ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ; 7 വര്‍ഷത്തിനിടയിലെ മോശം റാങ്ക്

ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ 15 സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. 2023 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഖത്തറില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും തോറ്റ ഇന്ത്യ, ഒരു ഗോള്‍ പോലും നേടാതെയാണ് മടങ്ങിയത്. 2017 ജനുവരിയില്‍ 129-ാം സ്ഥാനത്തേക്ക് വീണശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. 2015-ല്‍ 173-ാം സ്ഥാനത്തേക്ക് വീണതാണ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്.
ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തോടെ 35.63 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ഏഷ്യന്‍ റാങ്കിങ്ങില്‍ ഇന്ത്യ 22-ാം സ്ഥാനത്തായി. അതേസമയം ഏഷ്യന്‍കപ്പ് ജേതാക്കളായ ഖത്തറും റണ്ണറപ്പായ ജോര്‍ദാനും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഖത്തര്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തിയപ്പോള്‍ ജോര്‍ദാന്‍ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70-ാം സ്ഥാനത്തെത്തി.
Content Highlights: indian football team drop 15 places to 117th in fifa rankings