍ ആന്‍ഡ്രൂസ് ഇന്ത്യന്‍ ടീമിന്റെ സെക്യൂരിറ്റി ഓഫീസറാണെങ്കില്‍ ഷെര്‍വിന്‍ ടീം ഡോക്ടറും ജിജി ഫിസിയോയുമാണ്. ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍കഴിഞ്ഞ അഭിമാനത്തിലാണിവര്‍.

ഫിഫ റഫറിയായി 40-ലേറെ അന്താരാഷ്ട്ര മത്സരങ്ങളും അഞ്ഞൂറിലേറെ ആഭ്യന്തര മത്സരങ്ങളും നിയന്ത്രിച്ച മൈക്കിള്‍ സെക്യൂരിറ്റി ഓഫീസറായും തിരക്കിലാണ്. വനിതാ ഏഷ്യന്‍ കപ്പിലും അണ്ടര്‍-17 ഫിഫ വനിതാ ലോകകപ്പിലും ടീം ഇന്ത്യയുടെ സെക്യൂരിറ്റി ഓഫീസറായിരുന്നു മൈക്കിള്‍. ''യാത്രകളിലും പരിശീലനവേദിയിലും കളിക്കിടയിലും ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് എന്റെ ജോലി. അവര്‍ സഞ്ചരിക്കുന്ന റൂട്ടുകളും പരിപാടികളുമൊക്കെ കൃത്യമായി മനസ്സിലാക്കി ആസൂത്രണം ചെയ്ത് വേണം ടീമിനെ അയക്കാന്‍.''

20 വര്‍ഷമായി കേരള ഫുട്ബോള്‍ റഫറീസ് അസോസിയേഷന്‍ സെക്രട്ടറികൂടിയാണ് മൈക്കിള്‍. ഗവ. ഡോക്ടറായി കോഴിക്കോട്ട് ജോലിചെയ്യുന്ന ഷെര്‍വിന്‍ എം.ബി.ബി.എസിനുശേഷം എന്‍.ഐ.എസ്. പട്യാലയില്‍നിന്ന് സ്പോര്‍ട്സ് മെഡിസിനില്‍ പി.ജി. നേടി. ഫിഫയുടെ ഫുട്ബോള്‍ മെഡിസിന്‍ ഡിപ്ലോമയും നേടി.

കഴിഞ്ഞ ഏഷ്യന്‍ കപ്പിലും ഏഷ്യന്‍ ഗെയിംസിലും ടീം ഇന്ത്യയുടെ ഡോക്ടറായിരുന്നു. ''കളിക്കാരെ ഫിറ്റായി നിലനിര്‍ത്തലാണ് ഞങ്ങളുടെ ജോലി. എല്ലാ ദിവസവും അവരുടെ ഇഞ്ചുറി, ഹെല്‍ത്ത് സ്റ്റാറ്റസ് പരിശോധിക്കും. മസിലുകളുടെ റേഞ്ചും ശക്തിയും പരിശോധിച്ച് ദിവസേന കോച്ചിന് റിപ്പോര്‍ട്ട് നല്‍കണം. അതനുസരിച്ചാണ് കോച്ച് കളിക്കാരെ തിരഞ്ഞെടുക്കുന്നത്.'' - ഷെര്‍വിന്‍ പറഞ്ഞു.

തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചീഫ് ഫിസിയോ തെറാപ്പിസ്റ്റായ ജിജി 2004-ലെ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനൊപ്പമാണ് ഫുട്ബോളിലേക്ക് വരുന്നത്. 2011-ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ പാകിസ്താനെതിരായ മത്സരത്തിലൂടെ ഇന്ത്യയുടെ ഫിസിയോ ആയി. ''അന്ന് ഒരു ഗോളിന് പിന്നില്‍നിന്നശേഷം നമ്മള്‍ 3-1ന് ജയിച്ചു. അന്ന് കളിക്കിടെ തലയ്ക്ക് പരിക്കേറ്റ സുനില്‍ ഛേത്രിക്ക് എട്ടു തുന്നലിട്ടാണ് തിരികെ കളത്തിലേക്ക് കൊണ്ടുവന്നത്. കോച്ച് ബോബ് ഹൂട്ടന്റെ അവസാനമത്സരമെന്നനിലയിലും ആ കളി മറക്കാനാകില്ല.'' - ജിജി പറയുന്നു.

Content Highlights: indian football team safety and health staffs