കളി മുറുകും; ഇന്ത്യക്ക് ഇന്ന് യുറഗ്വായ് പരീക്ഷ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
പരിശീലനത്തിനിടെ യുറഗ്വായ് താരങ്ങള്‍ | Photo: PTI
പരിശീലനത്തിനിടെ യുറഗ്വായ് താരങ്ങള്‍ | Photo: PTI

കൊൽക്കത്ത: ബ്രസീലുമായുള്ള ചരിത്രമത്സരത്തിനുശേഷം മറ്റൊരു ലാറ്റിനമേരിക്കൻ ശക്തിയായ യുറഗ്വായിയുമായി ഏറ്റുമുട്ടാൻ ഇന്ത്യൻ ഫുട്‌ബോൾ സംഘം. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്. നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണ് ഇരുടീമുകളും നേർക്കുനേർവരുന്നത്.

1982-ലെ ആദ്യ നെഹ്‌റു കപ്പിലായിരുന്നു ഇന്ത്യ-യുറഗ്വായ് ആദ്യമത്സരം. അതിനും വേദിയായത് കൊൽക്കത്ത. ഈഡൻ ഗാർഡൻസിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് യുറഗ്വായ് ജയിച്ചു. മാനസ് ഭട്ടാചാര്യയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസഗോൾ. ലോകകപ്പിൽ കളിച്ച യുറഗ്വായ് താരം എൻസോ ഫ്രാൻസെസ്‌കോലിയുടെ അരങ്ങേറ്റമത്സരംകൂടിയായിരുന്നു അത്.

അണിനിരക്കുന്നത് വൻതാരനിര

ഇടക്കാല കോച്ചായ ഡീഗോ ഫോർലാന്റെ നേതൃത്വത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന യുറഗ്വായിയുടെ നായകൻ പരിചയസമ്പന്നനായ പ്രതിരോധഭടൻ ഹിമെനെസ് ആണ്. മുൻ മുംബൈ സിറ്റി താരമായ ഫോർലാന് ഇന്ത്യൻ ടീമിലെ കളിക്കാരെ നന്നായി അറിയാമെന്നത് യുറഗ്വായിക്ക് മെച്ചമാവും.

പ്രതിരോധത്തിൽ റൊണാൾഡ് അറാവുഹോ, മധ്യനിരയിൽ അറാസ്‌കയേറ്റ, ആക്രമണത്തിൽ ഡാർവിൻ നൂനെസ് എന്നിവരാണ് ശ്രദ്ധാകേന്ദ്രങ്ങൾ. ബ്രസീൽ മത്സരത്തിൽ റാഫിന്യയെപ്പോലെ യുറഗ്വായ് മത്സരത്തിൽ ഫ്രെഡറിക്കോ വാൽവെർദെയും കൊൽക്കത്ത കാണികൾക്ക് നഷ്ടമാവും. പരിക്കുതന്നെ വില്ലൻ. ടീമിലെ പകുതിതാരങ്ങളും യൂറോപ്യൻ ലീഗുകളിലെ ഒന്നാംനിര ക്‌ളബ്ബുകൾക്കുവേണ്ടി കളിക്കുന്നവരാണ്.

ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനക്കാരായ യുറഗ്വായിക്ക് അടുത്തകാലത്തായി അത്രനല്ല സമയമല്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ പ്രാഥമികഘട്ടം പിന്നിടാനായില്ല. ജപ്പാനോടുള്ള സൗഹൃദമത്സരത്തിൽ തോൽക്കുകയും ചെയ്തു (3-1). എന്നാൽ, ദക്ഷിണകൊറിയക്കെതിരേയുള്ള മത്സരം 4-1 സ്‌കോറിൽ ജയിച്ചത് അവർക്ക് ആത്മവിശ്വാസം നൽകും.

ബ്രസീലിയൻ പാഠങ്ങളുമായി ഇന്ത്യ

മറുവശത്ത് ബ്രസീലിനെതിരായ കളിയിലെ അനുഭവപാഠങ്ങൾ ഇന്ത്യൻ ടീമിന് കരുത്തുപകരേണ്ടതാണ്. നാലുഗോളിന്റെ വ്യത്യാസത്തിൽ തോറ്റെങ്കിലും വിനിഷ്യസിനെ തടയാനായതും മുന്നേറ്റത്തിൽ സമ്മർദംചെലുത്തി മൂന്ന് കോർണറുകൾ നേടാനായതും നല്ലലക്ഷണങ്ങളാണ്. ബ്രസീലിനെതിരേ ആദ്യ ഗോൾ വീഴുംവരെയുള്ള അരമണിക്കൂർ ഇന്ത്യ ഭേദപ്പെട്ട കളി കാഴ്ചവെച്ചുവെന്ന് ആഞ്ചലോട്ടിയും ഇന്ത്യക്കും ചില നല്ലസന്ദർഭങ്ങൾ മത്സരത്തിലുണ്ടായിരുന്നെന്ന് ഫോർലാനും പറഞ്ഞത് കളിക്കാർക്ക് ആത്മവിശ്വാസം നൽകിയേക്കും.

ഗോൾ കീപ്പിങ്ങിൽ പിഴവുകൾ വരുത്തിയ ഗുർപ്രീതിനെതിരേ വിമർശനമുണ്ടെങ്കിലും ഒന്നോ രണ്ടോ പിഴവുകളുടെപേരിൽ ഇന്ത്യയുടെ മികച്ച ഗോളികളിലൊരാളെ തള്ളിപ്പറയാനില്ലെന്നാണ് പരിശീലകൻ ഖാലിദ് ജമീലിന്റെ നിലപാട്. കഴിഞ്ഞകളിയിൽ ഗോൾമുഖത്തിനടുത്തുവരെമാത്രം എത്താൻകഴിഞ്ഞ മൻവീറും റയാൻ വില്യംസും കൂടുതൽ കൃത്യതയും വേഗവും കാട്ടിയാൽമാത്രമേ ഇന്ത്യക്ക് അക്കൗണ്ട് തുറക്കാനാവൂ.

ഇന്ത്യ-ബ്രസീൽ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് നിരക്കുകൂടിയെന്ന വിമർശനത്തെത്തുടർന്ന് യുറഗ്വായ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ കുറച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി മേഘാവൃതമായ അന്തരീക്ഷമുണ്ട് കൊൽക്കത്തയിൽ. ഞായറാഴ്ച മഴമൂലം യുറഗ്വായിയുടെ പരിശീലനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.

Content Highlights: India faces Uruguay in an international friendly at Salt Lake Stadium, Kolkata., First meeting between the two teams in four decades since the 1982 Nehru Cup., Uruguay coached by Diego Forlan features star players like Darwin Nunez and Gimenez., India looks to bounce back using lessons from their recent match against Brazil.