ബ്രസീൽ വന്നിട്ടും സ്റ്റേഡിയത്തിൽ ആളില്ല, ഇന്ത്യ-യുറഗ്വായ് മത്സരത്തിന് 199 രൂപയ്ക്ക് ടിക്കറ്റുകൾ

കൊൽക്കത്ത: പാനമയ്ക്കും ബ്രസീലിനും ശേഷം യുറഗ്വായുമായുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം മുൻ ലോക ചാമ്പ്യന്മാരുമായി ഏറ്റുമുട്ടി പരിശീലിക്കുകയാണ്. എന്നാൽ കളിക്കളത്തിൽ മികച്ചുനിൽക്കുന്നുണ്ടെങ്കിലും ഗാലറിയിൽ ആളെത്താത്തത് ഇന്ത്യൻ ഫുട്‌ബോളിന് തന്നെ തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ബ്രസീലിനെതിരായ മത്സരത്തിൽ പോലും പകുതി കാണികൾ മാത്രമാണുണ്ടായിരുന്നു. ഇപ്പോഴിതാ യുറഗ്വായ്‌ക്കെതിരായ മത്സരത്തിൽ ടിക്കറ്റിന്റെ വില കുറച്ചിരിക്കുകയാണ് എഐഎഫ്എഫ്.
ഒക്ടോബർ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിലെ സ്‌റ്റേഡിയത്തിലെ ചില ടിക്കറ്റുകൾക്ക് വില കുറച്ചതായി ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. സി2 ലെഫ്റ്റ്, സി2 റൈറ്റ് ബ്ലോക്കുകളിലാണ് വില കുറച്ചത്. ഈ ബ്ലോക്കുകളിൽ ടിക്കറ്റുകൾ വെറും 199 രൂപയ്ക്ക് ലഭിക്കും. നേരത്തേ 1,999 രൂപ വിലയുണ്ടായിരുന്ന ടിക്കറ്റുകളാണ് 199 രൂപയ്ക്ക് നൽകുന്നത്. ഡിസ്ട്രിക്ട് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ വാങ്ങാം.
Ticket price update for 🇮🇳🆚🇺🇾
Get tickets on https://t.co/EWNP1YWpEK 🎟️ #INDURU #IndianFootball pic.twitter.com/th1T2iU9UT— Indian Football (@IndianFootball) October 4, 2026
ടിക്കറ്റുകളുടെ വലിയ വില കാരണം കാണികൾ സ്റ്റേഡിയത്തിലേക്ക് വരാത്ത സാഹചര്യം പരിഗണിച്ചാണ് വില കുറച്ചതെന്നാണ് സൂചന. ലോകഫുട്‌ബോളിലെ മിന്നുംതാരങ്ങളായ വിനീഷ്യസ് ജൂനിയറും എൻഡ്രിക്കും മാർക്വീന്യോസുമെല്ലാമടങ്ങുന്ന താരപ്പട എത്തിയിട്ടും കഴിഞ്ഞദിവസം സാൾട്ട് ലേക്ക് സ്റ്റേഡിയം നിറഞ്ഞില്ല. സ്റ്റേഡിയത്തിൽ പകുതിയോളം കാണികളാണുണ്ടായിരുന്നത്. കൊൽക്കത്ത ക്ലബ്ബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കളിക്കുമ്പോൾ നിറയുന്ന സ്‌റ്റേഡിയമാണിത്.
മത്സരത്തിന്റെ തലേന്നും നഗരത്തിൽ ആവേശമുണ്ടായിരുന്നില്ല. ലോകകപ്പ് നടക്കുമ്പോൾ ബ്രസീലിയൻ പതാകകൾ ഉയർത്തി ആവേശംകൊള്ളാറുള്ള ആരാധകർ സാക്ഷാൽ ബ്രസീൽ ടീം നഗരത്തിലെത്തിയപ്പോൾ ആവേശമുയർത്താനെത്തിയില്ല.
Content Highlights: AIFF reduced ticket prices for the India vs Uruguay match